ഹമീദലി ഷംനാട് സാഹിബ് വിടപറഞ്ഞിട്ട് 4 വർഷം

0
274

കാസർകോട്: മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി, ട്രഷറർ, എം.എൽ.എ,
എം.പി, പി.എസ്.സി മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ച ഷംനാട് സാഹിബ് ഉത്തരമലബാർ മുസ്ലിം ലീഗിന് സമ്മാനിച്ച തലയെടുപ്പുള്ള നേതാവായിരുന്നു.
ആ നിത്യഹരിത സ്മരണകൾ ഇന്നും കാസര്കോടുകാർക്ക് മുന്നോട്ടുള്ള വഴിയിലെ വെളിച്ചമാണ്.

കാസർകോട് കുറച്ചുകാലം താമസിച്ച ആരും ഹമീദലി ഷംനാടിനെ കാണാതെ തിരിച്ചുപോയിട്ടുണ്ടാവില്ല. അരക്കയ്യൻ കുപ്പായമിട്ട് വെള്ളമുണ്ടുടുത്ത് നിരത്തുവക്കിലൂടെ ഏകാകിയായി നടക്കുന്നത് അവസാനകാലത്തും അദ്ദേഹത്തിന്റെ ശീലമായിരുന്നു. ഷംനാടിനൊപ്പം സഞ്ചരിച്ച് ആ വാക്കുകൾക്ക് കാതോർത്താൽ ചരിത്രത്തിനൊപ്പം സഞ്ചരിച്ച അനുഭവമാണ് ലഭിക്കുക.

തുടക്കം മുതൽ മുസ്ലിം ലീഗിൽ പ്രവർത്തിച്ച് അതിനൊപ്പം വളർന്ന സംശുദ്ധരാഷ്ട്രീയത്തിന്റെ ഉടമയാണ് ഷംനാട്. ഇന്ത്യ-പാക് വിഭജനത്തിൽ ഷംനാടിന് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. അത് പുതിയ തലമുറയ്ക്ക് പകർന്നുകൊടുക്കുന്നതിനും അദ്ദേഹം ശ്രദ്ധിച്ചു.

1929 ജൂലായിൽ കാസർകോട് അംഗഡിമുഗറിലായിരുന്നു ജനനം. മംഗളൂരു സെന്റ് അലോഷ്യസ് കോളേജിൽനിന്ന് ബിരുദം നേടിയ ശേഷം മദ്രാസ് കോളേജിൽ നിയമപഠനത്തിന് ചേർന്നു. ഷംനാടിന് 10 വയസ്സാകുമ്പോഴേക്കും പിതാവ് അബ്ദുൽഖാദർ ഷംനാട് അന്തരിച്ചു. പിന്നീട് വല്ല്യുപ്പാപ്പ ഖാൻ ബഹദൂർ മഹമ്മൂദ് ഷംനാടിന്റെ സംരക്ഷണത്തിലായിരുന്നു ജീവിതവും പഠനവും. നിയമപഠനം പൂർത്തിയാക്കി പോക്കർ സാഹിബിനൊപ്പം ജൂനിയറായി ചെന്നൈയിൽ പ്രവർത്തിച്ചു. മദ്രാസ് ഹൈക്കോടതിയിലും കേരള ഹൈക്കോടതിയിലും കാസർകോട് കോടതിയിലും അഭിഭാഷകനായി പ്രവർത്തിച്ചു.

പി.എസ്.പി.യിലൂടെയാണ് രാഷ്ട്രീയജീവിതം തുടങ്ങിയത്. 1956-ൽ മുസ്ലിം ലീഗിൽ ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങി. അതോടെ അഭിഭാഷകവൃത്തി ഉപേക്ഷിച്ചു.

