അപൂർവ്വ ഓർമ്മ ശക്തികൊണ്ട് അത്ഭുതപ്പെടുത്തി അഞ്ചരവയസുകാരി സേറ മരിയ ചാരിറ്റ്

0
323

ഷാർജ: ഇന്ത്യയുടെ രാഷ്ട്രപതിമാരില്‍ എത്രപേരുടെ പേര് നിങ്ങള്‍ക്ക് ഓർമ്മയുണ്ട്, പ്രധാനമന്ത്രിമാർ ആരൊക്കെയായിരുന്നു. ദിനോസറുകളെ കുറിച്ച് നിങ്ങള്‍ക്ക് എന്തെങ്കിലും അറിയാമോ. ഷാർജയിലെ അഞ്ചരവയസുകാരി സേറയ്ക്ക് ഇതൊക്കെ മനപ്പാഠമാണ്- ദിനോസറുകളുടെ ശാസ്ത്രീയ നാമം മാത്രമല്ല.അവയുടെ പ്രത്യേകള്‍ പോലും ഹൃദിസ്ഥമാക്കിയിട്ടുണ്ട് കുഞ്ഞ് സേറ. ഒരുമിനിറ്റില്‍ താഴെ സമയം കൊണ്ട് 59 ഡൈനോസറുകളുടെ ശാസ്ത്രീയനാമങ്ങള്‍, ചന്ദ്രനിലെത്തിയ 12 ബഹിരാകാശ യാത്രികർ, ഇന്ത്യയിലെ രാഷ്ട്രപതിമാരും പ്രധാനമന്ത്രിമാരും എല്ലാം മനപ്പാഠമാണ് അഞ്ചു വയസുകാരി സേറ മരിയ ചാരിറ്റിന്. കുഞ്ഞു കുസൃതികള്ക്കൊപ്പം കൊഞ്ചികുഴഞ്ഞ് ആദ്യാക്ഷരങ്ങള് പറയേണ്ട പ്രായത്തിലാണ് അവിശ്വസനീയമാം വിധം ഒറ്റശ്വാസത്തില്‍ ഇതെല്ലാം കുഞ്ഞ് സേറ പറയുന്നത്.

റെക്കോർഡുകള്‍ സ്വന്തമാക്കി കുഞ്ഞുസേറ

ചന്ദ്രനിലെത്തിയ 12 ബഹിരാകാശ സഞ്ചാരികളെ 46 സെക്കന്‍റുകൊണ്ട് ഓർത്ത് പറയുന്ന സേറയെ തേടി ഏഷ്യാബുക്ക് ഓഫ് റെക്കോർഡ്സും ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡുമെത്തി. 2021 ഫെബ്രുവരി 18 നാണ് പുരസ്കാരം തേടിയെത്തിയത്.
ഷാർജ ഇന്ത്യന്‍ ഹൈസ്കൂളില്‍ കെജി ടു വിദ്യാർത്ഥിയായ സേറയ്ക്ക് ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്സിന്‍റെ മറ്റൊരു പുരസ്കാരം കിട്ടിയത് ഇക്കഴിഞ്ഞവാരം. ഡൈനോസറുകളുടെ ശാസ്ത്രീയനാമവും പ്രത്യേകതകളും ഹൃദിസ്ഥമാക്കിയതിനാണ് പുരസ്കാരം. ഒരു മിനിറ്റില്‍ 59 ഡൈനോസറുകളുടെ ശാസ്ത്രീയനാമവും പ്രത്യേകതകളുമാണ് സേറ മനപ്പാഠമാക്കി പറയുന്നത്.

കുഞ്ഞുവയസിലേ എല്ലാം ഹൃദിസ്ഥിമാക്കി സേറ

സേറയ്ക്ക് എല്ലാ പിന്തുണയും നല്കുന്നത് മാതാപിതാക്കളായ ഡോ ആല്ഫി ജോജോയും ജോജോ ചാരിറ്റുമാണ്. സേറയ്ക്ക് എട്ടുമാസം പ്രായമുളളപ്പോഴാണ് ഓർമ്മശക്തിയില്‍ മറ്റ് കുഞ്ഞുങ്ങളെപ്പോലെയല്ല സേറയെന്ന് ആല്ഫി തിരിച്ചറിയുന്നത്. ഒരു വയസുളളപ്പോഴാണ് ഷാർജയിലെത്തുന്നത്. നമ്മളിപ്പോള്‍ ഷാർജയിലാണെന്ന് കുഞ്ഞിനോട് പറഞ്ഞ ആല്ഫി ഓർത്തിരുന്നില്ല. കുഞ്ഞ് മനസിലത് ആഴത്തില്‍ പതിയുമെന്ന്. പിറ്റേദിവസം നമ്മളെവിടെയാണെന്ന് ചോദിച്ചപ്പോള്‍ ഉത്തരം വളരെ വേഗത്തിലായിരുന്നു,ഷാർജയെന്ന്. അതിനുശേഷം കുറച്ചുകൂടി ഗൌരവത്തില്‍ സേറയ്ക്ക് കാര്യങ്ങള് പറഞ്ഞു കൊടുക്കാന്‍ തുടങ്ങി.

