യാത്ര കരുതലോടെ, ലഗേജ് മാനദണ്ഡങ്ങള്‍ സംബന്ധിച്ച മാർഗനിർദ്ദേശങ്ങള്‍ പുതുക്കി യുഎഇ

0
422

അബുദബി: രാജ്യത്തേക്ക് വരുമ്പോള്‍ പാലിക്കേണ്ട മാർഗനിർദ്ദേശങ്ങള്‍ യുഎഇ പരിഷ്കരിച്ചു. ഫെഡറല്‍ കസ്റ്റംസ് അതോറിറ്റിയാണ് പരിഷ്കരിച്ച യാത്രാമാർഗനിർദ്ദേശങ്ങള്‍ പ്രസിദ്ധപ്പെടുത്തിയത്. യാത്രചെയ്യുമ്പോള്‍ ലഗേജിലും ഹാന്‍ഡ് ബാഗേജിലും എന്തൊക്കെ വസ്തുക്കള്‍ ആകാം, എന്തെല്ലാമാണ് നിരോധിച്ചിരിക്കുന്നത് എന്നത് സംബന്ധിച്ചുളള വിശദമായ വിവരങ്ങളാണ് നല്‍കിയിട്ടുളളത്. ജിസിസിയുടെ കസ്റ്റംസ് നയങ്ങളും യുഎഇയുടെ പ്രത്യേക നിയമവും അനുസരിച്ചാകണം യാത്രയെന്നും അധികൃതർ നിഷ് കർശിക്കുന്നു.

ലഹരിമരുന്ന്, ചൂതാട്ടത്തിനുളള വസ്തുക്കള്‍- മെഷീനുകള്‍, മീന്‍ പിടിക്കുന്നതിനുളള നൈലോണ്‍ വല, പന്നിവർഗത്തില്‍ പെട്ട മൃഗങ്ങള്‍, ആനക്കൊമ്പ്, ലേസർ പേന, വ്യാജ കറൻസി, ആണവായുധ വസ്തുക്കൾ, മതവികാരം വ്രണപ്പെടുത്തുന്ന പുസ്തകങ്ങൾ-ചിത്രങ്ങൾ- മറ്റു പ്രസിദ്ധീകരണങ്ങൾ, ശിൽപങ്ങൾ, പാൻ, വെറ്റില, ഇവ നിരോധിച്ചവയാണ്. ഒരു കാരണവശാലും തങ്ങളുടെ ലഗേജില്‍ ഇത് ഉള്‍പ്പെട്ടിട്ടില്ലെന്ന് യാത്രയ്ക്ക് മുന്‍പ് ഉറപ്പിക്കണം.

മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, വളർത്തു മൃഗങ്ങള്‍, മദ്യം, സൗന്ദര്യവർദ്ധക- സംരക്ഷണ ഉല്‍പന്നങ്ങള്‍, ചെടി, വളം, ആയുധം, പുതിയ ടയറുകള്‍, വെടിമരുന്നുകള്‍, സംസ്കരിച്ചെടുക്കാത്ത വജ്രം തുടങ്ങിയവയ്ക്ക് നിയന്ത്രണമുണ്ടെങ്കിലും ബന്ധപ്പെട്ട അധികൃതരുടെ അനുമതിയോടെ കൊണ്ടുവരാം.

സിനിമ പ്രൊജക്ടർ, റേഡിയോ, സിഡി പ്ലെയർ, ഡിജിറ്റൽ ക്യാമറ, ടിവി, റിസീവർ (ഒരെണ്ണം) വ്യക്തിഗത കായിക ഉപകരണം, കംപ്യൂട്ടർ, പ്രിന്‍റർ, സ്വന്തം ഉപയോഗത്തിനുള്ള മരുന്ന് (നിരോധിതമല്ലാത്തവ), മൂല്യം 3000 ദിർഹത്തിൽ കൂടാത്ത സമ്മാനങ്ങൾ, സിഗരറ്റ് (200 എണ്ണം) എന്നിവ അനുവദനീയമാണ്. എന്നാല്‍ 18 വയസിനു താഴെയുളളവർക്ക് പുകയിലയും മദ്യവും കൊണ്ടുവരാന്‍ അനുമതിയില്ല. വിദേശ കറന്‍സി കൈയ്യിലുണ്ടെങ്കില്‍ അധികൃതരെ അറിയിച്ചിരിക്കണം. 60,000 ദിർഹത്തിന് മുകളില്‍ വിലയുളള വജ്ര സ്വർണാഭരണങ്ങളുണ്ടെങ്കില്‍ നികുതി നല്‍കേണ്ടി വരും.

നിയമങ്ങള്‍ അനുസരിക്കാതെ യാത്രചെയ്താല്‍ ജയില്‍ ശിക്ഷയും പിഴയടക്കമുളള ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരുമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.ഔദ്യോഗിക വെബ്സൈറ്റായ www.fca.gov.ae. യിലും ഒപ്പം സമൂഹമാധ്യമ അക്കൗണ്ടുകളിലും യാത്രാമാർഗ നിർദ്ദേശങ്ങള്‍ അറബിക്, ഉറുദു ഇംഗ്ലീഷ് ഭാഷകളില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. യാത്രയില്‍ ഒരു കാരണവശാലും അപരിചിതരില്‍ നിന്ന് സാധനങ്ങള്‍ വാങ്ങരുത്. മരുന്നുകള്‍ കൊണ്ടുവരുമ്പോള്‍ ഡോക്ടറുടെ കുറിപ്പടി കരുതണം. യാത്ര ചെയ്യുന്ന രാജ്യം നിരോധിച്ചിട്ടില്ലാത്ത മരുന്നാണ് അതെന്ന് ഉറപ്പിക്കുകയും വേണം. സുരക്ഷിതയാത്രയ്ക്ക് നിയമങ്ങള്‍ കർശനമായി പാലിക്കണം. പരിഷ്കരിച്ച മാർഗനിർദേശങ്ങള്‍ യാത്ര ചെയ്യുന്നവർക്ക് ഗുണകരമാകുമെന്ന് എഫ്സിഎ ചെയർമാനും കസ്റ്റംസ് കമ്മിഷണറുമായ അലി സഈദ് മതാർ അല്‍ നെയാദി പറഞ്ഞു.

Leave a Reply