യുഎഇ ദേശീയ ദിനം, വിർച്വല്‍ ആഘോഷത്തിനൊരുങ്ങി ദുബായ് കെഎംസിസി

0
235

യുഎഇയുടെ 49-ാം ദേശീയ ദിനാഘോഷം വിപുലമായി ആഘോഷിക്കാന്‍ ദുബായ് കെഎംസിസി. ഡിസംബര്‍ 4ന് സൂമില്‍ 5,000 പ്രതിനിധികളെ പങ്കടുപ്പിച്ചായിരിക്കും വിപുലമായ ആഘോഷ പരിപാടികളെന്ന് അല്‍ബറാഹ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കെഎംസിസി ഉപദേശക സമിതി ഉപാധ്യക്ഷന്മാരായ ഡോ. പി.എ ഇബ്രാഹിം ഹാജി, യഹ്‌യ തളങ്കര എന്നിവരുടെ സാന്നിധ്യത്തില്‍ ദുബായ് കെഎംസിസി സംസ്ഥാന പ്രസിഡന്‍റ് ഇബ്രാഹിം എളേറ്റില്‍ അറിയിച്ചു.
ഈ മാഹാമാരിയുടെ കാലത്തും പോറ്റമ്മ നാടിന്‍റെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ ദുബായ് കെഎംസിസി പോലൊരു പൊതു പ്രസ്ഥാനം നടത്തുന്നത് എന്തുകൊണ്ടും സമുചിതവും ശ്‌ളാഘനീയവുമാണെന്ന് ഡോ. പി.എ ഇബ്രാഹിം ഹാജി പറഞ്ഞു. നല്ല നാടിന്‍റെ ഭരണാധികാരികളോടുള്ള ഐക്യദാര്‍ഢ്യവും സ്‌നേഹവുമാണ് ഇത്തരം ആഘോഷങ്ങളിലൂടെ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ വര്‍ഷവും അതിവിപുലമായാണ് ദുബായ് കെഎംസിസി ദേശീയ ദിന പരിപാടികള്‍ നടത്തുന്നതെന്നും ദശകങ്ങളായി മുടക്കമില്ലാതെ തുടരുന്ന ഈ ആഘോഷ പരിപാടികള്‍ ഈ നാടിനോടുള്ള ദുബായ് കെഎംസിസിയുടെ പ്രതിബദ്ധതയാണ് എടുത്തു കാട്ടുന്നതെന്നും യഹ്‌യ തളങ്കര പറഞ്ഞു. കോവിഡ് മഹാമാരിയിലും ഈ ആഘോഷം നാം ഒരുക്കുന്നത് ഈ രാജ്യത്തോടുള്ള പ്രതിബദ്ധതയും സ്‌നേഹവും കടപ്പാടും പ്രകടിപ്പിക്കാനാണെന്നും വെര്‍ച്വലായിട്ടാണ് പരിപാടികള്‍ എന്ന വ്യത്യാസം മാത്രമേയുള്ളൂവെന്നും ഇബ്രാഹിം എളേറ്റില്‍ പറഞ്ഞു. യുഎഇ സ‍ർക്കാരിലെ ഉന്നതോദ്യോഗസ്ഥരും ദുബായ് ഹെല്‍ത് അതോറിറ്റി, കമ്യൂണിറ്റി വിഭാഗം, ദുബായ് ഔഖാഫ് ആന്‍റ് ഇസ്‌ലാമിക് അഫയേഴ്‌സ്, നാഷണല്‍ സെക്യൂരിറ്റി, ദുബൈ പൊലീസ്, ദുബായ് മുനിസിപ്പാലിറ്റി എന്നീ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രതിനിധികളും; ഇന്ത്യയില്‍ നിന്നും എംപിമാര്‍, എംഎല്‍എമാര്‍, മുസ്‌ലിം ലീഗ്-യുഡിഎഫ് ദേശീയ-സംസ്ഥാന നേതാക്കള്‍, പത്മശ്രീ എം.എ യൂസഫലി ഉള്‍പ്പെടെയുള്ള പ്രമുഖ വ്യക്തിത്വങ്ങളും ദേശീയ ദിനാഘോഷ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് ആക്ടിംഗ് ജന.സെക്രട്ടറിമാരായ ഹംസ തൊട്ടിയും അഡ്വ. സാജിിദ് അബൂബക്കറും പറഞ്ഞു. ദുബൈ കെഎംസിസി മീഡിയ വിംഗ് ചെയര്‍മാന്‍ ഒ.കെ ഇബ്രാഹിം പറഞ്ഞു. വൈസ് പ്രസിഡന്റുമാരായ മുസ്തഫ വേങ്ങര, മുഹമ്മദ് പട്ടാമ്പി, സെക്രട്ടറിമാരായ കെ.പി.എ സലാം, അഡ്വ. ഇബ്രാഹിം ഖലീല്‍, ശുക്കൂര്‍ കാരയില്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.

Leave a Reply