ഷെയ്ഖ് ഹംദാന്‍ ബിന്‍ റാഷിദിന്‍റെ ഓ‍ർമ്മയില്‍ രാജ്യം

ദുബായ് ദുബായ് ഉപഭരണാധികാരിയും യുഎഇ ധനമന്ത്രിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ ഓ‍ർമ്മയില്‍ രാജ്യം. ഇന്നലെ അന്തരിച്ച ഷെയ്ഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ മരണാനന്തര ചടങ്ങുകള്‍ ഉം ഹുറൈർ ഖബറിസ്ഥാനിലാണ് നടന്നത്. അദ്ദേഹത്തിന്‍റെ മരുമക്കളായ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം,ദുബായ് ഉപഭരണാധികാരി ഷെയ്ഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്നിവർ ചേർന്നാണ് അന്ത്യകർമ്മങ്ങള്‍ നിർവ്വഹിച്ചത്. തുടർന്ന് സബീല്‍ പളളിയില്‍ യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും മറ്റ് പ്രധാനവ്യക്തിത്വങ്ങളും ചേർന്ന് സംസ്കാര പ്രാർത്ഥനകള്‍ നടത്തി. മഗ് രിബ് നിസ്കാരത്തിന് ശേഷം യുഎഇയിലുടനീളമുളള പളളികളില്‍ അന്തിമോപചാരമർപ്പിച്ചുകൊണ്ടുളള പ്രാർത്ഥകള്‍ നടന്നു.

ആദരസൂചകമായി പതാകകള്‍ പകുതി താഴ്ത്തി കെട്ടിയിരിക്കുകയാണ്. എക്സ്പോ 2020 ടെറാ പവലിയന്‍റെ പ്രവർത്തനം താല്‍ക്കാലികമായി നിർത്തിവച്ചിട്ടുണ്ട്. ഈ ദിവസങ്ങളില്‍ ടെറാ പവലിയന്‍ കാണാനായി ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് മറ്റൊരു ദിവസം സന്ദർശിക്കാമെന്ന് അധികൃതർ വ്യക്തമാക്കി.

അനുശോചന പ്രവാഹം

ദുബായ് ഉപഭരണാധികാരിയും യുഎഇ ധനമന്ത്രിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ വിയോഗത്തില്‍ അനുശോചനമറിയിച്ച് വിവിധ രാജ്യങ്ങളിലെ ഭരണാധികാരികള്‍. ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനെ അനുശോചനമറിയിച്ചു.

അബുദബി കീരാടാവകാശിയും യുഎഇ സായുധ സേന ഉപസർവ്വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യീദ് അല്‍ നഹ്യാന്‍ അഗാധദുഖം രേഖപ്പെടുത്തി.ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി, അജ്മാന്‍ ഭരണാധികാരി ഷെയ്ഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി, ഫുജൈറ ഭരണാധികാരി ഷെയ്ഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഷർഖി, ഉമ്മുല്‍ ഖുവൈന്‍ ഭരണാധികാരി ഷെയ്ഖ് സൗദ് ബിന്‍ റാഷിദ് അല്‍ മുല്ല, റാസല്‍ ഖൈമ ഭരണാധികാരി ഷെയ്ഖ് സൗദ് ബിന്‍ സഖർ അല്‍ ഖാസിമി തുടങ്ങിയവരും അനുശോചനം രേഖപ്പെടുത്തി.

അനുശോചനം രേഖപ്പെടുത്തി എം എ യൂസഫലി

ദുബായ് ഉപഭരണാധികാരിയും യുഎഇ ധനകാര്യ മന്ത്രിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂമിൻ്റെ നിര്യാണം ഏറെ വേദനയോടെയും ദു:ഖത്തോടെയുമാണ് കേട്ടതെന്ന് ലുലു ഗ്രൂപ്പ് ചെയർമാന്‍ എം എ യൂസഫലി പറഞ്ഞു.എല്ലാവരാലും ഏറെ സ്നേഹിക്കപ്പെട്ട ഒരു വ്യക്തിത്വത്തിൻ്റെ ഉടമകൂടിയായിരുന്നു അദ്ദേഹം. മനുഷ്യത്വപരമായ സമീപനത്തൊടെയും ദീർഘവീക്ഷണത്തോടെയുള്ള സമീപനങ്ങളിലൂടെ ആധുനിക ദുബായിയുടെ ശില്പികളിൽ ഒരാളായിരുന്നു അദ്ദേഹമെന്ന് എം എ യൂസഫലി അനുസ്മരിച്ചു.

ആദരവ് അർപ്പിച്ച് വിവിധ പ്രവാസി സംഘടനകളും

ദുബായ് ഉപഭരണാധികാരിയും ധനമന്ത്രിയുമായിരുന്ന ഷെയ്ഖ് ഹംദാൻ ബിൻ റാശിദ് അൽ മക്തൂമിൻ്റെ നിര്യാണത്തിൽ ദുബായ് കെഎംസിസി അനുശോചനം രേഖപ്പെടുത്തി. യു. എ. ഇ യുടെ സാമ്പത്തിക നയരൂപീകരണത്തിലും വികസന മുന്നേറ്റത്തിലും അനിഷേധ്യമായ പങ്കാണ് അദ്ദേഹം വഹിച്ചതെന്ന് അനുശോചനക്കുറിപ്പിൽ നേതാക്കൾ അനുസ്മരിച്ചു. വിവിധ പ്രവാസി സംഘടനകളും നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

Leave a Reply