കൊവിഡ് മരണങ്ങൾ: മയ്യത്ത് സംസ്കരണത്തിന് വഴിയുണ്ടാക്കണം സമസ്ത.

0
788

കൊവിഡ് ബാധിച്ച് മരണപ്പെടുന്ന മൃതദേഹങ്ങൾക്ക് അർഹിക്കുന്ന ആദരവ് നൽകി സംസ്കരിക്കാനുള്ള നടപടിയുണ്ടാകണം. ജീവിതകാലം മുഴുവൻ മത വിശ്വാസങ്ങളും ആചാരങ്ങളും പാലിച്ചുകൊണ്ട് ജീവിച്ച ആളെ രോഗം ബാധിച്ച് മരിക്കുന്നതോടെ മൃഗങ്ങളെ കുഴിച്ചിടുന്ന വിധത്തിൽ സംസ്കരിക്കപ്പെടുന്നത് വല്ലാത്ത ക്രൂരതയാണ്. വേണ്ട വിധം പരിചരിക്കാൻ ആളില്ലാതെ ദിവസങ്ങളോളം രോഗിയായിക്കിടന്ന് മലവും മൂത്രവും അതേപടി ശരീരത്തിൽ നിലനിർത്തിയാണ് കൊവിഡ് മൃതദേഹങ്ങൾ പലതും അടക്കപ്പെടുന്നത്. രോഗിയാവുന്നതോടെ താൻ മരണപ്പെട്ടാലുള്ള അവസ്ഥ എത്രമാത്രം ഭീകരമാണെന്ന ചിന്ത ഓരോരുത്തരെയും അലട്ടുക സ്വാഭാവികമാണ്. രോഗം മൂർച്ഛിക്കാൻ വരെ ഇത് കാരണമാകുന്നുണ്ട്. മരണപ്പെട്ടാൽ മാന്യമായൊരു യാത്രയയപ്പ് മനുഷ്യൻ്റെ അവകാശമാണ്. ഓരോ മതങ്ങളും ഇക്കാര്യത്തിൽ നിഷ് കർഷത പാലിക്കുന്നുണ്ട്.

മൃതദേഹം കുളിപ്പിക്കുന്നത് കൊണ്ട് എന്തു രോഗ പ്പകർച്ചയാണ് വരുന്നതെന്ന് ഇത് വരെ ശാസത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. മരിക്കുന്നതോടെ രോഗാണുക്കൾ നശിക്കുമെന്നതാണ് ചില പഠനങ്ങളിൽ വ്യക്തമാക്കപ്പെട്ടത്.കൊവിഡ് രോഗം പിടിപെട്ടവർക്ക് കുളിക്കാൻ ഒരു നിരോധനവുമില്ല. അവർ കുളിച്ച വെള്ളം പൊതുവായ സ്ഥലത്താണ് ഒഴിവാക്കപ്പെടുന്നത്. ഇതെല്ലാം അനുവദനീയമാണെന്നിരിക്കെ മരിച്ചാൽ ഇതൊന്നും പാടില്ലെന്നതിലെ യുക്തിയാണ് മനസ്സിലാകാത്തത്. World Health Organisation (W.H.O )ൻ്റെ കൊവിഡ് മാർഗ്ഗ നിർദ്ദേശത്തിൽ കുളിപ്പിക്കരുതെന്ന് പറയുന്നില്ല. സംസ്കരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ PPE കിറ്റ് ധരിക്കണമെന്നേ പറയുന്നുള്ളൂ. അല്ലെങ്കിലും കർശനമായ വ്യവസ്ഥകളോടെ ഇതെല്ലാം ചെയ്യാൻ കഴിയും. ആശുപത്രികളോടനുബന്ധിച്ച് സർക്കാർ തലത്തിലോ സ്വകാര്യ ഏജൻസികളുടെ സഹായത്തോടെയോ കർശന വ്യവസ്ഥകൾ വെച്ചു കൊണ്ട് തന്നെ സൗകര്യം ഒരുക്കാവുന്നതേയുള്ളൂ.

വസ്തുതകൾ ഇങ്ങനെയെല്ലാമായിരിക്കെ അനാവശ്യമായ വ്യവസ്ഥകളുണ്ടാക്കി മൃതദേഹങ്ങളോട് കാണിക്കുന്ന അനാദരവ് പ്രതിഷേധാർഹമാണ്. അതോടൊപ്പം കൊവിഡ് ബാധിച്ച് മരണപ്പെടുകയും യാതൊരു പരിഗണനയും കൊടുക്കാൻ കഴിയാതെ അടക്കപ്പെടുകയും ചെയ്യുമ്പോൾ മരണപ്പെട്ടയാളുടെ കുടുംബത്തിന് ഉണ്ടാകുന്ന മാനസിക പ്രയാസം എത്രമേൽ കടുത്തതായിരിക്കുമെന്നത് ഊഹിക്കാവുന്നതേയുള്ളൂ.

ആയതു കൊണ്ട് ഈ വിഷയത്തിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഉടൻ ഇടപെടണമെന്ന് അഭ്യർത്ഥിക്കുന്നു.

വിശ്വസ്തതയോടെ,

1ഹമീദ് ഫൈസി അമ്പലക്കടവ് 2.ഓണംപിള്ളി മുഹമ്മദ് ഫൈസി
3.മുസ്തഫ മുണ്ടുപാറ

4. സത്താർ പന്തല്ലൂർ

5.നാസർ ഫൈസി കൂടത്തായി
6.ബശീർ ഫൈസി ദേശമംഗലം
7.എംപി കടുങ്ങല്ലൂർ
8 .ഹബീബ് ഫൈസി കോട്ടോപാടം.

Leave a Reply