പ്രണയത്തിനൊരു കാലപരിധിയുണ്ട്, പറയുന്നു രവീന്ദ്രർസിംഗ്

0
144

പ്രണയാർദ്രമായ അക്ഷരങ്ങള്‍കൊണ്ട് വായനക്കാരുടെ ഹൃദയത്തിലിടം നേടിയ ഇന്ത്യന്‍ എഴുത്തുകാരന്‍ രവീന്ദ്ര‍ർ സിംഗ് ഷാ‍ർജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ അതിഥിയായെത്തി. കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലത്തിനിടയില്‍ പ്രണയത്തെ കുറിച്ചുളള തന്‍റെ കാഴ്ചപ്പാടില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്ന് രവീന്ദ്രർ സിംഗ് പറഞ്ഞു. എഴുതി തുടങ്ങിയ കാലത്ത് അനശ്വര പ്രണയത്തെ കുറിച്ചാണ് കൂടുതലും തൂലിക ചലിപ്പിച്ചത്. എന്നാല്‍, ഇപ്പോള്‍ ആലോചിക്കുമ്പോള്‍ നാമെപ്പോഴാണോ നമ്മുടെ പങ്കാളിയുടെ ഇഷ്ടം സ്വീകരിക്കുന്നത്, ആ നിമിഷം തന്നെ നമ്മുടെ ഹൃദയം തകർക്കുന്നതിനുളള അവകാശം കൂടി നല്കുകയാണ്. അതുകൊണ്ടാണ് പറഞ്ഞത്, പ്രണയത്തിനൊരു കാലപരിധിയുണ്ടെന്ന്, വിർച്വല്‍ സംവാദത്തില്‍ അദ്ദേഹം പറഞ്ഞു. ആധുനിക കാലഘട്ടത്തിലെ പ്രണയമെഴുത്ത് എന്നതായിരുന്നു വിഷയം. 2007 ലാണ് രവീന്ദ്രർ സിംഗിന്‍റെ ആദ്യ നോവല്‍, Too Had a Love Story പ്രസിദ്ധീകരിച്ചത്. നിരവധി പേരാണ് ആ നോവല്‍ ഹൃദയത്തോട് ചേർത്ത് വച്ചത്. സ്വന്തം പ്രണയിനിയെ നഷ്ടപ്പെട്ടതിന്‍റെ നോവില്‍ നിന്നാണ് ആ നോവലുണ്ടായതെന്ന് രവീന്ദ്രർ സിംഗ് പറഞ്ഞു. വേദനകളെല്ലാം അക്ഷരങ്ങളില്‍ അലിയിച്ചു. നോവലിന് കിട്ടിയ ജനപ്രീതിയും പ്രോത്സാഹനവും മുന്നോട്ട് നടക്കാന്‍ കരുത്തായെന്നും അദ്ദേഹം പറഞ്ഞു. നവ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ടാണ് അദ്ദേഹം ബ്ലാക്ക് ഇന്‍ക് എന്ന പ്രസാധക കമ്പനി തുടങ്ങിയത്. തന്‍റെ ആദ്യ പുസ്തകം പ്രസിദ്ധീകരിക്കാനായി സമീപിച്ചപ്പോഴുണ്ടായ ദുരനുഭവം തന്നെയാണ് ബ്ലാക്ക് ഇന്‍കിന്‍റെ പിറവിക്ക് നിദാനമായത്. എഴുത്തുകാരനും പ്രസാധകനും തമ്മിലുളള ബന്ധമെന്നുളളത്, ഒരു വിവാഹം പോലെയാണ്. പരസ്പര വിശ്വാസത്തില്‍ മുന്നോട്ടു കൊണ്ടുപോകേണ്ട, ചുറ്റുമുളളവരെ കൂടി പരിഗണിക്കേണ്ട ബന്ധമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഷാ‍ർജയില്‍ നിന്ന് ലോകം വായിക്കുന്നുവെന്ന ആപ്തവാക്യത്തില്‍ നവംബർ നാലിനാണ് ഷാ‍ർജ അന്താരാഷ്ട്ര പുസ്തകമേള തുടങ്ങിയത്. മേള ഇന്ന് (നവംബർ 14) അവസാനിക്കും.

Leave a Reply