100 ദശലക്ഷം ഭക്ഷണപ്പൊതി പദ്ധതിയിലേക്ക് പത്ത് ലക്ഷം ദിർഹം നൽകി എം.എ. യൂസഫലി

0
412
‘100 ദശലക്ഷം ഭക്ഷണമെന്നത് വിശിഷ്ടമായ മാനുഷിക സംരംഭം, എം എ യൂസഫലി

ദുബായ് : മധ്യപൂർവ്വദേശം, ദക്ഷിണേഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ പ്രതിസന്ധിയിൽ കഴിയുന്ന കുടുംബങ്ങൾക്ക് ഭക്ഷണപ്പൊതികളെത്തിക്കുന്ന “100 ദശലക്ഷം ഭക്ഷണപ്പൊതികൾ” (100millionmeals.ae) പദ്ധതിയിലേക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി 10 ലക്ഷം ദിർഹം (രണ്ട് കോടി രൂപ) സംഭാവന ചെയ്തു. ഇതിലൂടെ പത്ത് ലക്ഷം പേർക്ക് ഭക്ഷണപ്പൊതികൾ എത്തിക്കാനാകും

വിശുദ്ധ റമദാൻ മാസത്തോടനുബന്ധിച്ച് കോവിഡ് മൂലം ദുരിതത്തിലായ കുടുംബങ്ങൾക്കും വ്യക്തികൾക്കും സഹായഹസ്തം നൽകാൻ ലക്ഷ്യമിടുന്ന ‘100 ദശലക്ഷം ഭക്ഷണം’ പദ്ധതി ഏറ്റവും വിശിഷ്ടമായ മാനുഷിക സംരംഭങ്ങളിലൊന്നാണെന്ന് എം.എ.യൂസഫലി പറഞ്ഞു. സമൂഹത്തോടുള്ള ഉത്തരവാദിത്വം നിറവേറ്റുന്നതിൽ എന്നും പ്രതിജ്ഞാബദ്ധമാണെന്നും അതിലൂടെ ദുരിതമനുഭവിക്കുന്ന വിവിധ ജനവിഭാഗങ്ങൾക്ക് ആശ്വാസം നൽകുന്ന പ്രസ്തുത പദ്ധതിയെ പിന്തുണക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വർഷവും പത്ത് ദശലക്ഷം ഭക്ഷണപ്പൊതി പദ്ധതിയിൽ യൂസഫലി പത്ത് ലക്ഷം ദിർഹം സംഭാവന ചെയ്തിരുന്നു. ഇത് കൂടാതെ മുഹമ്മദ് ബിൻ റാഷിദ് ഗ്ലോബൽ ഇനിഷ്യേറ്റീവിൻ്റെ ആഭിമുഖ്യത്തിലുള്ള മഗ്ദി യാക്കൂബ് ഗ്ലോബൽ ഹാർട്ട് സെൻ്റർ (MAGDI YACOUB GLOBAL HEART CENTER) നിർമ്മാണത്തിലേക്ക് 30 ലക്ഷം ദിർഹവും എം.എ.യൂസഫലി സംഭാവന ചെയ്തിരുന്നു.

റമദാൻ മാസത്തിൽ ഇരുപത് രാജ്യങ്ങളിലായി 100 ദശലക്ഷം ഭക്ഷണപ്പൊതികൾ എത്തിക്കുന്ന പദ്ധതിയാണിത്. യു.എ.ഇ. വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പദ്ധതി പ്രഖ്യാപിച്ചത്. യു.എ.ഇ,. ആസ്ഥാനമായ മുഹമ്മദ് ബിൻ റാഷിദ് ഗ്ലോബൽ ഇനിഷ്യേറ്റീവാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. താഴ്ന്ന വരുമാനക്കാർ, തൊഴിലാളികൾ, കോവിഡ് ദുരിതത്താൽ വലയുന്നവർ, തൊഴിൽ നഷ്ടപ്പെട്ടവർ എന്നിവരെ സഹായിക്കുകയാണ് പദ്ധതിയുടെ മുഖ്യലക്ഷ്യം. ഐക്യരാഷ്ട്ര സഭയുടെ വേൾഡ് ഫുഡ് പ്രോഗ്രാമുമായി (United Nations World Food Program) സഹകരിച്ചാണ് വിവിധ രാജ്യങ്ങളിലെ ദുരിതമനുഭവിക്കുന്നവർക്ക് ഭക്ഷണപ്പൊതികൾ എത്തിക്കുന്നത്.

Leave a Reply