കുറഞ്ഞചെലവില്‍ വീട്ടിലിരുന്ന് സിനിമകാണാം, ഫില്‍മിയുമായി കരാർ ഒപ്പുവച്ച് ലുലു ഗ്രൂപ്പ്

0
230

ദുബായ് : വീട്ടിലിരുന്ന് സിനിമ കാണാന്‍ പുത്തന്‍ സാങ്കേതികവിദ്യയുമായി ലുലു ഗ്രൂപ്പ്. ഓസ്ട്രേലിയന്‍ ആസ്ഥാനമായുളള സാങ്കേതിക സംരംഭകരായ ഫില്‍മിയുമായി റീടെയില്‍ രംഗത്തെ പ്രമുഖരായ ലുലു ഗ്രൂപ്പ് കരാർ ഒപ്പുവച്ചു. ഉപഭോക്താക്കള്‍ക്ക് സിനിമ കാണുന്നതിന് സബ്സ്ക്രിപ്ഷനോ ഡൗണ്‍ലോഡോ സൈന്‍ അപ്പോ ക്രെഡിറ്റ് കാർഡോ ഇനി ആവശ്യമില്ല. സ്മാർട് ഫോണിലൂടെ ക്യൂആ‍ർ കോഡ് സ്കാന്‍ ചെയ്താല്‍ സിനിമ കാണാം. ലുലു ഗ്രൂപ്പുമായുളള പാർട്ണർഷിപ്പില്‍ പുറത്തിറങ്ങിയ സിനിമകളുടെ ക്യൂആർ കോഡുളള വെർച്വല്‍ സിനിമാ ടിക്കറ്റുകള്‍ ലുലു ഹൈപ്പർമാർക്കറ്റുകളില്‍ ലഭ്യമാകും. യാതൊരു അധിക ചെലവുമില്ലാതെ 7 ദിവസത്തേക്ക് 7 പേർക്ക് വരെ പങ്കുവയ്ക്കാനും സാധിക്കും. 5 മുതല്‍ 20 ദിർഹം വരെയാണ് ടിക്കറ്റിന്‍റെ വില. ചുരുക്കത്തില്‍ സിനിമാ ടിക്കറ്റിന്‍റെ പകുതിവിലയ്ക്ക് ലഭ്യമാകുമെന്നർത്ഥം. സിനിമ കാണുന്നത് ഇനിയൊരിക്കലും പഴയതുപോലെയാകില്ല,സിനിമാ മേഖലയിലെ കാഴ്ചയെ ഇത് മാറ്റി മറിയ്ക്കുമെന്ന് ഫിൽമി എക്‌സ്‌ക്ലൂസിവ് വിതരണക്കാരനും മി ടൈം എന്‍റർടെയിന്‍മെന്‍റ് സിഇഒയും ആയ ഫൈസൽ മുഷ്‌താഖ്‌ പറഞ്ഞു. സ്റ്റാർ, ആർ‌എസ്‌വി‌പി, ജിയോ സ്റ്റുഡിയോ തുടങ്ങിയ നിർമാണ സ്റ്റുഡിയോകളുമായും കരാറുകളുണ്ട്. അറബി മലയാളം തമിഴ് ഫിലിപ്പീനോ എന്നീ ഭാഷകളിലുളള ജിസിസിയുടെ സിനിമകള്‍ക്കായി ചർച്ച പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. 200 ലധികം ശ‍ൃംഖലകളുളള ലുലു ഗ്രൂപ്പുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് മീ ടൈം എന്‍റർടെയിന്‍മെന്‍റ് മാർക്കറ്റിങ് ആന്‍ഡ് ഡിസ്ട്രിബ്യൂഷൻ ഡയറക്ടർ സുഭാഷ് നായർ പറഞ്ഞു.നൂതനമായ ഈ സിനിമകാണല്‍ അനുഭവത്തിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ആവേശഭരിതരാണെന്ന് ലുലു ഗ്രൂപ്പ് ഇന്‍റർനാഷണല്‍ മാർക്കറ്റിങ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി.നന്ദകുമാറും പറഞ്ഞു.വീട്ടിലിരുന്ന് സിനിമ കാണുകയെന്നആശയത്തിന് ഏറെ പ്രധാന്യമുളള ഇക്കാലത്ത് ഇതൊരു നല്ല തെരഞ്ഞെടുപ്പാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പ്രതികരിച്ചു. ഉടന്‍ പ്രദർശനത്തിനെത്തുന്ന ബ്ലോക്ക് ബസ്റ്റർ സിനിമകളുടെ ടിക്കറ്റ് വില്‍പന ഏപ്രില്‍ ഒന്നുമുതല്‍ തുടങ്ങും.

Leave a Reply