മലയാളം നന്നായി അറിയാത്ത ചെറുപ്പക്കാരനായിരിക്കുമ്പോഴാണ് കേരളരാഷ്ട്രീയത്തിലേക്ക് ഷംനാട് കടന്നുവരുന്നത്. പഠനം മംഗളൂരുവിലായതിനാലാണ് മലയാളം നന്നായി വശമില്ലാതിരുന്നത്. എന്നാൽ, ഇംഗ്ലീഷിലും കന്നഡയിലും നന്നായി പ്രസംഗിക്കാൻ അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ടായിരുന്നു. രണ്ടാം നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ നാദാപുരം മണ്ഡലത്തിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടു. സി.പി.ഐ.യിലെ സി.എച്ച്.കണാരനെ 7,047 വോട്ടിനാണ് കന്നിയങ്കത്തിൽ അദ്ദേഹം തോൽപ്പിച്ചത്.

നിലമ്പൂരിൽ സഖാവ് കുഞ്ഞാലിക്കെതിരെ നിയമസഭയിലേക്കുള്ള മത്സരത്തിന് വീണ്ടും ഇറങ്ങിയെങ്കിലും പരാജയപ്പെട്ടു. നൂറിൽ താഴെ വോട്ടിന്റെ വ്യത്യാസത്തിലായിരുന്നു തോൽവി. കാസർകോട്ടുനിന്ന് 1967-ൽ നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും ജയിച്ചില്ല. 1970 മുതൽ 79 വരെ രണ്ടുതവണ രാജ്യസഭയിലെത്തി. കേരള പി.എസ്.സി. അംഗം, കേരള സർവകലാശാല സെനറ്റ് അംഗം, ഒഡപെക് ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു.
1988 മുതൽ 89 വരെ കാസർകോട് നഗരസഭാ ചെയർമാനായിരുന്നു. മികച്ച റഫറൻസ് ലൈബ്രറി കാസർകോട് പുലിക്കുന്നിൽ ഒരുക്കിയത് ഷംനാടിന്റെ പ്രത്യേക താത്പര്യപ്രകാരമാണ്. നല്ല വായനക്കാരനായിരുന്ന ഷംനാട് എന്നും അക്ഷരങ്ങളെ സ്നേഹിച്ചു. കാസർകോട് സാഹിത്യ വേദി അദ്ദേഹത്തെ ആദരിച്ചിരുന്നു.

ബാഫഖി തങ്ങൾ പ്രസിഡന്റായിരുന്ന കാലത്ത് മുസ്ലിം ലീഗിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു ഷംനാട്. ഏറ്റവുമൊടുവിൽ കഴിഞ്ഞ ഒക്ടോബർ ഒന്നിന് മുസ്ലിം ലീഗിന്റെ അംഗത്വവിതരണം ഉദ്ഘാടനം ചെയ്താണ് അദ്ദേഹം വിടവാങ്ങിയിരിക്കുന്നത്. മുസ്ലിം ലീഗ് അവിഭക്ത കണ്ണൂർ ജില്ലാ പ്രസിഡന്റ്, കാസർകോട് ജില്ലാ പ്രസിഡന്റ്, അഖിലേന്ത്യ ലീഗ് ജനറൽ സെക്രട്ടറി പദവികളും വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്, ട്രഷറർ എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു. നിലവിൽ സംസ്ഥാന കമ്മിറ്റിയംഗമാണ്. കാസർകോട് ജില്ലയിൽ മുസ്ലിം ലീഗിനെ വളർത്തുന്നതിൽ നിർണായകപങ്ക് വഹിച്ച നേതാവാണ് മറഞ്ഞത്.

‘ഷംനാട് സാഹിബിനെപ്പോലെ റോഡിലെ ഫുട്പാത്തിലൂടെ സുഖമായി കൈയും വീശി നടക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ പലപ്പോഴും ആഗ്രഹിക്കാറുണ്ട്’-മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി മുമ്പ് ഒരു യോഗത്തിൽ പറഞ്ഞ ഈ വാക്കുകളിൽനിന്ന് ഷംനാട് എന്താണെന്ന് ആർക്കും എളുപ്പം മനസ്സിലാകും.

Leave a Reply