ദുബായ്: ലോകത്തിലെ ആദ്യത്തെ കോണ്ടാക്റ്റ്ലെസ് ഇന്‍സ്റ്റന്റ് ക്രെഡിറ്റ് ലൈഫ്സ്റ്റൈല്‍ പേയ്മെന്റ് ഇക്കോസിസ്റ്റമായ എംപേയ്ക്ക് തുടക്കിമിട്ടതായി പ്രഖ്യാപിച്ച് ദി എമിറേറ്റ്സ് പേയ്മെന്റ് സര്‍വീസസ് എല്‍എല്‍സി.യുഎഇയുടെ സ്മാര്‍ട്ട് ഗവണ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായാണ് എംപേ വികസിപ്പിച്ചത്. സുരക്ഷിതമായ, കറന്‍സി രഹിത പണമിടപാടിനുള്ള ആപ്ലിക്കേഷനാണിത്.
സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ നിരവധി പേയ്മെന്റ് സര്‍വീസുകള്‍ എംപേയിലൂടെ സാധ്യമാകും. ദുബായ് എക്കണോമിക് വിഭാഗം ലൈസന്‍സ് പുതുക്കല്‍, എല്ലാ തരത്തിലുമുള്ള ബില്‍ പെയ്മന്റുകള്‍ റെസ്റ്റോറന്റുകളില്‍ നിന്നും ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍, പഠന സംബന്ധമായ ഫീസുകള്‍ അടയ്ക്കല്‍, അന്താരാഷ്ട്ര പണമിടപാട്, പിയര്‍ ടു പിയര്‍ മൈക്രോ പേയ്മെന്റ് എന്നിവ ഉള്‍പ്പെടെ ഒട്ടേറെ പേയ്മെന്റ് സര്‍വീസുകള്‍ എംപേയിലൂടെ ലഭ്യമാക്കുന്നു.
രാവിലത്തെ കോഫി, ടാക്സി ചാര്‍ജ്, എന്നിവ മുതല്‍ വന്‍ വ്യവസായങ്ങളുമായി ബന്ധപ്പെട്ട ലൈസന്‍സ് പുതുക്കുന്നത് വരെ ഒറ്റ ആപ്പിലൂടെ നിങ്ങള്‍ക്ക് സാധ്യമാക്കുന്നതാണ് എംപേ. ഇത് കൂടാതെ പെട്ടെന്ന് പേയ്മെന്റ് നടത്താന്‍ പണം ആവശ്യമായി വന്നാല്‍ ബാങ്കില്‍ പോകാതെ, മറ്റ് പേപ്പര്‍ വര്‍ക്കുകള്‍ ഒന്നും കൂ കൂടാതെ തന്നെ ഇന്‍സ്റ്റന്റ് ക്രെഡിറ്റ് സംവിധാനത്തിലൂടെ എംപേ വഴി പണം ലഭിക്കും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നോ ഐഒഎസ് ആപ്പ് സ്റ്റോറില്‍ നിന്നോ യുഎഇ നിവാസികള്‍ക്ക് ഈ ആപ്പ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. രണ്ട് മിനിറ്റിനുള്ളില്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാം. മാസ്റ്റര്‍കാര്‍ഡ് പവേര്‍ഡ് ഡിജിറ്റല്‍ കാര്‍ഡും ആപ്പില്‍ തന്നെ ലഭിക്കും.
ഡിജിറ്റല്‍, കറന്‍സി രഹിത എക്കണോമി പ്രോത്സാഹിപ്പിക്കണമെന്ന യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല് മക്തൂമിന്റെ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് എംപേയ്ക്ക് തുടക്കമിടുന്നത് ഏറെ അഭിമാനകരമാണെന്ന് ദുബായ് എക്കണോമി ഡെപ്യൂട്ടി ജനറലും എംപേ മാനേജിങ് ഡയറക്ടറുമായ അലി ഇബ്രാഹിം പറഞ്ഞു. സ്മാര്‍ട് ലിവിങിന് ഏറ്റവും നല്ല ഉദാഹരണമാണ് എംപേയെന്ന് അലി ഇബ്രാഹിം പറഞ്ഞു. കോണ്ടാക്റ്റ്ലെസ് പേയ്മെന്റിനെ കൂടുതല്‍ മികവുറ്റതാക്കാന്‍ എംപേയിലൂടെ സാധ്യമാകുമെന്നാണ് ദുബായ് എക്കണോമിക് വിഭാഗം വിശ്വസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫ്ളക്സിബിലിറ്റി, സുരക്ഷിതത്വം, സൗകര്യം എന്നിവ സംയോജിപ്പിച്ചിട്ടുള്ള പുതിയ സംരംഭം യുഎഇ നിവാസികളുടെ ജീവിതം കൂടുതല്‍ എളുപ്പമാക്കുമെന്നതില്‍ സംശയമില്ലെന്ന് യുഎഇ, ഒമാന്‍, മാസ്റ്റര്‍കാര്‍ഡ് കണ്ട്രി മാനേജറായ ഗിരീഷ് നന്ദ പറഞ്ഞു.
ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും സുരക്ഷിതവും വേഗത്തിലും എളുപ്പത്തിലുമുള്ള പേയ്മെന്റ് സാധ്യമാക്കാനായാണ് എംപേ വികസിപ്പിച്ചിട്ടുള്ളത്. ഉപയോക്താക്കള്‍ യാത്ര ചെയ്യുകയാണെങ്കില്‍പ്പോലും,
പണമിടാപാടിനെ ഏറ്റവും ലളിതവല്ക്കരിക്കുന്നതിലൂടെ കൂടുതല്‍ സൗകര്യപ്രദമായ മള്‍ട്ടി ഫങ്ഷണല്‍ എക്കോസിസ്റ്റമാണ് എംപേ ഉറപ്പുനല്‍കുന്നത്.