ഡിആര്‍ഡിഒ വികസിപ്പിച്ച പൗഡർ രൂപത്തിലുള്ള മരുന്ന് കോവിഡ് രോഗികളില്‍ ഉപയോഗിക്കാന്‍ അനുമതി.

0
257

ഡല്‍ഹി: ഡിആര്‍ഡിഒ വികസിപ്പിച്ച മരുന്ന് അടിയന്തര ഘട്ടങ്ങളില്‍ കോവിഡ് രോഗികളില്‍ ഉപയോഗിക്കാമെന്ന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ. 2ഡിയോക്‌സിഡിഗ്ലൂക്കോസ് (2ഡിജി) എന്ന മരുന്നിനാണ് അംഗീകാരം നല്‍കിയത്. വെള്ളത്തിൽ ലയിപ്പിച്ചു വായിൽകൂടി കഴിക്കാവുന്ന പൗഡർ രൂപത്തിലുള്ള ഈ മരുന്ന് കോവിഡ് രോഗികളിൽ പരീക്ഷിച്ചതിൽ വലിയ റിസൾട്ട് ലഭിച്ചതായി അധികൃതർ അറിയിച്ചു ,ഡിആര്‍ഡിഒ (ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍)യും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയര്‍ മെഡിസിന്‍ ആന്‍ഡ് അലൈഡ് സയന്‍സസും (ഐഎന്‍എംഎസ്) ഹൈദരാബാദിലെ ഡോ റെഡ്ഡീസ് ലാബുമായി സഹകരിച്ചാണ് ഈ മരുന്ന് വികസിപ്പിച്ചത്.
രോഗികള്‍ ഓക്‌സിജനെ ആശ്രയിക്കുന്നത് കുറയ്ക്കാനും കൂടുതല്‍ വേഗത്തില്‍ രോഗമുക്തി നേടാനും മരുന്ന് സഹായിക്കുമെന്നാണ് ക്ലിനിക്കല്‍ പരിശോധനാഫലങ്ങള്‍. ജനറിക് തന്മാത്രയും അനലോഗും ആയതിനാല്‍ ഈ മരുന്ന് വളരെ എളുപ്പത്തില്‍ ഉല്‍പാദിപ്പിക്കാനും വലിയ അളവില്‍ ലഭ്യമാക്കാനും കഴിയുമെന്ന് ഡിആര്‍ഡിഒ ഔദ്യോഗിക കുറിപ്പില്‍ പറഞ്ഞു. ‘ഫലപ്രാപ്തി പരിശോധിക്കുമ്പോള്‍ 2ഡിജി നല്‍കിയ രോഗികളില്‍ വേഗത്തില്‍ രോഗമുക്തിയും ലക്ഷണങ്ങള്‍ ഇല്ലാതാകുന്നതും കണ്ടു.

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഇന്‍മാസ്ഡിആര്‍ഡിഒ ശാസ്ത്രജ്ഞര്‍ ഹൈദരാബാദിലെ സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോളിക്യുലര്‍ ബയോളജി (സിസിഎംബി)യുടെ സഹായത്തോടെ ലബോറട്ടറി പരീക്ഷണങ്ങള്‍ നടത്തി ഈ തന്മാത്ര SARSCoV2 വൈറസിനെതിരെ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുമെന്നും വൈറല്‍ വളര്‍ച്ചയെ തടയുമെന്നും കണ്ടെത്തി. മരുന്നിന്റെ അളവ് സഹിതം കഴിഞ്ഞ വര്‍ഷം മെയ് മുതല്‍ ഒക്ടോബര്‍ വരെ നടത്തിയ രണ്ടാം ഘട്ട പരീക്ഷണങ്ങളില്‍ ഇത് സുരക്ഷിതമാണെന്ന് കണ്ടെത്തിയിരുന്നു. വൈറസ് ബാധിച്ച കോശങ്ങളില്‍ അടിഞ്ഞുകൂടി വൈറസ് വളര്‍ച്ചയെ എളുപ്പത്തിൽ തടയുന്നതായും ഡിആര്‍ഡിഒ പ്രസ്താവനയില്‍ പറയുന്നു.
മാത്രവുമല്ല കോവിഡ് രോഗികൾക്ക് കൃത്രിമ ഓക്‌സിജനെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്യും. ഈ മരുന്നു നല്‍കിയ കൂടുതല്‍ രോഗികള്‍ക്കും പെട്ടെന്നു തന്നെ ആര്‍ടിപിസിആര്‍ ടെസ്റ്റില്‍ കോവിഡ് നെഗറ്റീവ് ആകുകയും ചെയ്തു. 110 രോഗികളിലാണ് രണ്ടാം വട്ട പരീക്ഷണം നടത്തിയത്. രാജ്യത്തുടനീളമുള്ള ആറ് ആശുപത്രികളിലാണ് മൂന്നാംവട്ട പരീക്ഷണം നടന്നത്. 65 വയസു കഴിഞ്ഞവർക്കും മരുന്ന് ഏറെ ഫലപ്രദമാണെന്നു റിപ്പോർട്ട് വ്യക്തമാക്കുന്നു.

Leave a Reply