തിരിച്ചു വന്നില്ലെങ്കിൽ ആജീവനാന്ത വിലക്ക്: പ്രവാസികൾക്ക് തിരിച്ചടിയായി സൗദിയിൽ പുതിയ നിയമം.

0
1561


റിയാദ്: റീ എൻട്രി വീസയിൽ രാജ്യംവിട്ട ശേഷം തിരിച്ചെത്തി തൊഴിൽ കരാർ കാലാവധി പൂർത്തിയാക്കാത്ത വിദേശികൾക്കു ആജീവനാന്ത വിലക്കേർപ്പെടുത്തുമെന്ന് സൗദി അറേബ്യ. കഴിഞ്ഞ ദിവസം നിലവിൽ വന്ന പുതിയ തൊഴിൽ നിയമഭേദഗതിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കോവിഡ് പശ്ചാത്തലത്തിൽ നാട്ടിൽ കുടുങ്ങിയ ഒട്ടേറെ മലയാളികൾക്കു പുതിയ നിയമം തിരിച്ചടിയാകും. ഇവർക്കു മറ്റൊരു വീസ ലഭിക്കില്ല. നാട്ടിലുള്ള സൗദി വീസക്കാരായ ഭൂരിഭാഗം പേരുടെയും റീ എൻട്രി, ഇഖാമ, തൊഴിൽ കരാർ കാലാവധി തീർന്നു. യാത്രാ വിലക്കുള്ളതിനാൽ സൗദിയിൽ തിരിച്ചെത്തി ജോലിയിൽ പ്രവേശിക്കാൻ ഇവർക്കു സാധിച്ചിട്ടില്ല. ഇത്തരക്കാരുടെ ഇഖാമ, റീഎൻട്രി കാലാവധി ഡിസംബർ വരെ നീട്ടിയിരുന്നു. പിന്നീട് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെങ്കിലും അതത് സ്പോൺസർ ഇടപെട്ട് കാലാവധി ദീർഘിപ്പിക്കുന്നുണ്ട്.

എന്നാൽ ഇന്ത്യക്കാർക്കു സൗദിയിലേക്ക് തിരിച്ചു പോകാൻ മേയ് 17 വരെ കാത്തിരിക്കണം. അതിനാൽ സ്പോൺസർ വഴി രേഖകൾ പുതുക്കാൻ ശ്രമിക്കുന്നത് ഉചിതമായിരിക്കും. അപേക്ഷ ലഭിച്ച് 10 ദിവസത്തിനകമാണ് റീ എൻട്രി വീസ നൽകുക. ഒരു മാസത്തിനകം രാജ്യം വിട്ടിരിക്കണം. കരാർ കാലാവധി അവസാനിച്ചാൽ റീ എൻട്രി വീസ ലഭിക്കൽ പ്രയാസകരമാണെന്നും അധികൃതർ അറിയിച്ചു.

Leave a Reply