മുസ്‌ലിംലീഗ് ജനപ്രതിനിധികളോട് സ്നേഹപൂർവ്വം, സാദിഖലി തങ്ങളുടെ പോസ്റ്റ് ശ്രദ്ധിക്കപ്പെടുന്നു.

0
785

“നടത്ത മത്സരത്തിലോ ഓട്ട മത്സരത്തിലോ ജയിച്ചാൽ ജയിച്ചു എന്നു പറയാം.
തെരഞ്ഞെടുപ്പിൽ ജയിച്ചാൽ ജയിച്ചു എന്നല്ല,
ജനങ്ങൾ ജയിപ്പിച്ചു എന്നാണ് പറയേണ്ടത്.
ആ ബോധം എപ്പോൾ ഇല്ലാതെയാകുന്നോ അപ്പോൾ രാജിവെച്ച് തിരിച്ച് പോരണം”

മുസ്‌ലിംലീഗ് ജനപ്രതിനിധികളോട് സ്നേഹപൂർവ്വം..

നമ്മുടെ തദ്ദേശസ്ഥാപനങ്ങളിൽ പുതിയ ഭരണ സമിതി നാളെ മുതൽ അധികാരത്തിൽ വരും.
അധികാരം അലങ്കാരമാക്കാതെ അതൊരു ഉത്തരവാദിത്വമായി കാണണം.
ജനങ്ങളുമായി ഏറ്റവും അടുത്തു നിൽക്കുന്ന ഭരണ കേന്ദ്രമാണ് തദ്ദേശ സ്ഥാപനങ്ങൾ.
പ്രത്യേകിച്ച് ഗ്രാമപഞ്ചായത്തുകളും നഗരസഭകളും.
കേരള പഞ്ചായത്തീരാജ് നഗരപാലികാ നിയമം നിലവിൽ വന്നതുമുതൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അധികാരങ്ങൾ വർദ്ധിച്ചു.
യഥാർത്ഥത്തിൽ അധികാരങ്ങൾ വർദ്ധിച്ചു എന്നതിനർത്ഥം ജനപ്രതിനിധികളുടെ ബാധ്യതയും ഉത്തരവാദിത്വവും വർദ്ധിച്ചു എന്നാണ് കരുതേണ്ടത്.

മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങൾ പരിഹരിക്കാവുന്ന കേന്ദ്രമാണത്.
പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുതൽ പ്രാഥമിക ആരോഗ്യ സ്ഥാപനങ്ങൾ വരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാര പരിധിയിലാണ്.
ജനനം മുതൽ മരണം വരെ സവിശേഷ സന്ദർഭങ്ങളിൽ ലഭ്യമാവേണ്ട പ്രധാന രേഖകൾ വിതരണാധികാരവും തദ്ധേശ സ്ഥാപനങ്ങൾക്കു തന്നെയാണ്.
ജനങ്ങൾ അവരുടെ കാര്യങ്ങൾ നിവർത്തിച്ചു കിട്ടാൻ ഓടിയെത്തുമ്പോൾ വിഷയങ്ങളെ സങ്കീർണമാക്കുന്നവരാകരുത് ജനപ്രതിനിധികൾ, പ്രയാസങ്ങളുടെ കുരുക്കഴിച്ച് വിഷയങ്ങളെ പെട്ടെന്ന് പരിഹരിക്കുന്നവരാകണം. പ്രശ്നങ്ങളെ പരിഹാരമാക്കുന്നവനാണ് നല്ല ജന പ്രതിനിധി.

വികസന കാര്യങ്ങളിൽ കൃത്യമായ കാഴ്ചപ്പാട് ഉണ്ടാവേണ്ടതുണ്ട്.
എല്ലാം എനിക്കറിയാം എന്ന മൂഢ സങ്കൽപ്പം മാറ്റിവെച്ച് അറിവും വൈദഗ്ധ്യവും കാഴ്ചപ്പാടുകളുമുള്ളവരുടെയും മുൻ ജനപ്രതിനിധികളുടേയും അഭിപ്രായങ്ങൾ ആരായുക.
മണ്ണിനേയും മനുഷ്യനേയും വിലമതിക്കുന്നതാവണം വികസനങ്ങൾ.
വികസനവും ആനുകൂല്യങ്ങളും നൽകുന്നതിൽ മാത്രമല്ല, വികസനം നടപ്പാക്കും മുമ്പ് അഭിപ്രായം ആരായുന്ന കാര്യത്തിലും സ്വജനപക്ഷപാതം കാണിക്കരുത്.
സത്യപ്രതിജ്ഞയോട് നീതിപുലർത്തണം.

വനിതാ പ്രതിനിധികൾക്ക് സാമൂഹിക പ്രവർത്തനത്തിന്നിടയിൽ കുടുംബത്തിന്റെ അസ്തിത്വം വിള്ളലില്ലാതെ കൊണ്ടു പോകാൻ കഴിയണം.
പ്രശസ്തി നേടുന്നതിനേക്കാൾ വലുതാണ് വിശ്വസ്തത എന്നത് ഓർമ്മയുണ്ടാവണം.

നാടിനുവേണ്ടി, ജനങ്ങൾക്കുവേണ്ടി അഴിമതിഇല്ലാതെ നീതിയും നിയമവും മുൻനിർത്തി ഭരണം നിർവ്വഹിക്കുക.
സ്വന്തം കാര്യങ്ങളിൽ വിട്ടുവീഴ്ച്ച ചെയ്യാൻ സന്നദ്ധരാവണം. മതേതരത്വത്തിനുവേണ്ടി വിട്ടുവീഴ്ചയില്ലാതെ പോരാടാനും തയ്യാറാവണം.
ഓർക്കുക
അധികാരം ആധിപത്യമല്ല,
സേവനമാണ്
മനുഷ്യർക്കു വേണ്ടി സേവനം ചെയ്യുക!

“നടത്ത മത്സരത്തിലോ ഓട്ട മത്സരത്തിലോ ജയിച്ചാൽ ജയിച്ചു എന്നു പറയാം.
തെരഞ്ഞെടുപ്പിൽ ജയിച്ചാൽ ജയിച്ചു എന്നല്ല,
ജനങ്ങൾ ജയിപ്പിച്ചു എന്നാണ് പറയേണ്ടത്.
ആ ബോധം എപ്പോൾ ഇല്ലാതെയാകുന്നോ അപ്പോൾ രാജിവെച്ച് തിരിച്ച് പോരണം”

എല്ലാ ജനപ്രതിനിധികൾക്കും അഭിവാദ്യങ്ങൾ..

സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ

Leave a Reply