നഷ്ടമായത് പണവും ജീവിതവും, കെന്‍സയ്ക്കെതിരെ പ്രവാസി നിക്ഷേപകർ

0
96

ദുബായ് : നാട്ടിലൊരു സ്ഥിരവരുമാനം ആഗ്രഹിച്ചാണ് ഏതൊരു പ്രവാസിയേയും പോലെ കെന്‍സയുടെ റോയല്‍ മെഡോസിനായി നിക്ഷേപം നടത്തിയതെന്ന് പ്രവാസി നിക്ഷേപകർ. പരാതിയില്‍ ദുരുദ്ദേശമുണ്ടെന്ന് വ്യക്തമാക്കി കെന്‍സ ഗ്രൂപ്പ് ചെയ‍ർമാന്‍ ഡോ ശിഹാബ് ഷാ വാ‍ർത്താസമ്മേളനം നടത്തിയതിന് പിന്നാലെയാണ് നിക്ഷേപകരും മാധ്യമങ്ങളെ കണ്ടത്. പദ്ധതിയില്‍ പണം നിക്ഷേപിച്ച ലത്തീഫ് അബൂബക്കർ, ടി. രാജൻ നമ്പ്യാർ, കെ.എ. ബഷീർ, ബൈജു, തോംസൺ മാത്യു എന്നിവരാണ് ഷാർജയിൽ മാധ്യമങ്ങളെ കണ്ടത്.


നിലവില്‍ നാട്ടില്‍ സ്ഥിര വരുമാനം പോയിട്ട് മുടക്കിയ പണം പോലു പോയ അവസ്ഥയാണ്. വഞ്ചിക്കപ്പെട്ടുവെന്നും ദുബായില്‍ നടത്തിയ വാർത്താസമ്മേളത്തില്‍ പ്രവാസി നിക്ഷേപകർ വെളിപ്പെടുത്തി. 25000 മാസവരുമാനം വാഗ്ദാനം ചെയ്താണ് കെന്‍സ ഗ്രൂപ്പ് വില്ല പ്രൊജക്ടില്‍ ഭാഗമാക്കിയതെന്ന് നിക്ഷേപകരില്‍ ഒരാളായ ബൈജു പറഞ്ഞു. വയനാട്ടിലെ പദ്ധതി പ്രദേശം നേരിട്ട് കണ്ടു ഉറപ്പുവരുത്തിയാണ് താനും സുഹൃത്ത് ആറ്റിങ്ങല്‍ സന്തോഷും ചേ‍ർന്ന് 41 ലക്ഷം മുടക്കി പദ്ധിതിയുടെ ഭാഗമായത്. സന്തോഷ് ക്യാന്‍സർ രോഗിയാണ്. സ്ഥിരവരുമാനമെന്ന പ്രതീക്ഷയാണ് ദീർഘകാലമായി പ്രവാസിയായ താനടക്കമുളളവർ ഇത്രയും വലിയ തുകമുടക്കി ഇതില്‍ ഭാഗമായത്. എന്നാല്‍ വില്ല പദ്ധതി ഇതുവരെ എങ്ങുമെത്തിയിട്ടില്ല. അതിനിടെ 2019 ല്‍ പദ്ധതി തന്നെ മാറ്റി ആയുർസൗഖ്യം തുടങ്ങുകയാണ് ഗ്രൂപ്പ് ചെയ്തത്. നിക്ഷേപകരായ തങ്ങളെ അറിയിക്കാതെയായിരുന്നു ഇത്. വില്ല പദ്ധതിയ്ക്കായി തങ്ങള്‍ മുടക്കിയ പണം തിരിച്ചുചോദിച്ചപ്പോള്‍ തരാനാവില്ലെന്ന് കെന്‍സ ഗ്രൂപ്പ് നിലപാടെടുത്തു. പിന്നീടുളള അന്വേഷണങ്ങളില്‍ നിന്നാണ് പല നിക്ഷേപകരും അറിയാതെയാണ് കെന്‍സയുടെ നീക്കമെന്ന് ബോധ്യപ്പെട്ടത്. തുടർന്നാണ് നിയമപരമായി നീങ്ങാന്‍ തീരുമാനിച്ചത്. ക്യാന്‍സർ ചികിത്സയ്ക്കും മറ്റുമായി നാട്ടിലെത്തിയ സന്തോഷാണ് പരാതി നല്‍കിയത്. തുടക്കത്തില്‍ പരാതിയുടെ കാര്യത്തില്‍ ഉള്‍പ്പടെ നിരവധി പ്രയാസങ്ങള്‍ നേരിട്ടു.ഇ-മെയിൽ മുഖേനയും നാട്ടിൽ നേരിട്ടും മുഖ്യമന്ത്രിക്കുൾപെടെ പരാതികൾ നൽകിയിട്ടുണ്ട്. പൊലിസ് പരാതി സ്വീകരിക്കാത്തതിനെ തുടർന്നാണ് കോടതിയിൽ നേരിട്ടു പോയത്. നിലവില്‍ സുല്‍ത്താന്‍ ബത്തേരി കോടതിയുടെ അറ്റാച്ച്മെന്‍റ് ഉത്തരവ് കെന്‍സയുടെ വില്ല പദ്ധതിയ്ക്കെതിരെയുണ്ട്. ഇനിയും നിയമപോരാട്ടം തുടരാണ് തീരുമാനമെന്നും ബൈജു പറഞ്ഞു.

500 കോടിയുടെ വില്ല-ആയുർസൗഖ്യം പദ്ധതിയാണ് കെന്‍സ ഗ്രൂപ്പ് വിഭാവനം ചെയ്തിരിക്കുന്നത്, എന്നാല്‍ പ്രവാസികളില്‍ നിന്ന് ആകെ രണ്ടരക്കോടിയോളം രൂപ മാത്രമാണ് പിരിച്ചത്. ബാക്കി പണം എവിടെ നിന്നാണെന്നുളളതും അന്വേഷിക്കണമെന്ന് പരാതിക്കാരില്‍ ഒരാളായ തോംസണ്‍ പറഞ്ഞു. ഇതു സംബന്ധിച്ച വാർത്തകള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചുപ്പോള്‍, ദുബായില്‍ നിന്ന് ഭീഷണി ഫോണ്‍ വന്നിരുന്നു. ഇത് സംബന്ധിച്ച് ദുബായ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലത്തീഫ് അബൂബക്കർ 47 ലക്ഷവും ടി. രാജൻ നമ്പ്യാർ 48 ലക്ഷവുമാണ് പദ്ധതിയിൽ നിക്ഷേപിച്ചിരിക്കുന്നത്. കെ.എ ബഷീർ 15 ലക്ഷം നിക്ഷേപിച്ചപ്പോൾ തോംസൺ മാത്യു ആദ്യഗഡുവായി നാലു ലക്ഷവും കൈമാറി. നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് നിക്ഷേപരുടെ തീരുമാനം.

Leave a Reply