ആംബുലൻസ് വൈകിയപ്പോൾ കോവിഡ് രോഗിയെ ബൈക്കിൽ എത്തിച്ച് സന്നദ്ധ പ്രവർത്തകർ.

ആദ്യം ആശുപത്രിയുടെയും കോവിഡ് സെന്ററിന്റെയും അനാസ്ഥയെന്ന പേരിൽ പ്രചരിച്ച വാർത്തയിൽ ട്വിസ്റ്റ്.
പുന്നപ്രയിൽ ആരോഗ്യനില വഷളായ കോവിഡ് രോഗിയെ ബൈക്കിൽ ആശുപത്രിയിലെത്തിച്ച സന്നദ്ധപ്രവർത്തകരുടെ ചെയ്തിയെ വിമര്ശനപരമായിട്ടായിരുന്നു മാധ്യമങ്ങൾ ആദ്യം റിപ്പോർട്ട് ചെയ്തത് .

പുന്നപ്രയിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലെ രോഗിയെ ആണ് ആരോഗ്യ നില വഷളായതിനാൽ ആംബുലൻസിന് കാത്തു നിൽക്കാതെ പി പി ഇ കിറ്റ് ധരിച്ചവർ ആശുപത്രിയിലേക്ക് മാറ്റിയത്.

ഡി വൈ എഫ് ഐ പ്രവർത്തകരായ രേഖയുടെയും അശ്വിന്റെയും സമയോചിതമായ ഇടപെടലാണ് പുറക്കാട് സ്വദേശി സാബുവിന്റെ ജീവൻ നിലനിർത്തിയത്.

ആലപ്പുഴ പുന്നപ്രയിലെ കോവിഡ് നിരീക്ഷണകേന്ദ്രമായ എഞ്ചിനീയറിംഗ് കോളേജിലെ വനിതാ ഹോസ്റ്റലിൽ നിന്നുള്ള ദൃശ്യങ്ങളാണിവ. കോവിഡ് ബാധിതനായ പുറക്കാട് സ്വദേശി സാബു എന്ന മുപ്പത്തിയാറുകാരനാണ് രാവിലെ ശ്വാസതടസവും നെഞ്ച് വേദനയും അനുഭവപ്പെട്ടത്.
ആംബുലൻസിനായി ബന്ധപ്പെട്ടെങ്കിലും പത്ത് മിനിറ്റിലേറെ വൈകുമെന്നതിനാൽ കേന്ദ്രത്തിലെ സന്നദ്ധ പ്രവർത്തകരായ ഡി വൈ എഫ് ഐ പ്രവർത്തകർ രേഖയും അശ്വിനും സാബുവിനെ ആശുപത്രിയിലെത്തിക്കാനായി തയ്യാറാകുകയായിരുന്നു. പി പി ഐ കിറ്റണിഞ്ഞ് ബൈക്കിൽ സാബുവിനെ നടുക്കിരുത്തി തൊട്ടടുത്ത കോമ്പൗണ്ടിലെ പുന്നപ്ര സാഗരാ സഹകരണ മെഡിക്കൽ കോളേജിലെത്തിച്ചു.

പരമാവധി വേഗത്തിൽ രോഗിയെ ആശുപത്രിയിലെത്തിക്കുക എന്നതായിരുന്നു ലക്ഷ്യമെന്ന് അശ്വിനും രേഖയും പറയുന്നു
സഹകരണ ആശുപത്രിയിൽ നിന്നും നില മെച്ചപ്പെട്ട സാബുവിനെ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയ ശേഷമാണ് അശ്വിനും രേഖയും മടങ്ങിയത്.

സർക്കാർ സംവിധാനങ്ങൾക്കുമപ്പുറം ഇത്തരം വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതൃത്വത്തിൽ ഉള്ള കൂട്ടായ്മകളുടെ കൂടി സഹകരണത്തിലാണ് പല കോവിഡ് സെന്ററുകളും കൃത്യമായി പ്രവർത്തിക്കുന്നത്.
അശ്വിനും രേഖയും അടക്കം ചെറുപ്പക്കാരുടെ ഒരു കൂട്ടായ്മ ആലപ്പുഴയിലെ വിവിധ കേന്ദ്രങ്ങളിലായി ഉണ്ട്. നന്മ വറ്റാത്ത കേരളത്തിന്റെ കാഴ്ചകളാണ് ഇവ നമുക്ക് പകർന്നു തരുന്നത്.

Leave a Reply