സി കെ ചന്ദ്രപ്പൻ സ്‌മൃതി പുരസ്‍കാരം 2021 : മാധ്യമപ്രവർത്തകന്‍ അരുൺ രാഘവന്

ഷാർജ : മികച്ച പാർലമെൻറേറിയനും ഗോവൻ വിമോചന സമര പോരാളിയും ആയിരുന്ന സി കെ ചന്ദ്രപ്പന്‍റെ സ്മരാണാർത്ഥം നല്‍കുന്ന സികെ ചന്ദ്രപ്പന്‍ സ്‌മൃതി പുരസ്‍കാരത്തിന് മാധ്യമപ്രവ‍ർത്തകനായ അരുൺ രാഘവന്‍ അർഹനായി. സി കെ ചന്ദ്രപ്പന്‍റെ സമാനതകളില്ലാത്ത സമരോജ്ജ്വലസ്മൃതികൾ എല്ലാകാലത്തും നിലനിർത്തുവാൻ ആണ് യുവകലാസാഹിതി യുഎഇ യുടെ ഷാർജ ഘടകം എല്ലാവർഷവും സി കെ ചന്ദ്രപ്പൻ അവാർഡ് നൽകി വരുന്നത്. മാധ്യമപ്രവർത്തകനായ രമേഷ് പയ്യന്നൂർ അധ്യക്ഷനായ ജൂറിയാണ് പുരസ്കാരനിർണയം നടത്തിയത്. യുവകലാസാഹിതി വെബ്സൈറ്റിൽ കൂടി ലഭിച്ച പൊതുജന നോമിനേഷനുകൾ കൂടി പരിഗണിച്ചാണ് അവാർഡ് നിർണയം നടത്തിയത്. ജൂറി അംഗങ്ങളായ ജലീൽ പട്ടാമ്പി, ബിജു ശങ്കർ, നമിത സൂബീർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ജൂറി ചെയർമാൻ രമേഷ് പയ്യന്നൂർ ശനിയാഴ്ചയാണ് പുരസ്കാരം പ്രഖ്യാപിച്ചത്. പ്രവാസികളുടെ ദുഃഖങ്ങളും പ്രയാസങ്ങളും ചെറിയ സന്തോഷങ്ങളും ഒക്കെ പ്രതിഫലിപ്പിക്കുന്ന തിളക്കമുള്ള ഒരു കണ്ണാടിയാണ് ഏഷ്യാനെറ്റ് ന്യൂസിന്‍റെ ഗൾഫ് പ്രതിനിധി അരുൺ രാഘവനെന്ന് ജൂറി വിലയിരുത്തി. പ്രവാസികളുടെ അനവധി ജീവൽ പ്രശ്നങ്ങൾ വാർത്തയാക്കുവാനും സുമനസ്സുകളുടെയും സർക്കാരുകളുടെയും സമയോചിതമായ ഇടപെടലിന് നാന്ദിയാവാനും അരുൺ എന്ന മാധ്യമപ്രവർത്തകന് കഴിഞ്ഞിട്ടുണ്ടെന്നും ജൂറി വിലയിരുത്തി.
ഏപ്രിൽ 23 ന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടക്കുന്ന ചടങ്ങിൽ സ്മൃതി പുരസ്കാരം അരുണിന് സമ്മാനിക്കും. കാനം രാജേന്ദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. പ്രമുഖ മാധ്യമപ്രവർത്തകൻ ടി കെ വിനോദൻ സി കെ ചന്ദ്രപ്പൻ അനുസ്മരണ പ്രഭാഷണം നടത്തും.

Leave a Reply