ഷാർജ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് തുടക്കമായി

0
264

കോവിഡ് പ്രതിരോധ മുന്‍കരുതലുകള്‍ പാലിച്ചുകൊണ്ട് 11 ദിവസം നീണ്ടുനില്‍ക്കുന്ന ഷാ‍ർജ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് തുടക്കമായി. എക്സ്പോ സെന്‍ററില്‍ പുസ്തകമേള നടക്കുമ്പോള്‍ സാംസ്കാരിക പരിപാടികളെല്ലാം വി‍ർച്വലായാണ് നടക്കുന്നത്. ലോകം ഷാർജയില്‍ നിന്നും വായിക്കുമെന്നുളളതാണ് ഇത്തവണത്തെ ആപ്തവാക്യം. ഷാർജ ഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ഖ് ഡോ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ രക്ഷാകൃത്വത്തിലാണ് മേള നടക്കുന്നത്. രജിസ്ട്രർ ചെയ്ത് എത്തി സുരക്ഷിതമായി മേളയില് പങ്കുചേരാമെന്ന് ഷാർജ ബുക്ക് അതോറിറ്റി ചെയർമാന്‍ ഹിസ് എക്സലന്‍സി അഹമ്മദ് ബിന്‍ റക്കാദ് അല്‍ അമേരി പറയുന്നു.

73 രാജ്യങ്ങളില്‍ നിന്നുളള 1024 പ്രധാധകർ മേളയുടെ ഭാഗമാകും. മലയാളത്തില്‍ നിന്നുളള പ്രസാധകരും ഇത്തവണയുണ്ട്. എല്ലാത്തവണയും ഷാ‍ർജ അന്താരാഷ്ട്ര പുസ്തകോത്സവം മലയാളികളുടെ ഉത്സവമായി മാറാറുണ്ട്. കോവിഡ് അതും തിരുത്തിയെഴുതുകയാണ്. ലോകത്തിന്‍റെ ഏത് കോണിലിരുന്നും ഓണ്‍ലൈനിലൂടെ മേളയുടെ ഭാഗമാകാമെങ്കിലും മലയാളം ഉയർന്നു കേട്ടിരുന്ന ഏഴാം നമ്പർ ഹാള്‍ ഇത്തവണയില്ലയെന്നുളളത് പുസ്കപ്രമികള്‍ക്ക് നിരാശ നല്കുന്നുണ്ട്. ചുരുക്കം ചില മലയാളി പ്രസാധകർ മാത്രമാണ് ഇത്തവണയെത്തുന്നത്.കഴിഞ്ഞവർഷം 150-ലേറെ പുസ്തകപ്രകാശനം അടക്കമുള്ള പരിപാടികളാണ് നടന്നത്.
registration.sibf.com. എന്ന വെബ് സൈറ്റില്‍ രജിസ്ട്രർ ചെയ്തുവേണം ഇത്തവണ മേളയ്ക്കെത്താന്‍. വരാനാഗ്രഹിക്കുന്ന സമയം തെരഞ്ഞെടുത്ത് വിവരങ്ങള്‍ നല്കിയാല്‍ അനുമതി എസ്എംഎസ് ആയും ഇ മെയിലിലൂടെയും ലഭിക്കും. ശരീരോഷ്മാവ് പരിശോധിക്കാന്‍ സന്ദ‍ർശകർക്ക് തെർമല്‍ സ്കാനിംഗും ഉണ്ട്. മലയാളമുള്‍പ്പടെ മൂന്ന് ഭാഷകളില്‍ എക്സ്പോ സെന്‍ററിലുടനീളം സാമൂഹിക അകലം പാലിക്കണമന്നതടക്കമുളള മാർഗനി‍ർദ്ദേശങ്ങള്‍ പതിച്ചിട്ടുണ്ട്. മേള നടക്കുന്ന എക്സ്പോ സെന്‍ററും പരിസരവും കൃത്യമായി അണുവിമുക്തമാക്കും.

എഴുത്തുകാരും കവികളും രാഷ്ട്രീയക്കാരും ഉള്‍പ്പെടെ 19 രാജ്യങ്ങളില്‍ നിന്നുളള 60 ലധികം അതിഥികളുടെ 64 ഓളെ സംവാദങ്ങള്‍ ഇത്തവണത്തെ പുസ്തകമേളയ്ക്ക് മിഴിവേകും. ഓണ്‍ലൈനിലൂടെയായിരിക്കും സംവാദങ്ങള്‍. sharjahreads.com എന്ന വെബ് സൈറ്റ് ലിങ്കില്‍ രജിസ്ട്രർ ചെയ്ത് സംവാദത്തില്‍ പങ്കുചേരാം. ഇന്ത്യയിൽനിന്ന് എഴുത്തുകാരനും പ്രഭാഷകനുമായ ശശി തരൂർ എം.പി., ഇംഗ്ലീഷ് നോവലിസ്റ്റ് രവീന്ദർ സിങ് എന്നിവർ ഓൺലൈനിലൂടെ പരിപാടിയിൽ പങ്കെടുക്കും. 578 അറബ് പ്രസാധകരും 129 അന്താരാഷ്ട്ര പ്രസാധകരും ഉണ്ടാവും. എസ്.ഐ.ബി.എഫ്. അവാർഡ് വിതരണം അടുത്ത പതിപ്പിലേക്ക് മാറ്റിവെക്കും.

Leave a Reply