മലപ്പുറം ജില്ലയിൽ മാത്രമുള്ള ആരാധനാലയങ്ങളിലെ നിയന്ത്രണം പിൻവലിക്കണം: സാദിഖലിതങ്ങൾ.

0
416

മലപ്പുറം: മലപ്പുറം ജില്ലയിൽ മാത്രം ആരാധനാലയങ്ങളിൽ പ്രാർത്ഥനക്ക് 5 ൽ കൂടുതൽ ആളുകൾ ഒരുമിച്ചു കൂടരുതെന്ന ജില്ലാ കലക്ടറുടെ ഉത്തരവ് പിൻവലിക്കണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ആവശ്യപ്പെട്ടു – മറ്റൊരിടത്തും ഇല്ലാത്ത വിധം ജില്ലയൊന്നാകെ ആരാധനാലയങ്ങളിലെ നിയന്ത്രണത്തിൻ്റെ ആവശ്യകത ബോധ്യപ്പെടാൻ പ്രയാസമുണ്ട് – കോവിഡ് വ്യാപനം നിയന്ത്രണങ്ങളെ മറികടന്ന് മുന്നേറുന്ന പ്രദേശങ്ങളിലെ സ്ഥിതിവിവരക്കണക്ക് ആരോഗ്യവകുപ്പിൻ്റെ കൈവശമുള്ള സ്ഥിതിക്ക്, ആ പ്രദേശങ്ങളിൽ മാത്രം നിയന്ത്രണങ്ങൾ പരിമിതപ്പെടുത്തുകയാണ് വേണ്ടത് – കണ്ടൈൻമെൻറ് സോണുകൾ ആക്കി മാറ്റുകയോ, 144 പ്രഖ്യാപിക്കുകയോ ചെയ്ത സ്ഥലങ്ങളിൽ മാത്രമായി ഇത്തരം കർശന നിയന്ത്രണങ്ങൾ ചുരുക്കുകയും മറ്റ് സ്ഥലങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ട് ആരാധന സ്വാതന്ത്ര്യം അനുവദിക്കുകയും ചെയ്യണമെന്ന് തങ്ങൾ ആവശ്യപ്പെട്ടു.
മുസ്ലിം മത വിശ്വാസികളെ സംബന്ധിച്ചിടത്തോളം പരിശുദ്ധ റമളാൻ മാസം ആയതിനാൽ പതിവിൽ കവിഞ്ഞ പ്രാർത്ഥനകളും മറ്റു ആരാധനാ കർമ്മങ്ങളും അനിവാര്യമായതിനാൽ, അതിന് വിഘാതം സൃഷ്ടിക്കുന്ന തരത്തിൽ ജില്ല ഒന്നാകെ ഈ രീതിയിൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ വലിയ പ്രയാസം സൃഷ്ടിക്കും. ആയതിനാൽ അടിയന്തരമായി ജില്ലാകലക്ടർ കൈക്കൊണ്ട തീരുമാനം പുനപരിശോധിക്കണമെന്ന് തങ്ങൾ ആവശ്യപ്പെട്ടു – കോവിഡ് മഹാമാരിയെ പ്രതിരോധിക്കുവാൻ ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്ന ന്യായമായ എല്ലാ നിയന്ത്രണങ്ങൾക്കും മുസ്ലിം ലീഗ് പിന്തുണ നൽകുമെന്നും ആരോഗ്യവകുപ്പിനെ സഹായിക്കുന്നതിനു വേണ്ടി മുസ്ലിം ലീഗ് പ്രവർത്തകരും യൂത്ത് ലീഗ് വൈറ്റ് ഗാർഡുകളും സജീവമായി മുൻപന്തിയിൽ ഉണ്ടാവും എന്നും സാദിഖലി തങ്ങൾ അറിയിച്ചു.

Leave a Reply