കാലാവസ്ഥാ ജാഗ്രത; എൻ ഡി ആർ എഫ് സംഘം കേരളത്തിലും തമിഴ്നാട്ടിലുമെത്തി.

തിരുവനന്തപുരം∙ സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാൽ പല ജില്ലകളിലും അതീവ ജാഗ്രതാ നിർദ്ദേശം നൽകി സർക്കാർ. കൊല്ലം ആലപ്പാട്, പരവൂർ മേഖലകളിൽ കടൽക്ഷോഭം ശക്തമാണ്. ന്യൂനമർദം ഇന്ന് അതിതീവ്രമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകിയിട്ടുണ്ട്. 60–70 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശും. തിരമാല തീരത്ത് ഒരു മീറ്റർ വരെ ഉയരാമെന്നും മുന്നറിയിപ്പുണ്ട്. ഇതെ സമയം തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇന്ന് നടത്താനിരുന്ന കോവിഡ് വാക്സിനേഷൻ ക്യാംപുകൾ റദ്ദാക്കി, ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് ആറു കപ്പലുകൾ കൊല്ലം തുറമുഖത്ത് അടുപ്പിച്ചു.

അറബിക്കടലിലെ ന്യൂനമർദ്ദ ത്തെ തുടർന്ന് കേരളത്തിലും തമിഴ്നാട്ടിലുമായി ദേശീയ ദുരന്തനിവാരണ സേനയുടെ 13 സംഘങ്ങളെ വിന്യസിച്ചു തമിഴ്നാട്ടിലെ മധുര കോയമ്പത്തൂർ എന്നിവിടങ്ങളിൽ നാലു കേരളത്തിൽ 9 സംഘങ്ങളുമാണ് എത്തിയത് വയനാട് മലപ്പുറം കോഴിക്കോട് തൃശൂർ എറണാകുളം പത്തനംതിട്ട ആലപ്പുഴ കൊല്ലം ഇടുക്കി ജില്ലകളിലാണ് സേനയെ വിന്യസിച്ചിരിക്കുന്നത്. വെള്ളപ്പൊക്കം തകർന്ന കെട്ടിടങ്ങൾ എന്നീ സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനുള്ള സംവിധാനങ്ങളും വാർത്താവിനിമയ ഉപാധികളും ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ദേശീയ ദുരന്ത നിവാരണ സേന അറിയിച്ചിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പു നൽകുന്നു. അതേസമയം സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. തെക്കൻ ജില്ലകളിൽ ഇന്നലെ തുടങ്ങിയ മഴ രാവിലെയും പെയ്യുകയാണ്. ആലപ്പുഴ കുട്ടനാട്ടിൽ പലയിടങ്ങളിലും വെള്ളം പൊങ്ങി. പുളിങ്കുന്ന്, നെടുമുടി, ചമ്പക്കുളം, കൈനകരി പ‍ഞ്ചായത്തുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. മെയ് 16 വരെ അതിതീവ്ര മഴക്കും കാറ്റിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ കൂടുതൽ ശ്രദ്ധ കാണിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പും നൽകി.

Leave a Reply