സ്ക്രീന്‍ ടൈം കുറച്ചു, കുഞ്ഞിനെ കൂടുതല്‍ കരുതി

സേറയുടെ ഓർമ്മശക്തിയെ കുറിച്ച് പറയുമ്പോള്‍, ആല്ഫി പറഞ്ഞ പ്രധാനകാര്യം ചെറിയ മൊബൈല്‍ ടിവി ഉള്‍പ്പടെയുളളവയില്‍ നിന്ന് പരമാവധി വിട്ടുനില്ക്കാന്‍ ശ്രദ്ധിച്ചുവെന്നുളളതാണ്. പകരം അവള്‍ക്ക് ബുക്കുകള്‍ നല്കി. ചിത്രബുക്കുകളില്‍ നിന്ന് ഓരോന്നോരോന്നായി അവള്‍ തിരിച്ചറിയുന്നത് കൌതുകത്തോടെ ഈ മാതാപിതാക്കള്‍ കണ്ടറിഞ്ഞു. ഒന്നരവയസുളളപ്പോള്‍ നഴ്സറിപ്പാട്ടുകളൊക്കെ ഹൃദിസ്ഥമായി സേറയ്ക്ക്.


പുസ്തകോത്സവത്തിന്‍റെ നിത്യസന്ദർശകർ

ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ നിത്യസന്ദർശകരാണ് സേറയും കുടുംബവും. അങ്ങനെയൊരിക്കല്‍ വാങ്ങിയ അറ്റ്ലസ് നോക്കി രാജ്യങ്ങളുടെ പേരും തലസ്ഥാനവും പതാകകളുമൊക്കെ ഹൃദിസ്ഥമാക്കി.രണ്ടര വയസുളളപ്പോള്‍ 110 രാജ്യങ്ങളുടെ പേരും തലസ്ഥാനവും പതാകകളുമൊക്കെ പറയുമായിരുന്നു സേറ. അഞ്ച് വയസിനിടെ കുഞ്ഞു ലൈബ്രറിയും സ്വന്തമാക്കി സേറ
ഇന്ത്യയുടെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ജില്ലകളും യുണൈറ്റഡ് നേഷന്‍സിന്‍റെ സെക്രട്ടറി ജനറല്മാരുടെ പേരുകളുമൊക്കെ അറിയാമെങ്കിലും ഏറ്റവും ഇഷ്ടം മനുഷ്യ ശരീരത്തിലെ എല്ലുകളുടെ പേരുകള്‍.രാത്രിയില്‍ ഉറക്കം കുറവായിരുന്നു സേറയ്ക്ക്. ഒരു പുസ്തകം കിട്ടിയാല്‍ വീണ്ടും വീണ്ടും അത് മറിച്ചുനോക്കി എല്ലാം ചോദിക്കും. എന്തുകൊണ്ടാണ് കുഞ്ഞ് രാത്രി ഉറങ്ങാത്തതെന്ന മാതാപിതാക്കളുടെ ഉത്കണ്ഠയ്ക്ക് ഡോക്ടർമാർ പറഞ്ഞ മറുപടി നല്ല ഐക്യു ഉളള കുട്ടിയായതുകൊണ്ടാണെന്നായിരുന്നു.

ഡൈനോസറുകളെ കുറിച്ചറിയാന്‍ പാലിയന്‍റോളജിസ്റ്റാവണം

ആരാകണമെന്ന് സേറയോട് ചോദിച്ചാല്‍ ഉത്തരം ഉടനടി വരും. പാലിയന്‍റോളജിസ്റ്റാവണം. ഫോസിലുകളെ കുറിച്ചുളള പഠനമാണ് പാലിയന്‍റോളജിയ മണ് മറഞ്ഞുപോയ ഡൈനോസറുകളെ കുഴിച്ചെടുത്ത് അവയെ കുറിച്ച് അറിയാനാണ് പാലിയന്‍റോളജിസ്റ്റാവുന്നതെന്നുകൂടി പറയും സേറ
മകളെ ഒന്നിനും നിർബന്ധിക്കില്ല. അവളുടെ ഇഷ്ടത്തിന് അവള്‍ പഠിച്ചുവളരട്ടെ. മകളുടെ അപൂർവ്വ ഓർമ്മശക്തിയെ കുറിച്ച് ഉത്തമബോധ്യമുണ്ടെങ്കിലും മാതാപിതാക്കളുടെ സമ്മർദ്ദത്തില്‍ അവളുടെ വഴികള്‍ മാറാതിരിക്കാന്‍ പ്രത്യേക ശ്രദ്ധനല്കുന്നു ഇരുവരും. ഇപ്പോള്‍ മമ്മികളെ കുറിച്ച് പഠിക്കാനാണ് സേറയ്ക്ക് താല്പര്യം.ഗിന്നസ് റെക്കോർഡിനായുളള തയ്യാറെടുപ്പിലാണ് സേറയും കുടുംബവും. വയനാട് സ്വദേശിയായ ജോജോ ഷാർജയില്‍ ബിസിനസ് ചെയ്യുകയാണ്. ആയുർവേദ ഡോക്ടറാണ് ആല്ഫി. കുഞ്ഞ് സേറ വളരട്ടെ, ജീവിത വഴികളില്‍ ഓർമ്മശക്തികൊണ്ട് ലോകത്തെ അത്ഭുതപ്പെടുത്താന്‍

Leave a Reply