യാത്രാവിലക്ക് നേരിടുന്ന പ്രവാസികൾക്കായി കേന്ദ്രസർക്കാർ ഇടപെടണം : ഓർമ

0
210

ദുബായ് : സൗദിഅറേബ്യയിലേയും കുവൈറ്റിലേയും യാത്രാവിലക്കിനെ തുടര്‍ന്ന് യു.എ.ഇയില്‍ കുടുങ്ങിപ്പോയ പ്രവാസികൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ഒരുക്കി ഓർമ (ഓവർസീസ് മലയാളി അസോസിയേഷൻ) വീണ്ടും രംഗത്ത്. നോർക്കയുമായി സഹകരിച്ച്, ഭക്ഷണവും താമസ സൗകര്യവും അടക്കമുള്ള സഹായങ്ങളാണ് നൽകുന്നതെന്ന് ഓർമ ഭാരവാഹികളായ അൻവർ ഷാഹി, കെ വി സജീവൻ, ഷിജു ബഷീർ, പ്രദീപ് തോപ്പിൽ എന്നിവർ വ്യക്തമാക്കി. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഉണ്ടായ യാത്രാവിലക്കിനെ തുടർന്ന് സൗദി കുവൈറ്റ് യാത്രക്കാരായ ആയിരക്കണക്കിന് പേരാണ് യു എ ഇ യിൽ കുടുങ്ങിയിരിക്കുന്നത്. ഓർമയുമായി ബന്ധപ്പെട്ട അനേകം പേർക്ക് ദുബായ്, ഷാർജ, അജ്മാൻ എമിരേറ്റുകളിലെ വിവിധയിടങ്ങളിലായി താമസം അടക്കമുള്ള സൗകര്യങ്ങൾ ചെയ്തു നൽകിയിട്ടുണ്ട്. ഇതിനിടെ, യാത്രാവിലക്ക് അനിശ്ചിതമായി നീളുന്ന സാഹചര്യത്തിൽ, യു എ ഇ യിൽ കുടുങ്ങിയിരിക്കുന്ന ഇന്ത്യക്കാരുടെ വിഷയത്തിൽ ഉചിതമായ നടപടിക്കായി കേന്ദ്ര സർക്കാർ ഇടപെടണമെന്ന് ഓർമ രക്ഷാധികാരിയും ലോക കേരള സഭാംഗവുമായ എൻ കെ കുഞ്ഞുമുഹമ്മദ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടു നേരിടും വിധം സമ്പത്തിക പ്രയാസം അനുഭവിക്കുന്ന മലയാളികൾ അടക്കമുള്ളവരാണ് വിവിധ എമിറേറ്റുകളിൽ കുടുങ്ങിയിരിക്കുന്നത്. ഇവരെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്നും നയതന്ത്ര ചർച്ചകളിലൂടെ എത്രയും പെട്ടെന്ന് യാത്രാവിലക്ക് പരിഹരിക്കേണ്ടത് അത്യാവശ്യമാണെന്നും, അദ്ദേഹം ചൂണ്ടിക്കാട്ടി.

Leave a Reply