പെൻഷൻ പണം കൊണ്ട് അപരന് വീടൊരുക്കി നിശബ്ദ ജീവകാരുണ്യ പ്രവർത്തനവുമായി ഇതാ ഒരാൾ

0
573

സോഷ്യൽമീഡിയ എപ്പോഴും നന്മ മരങ്ങളുടെ ആഘോഷപ്പൂരം കൊണ്ട് സജീവമായിരിക്കും.
പണം സ്വരൂപിച്ച് അപരന് നന്മ ചെയ്യുന്നവരും കോടീശ്വരന്മാരുടെ സഹായപ്രവർത്തന വിശേഷങ്ങളുമാണ് അതിൽ പലപ്പോഴും നിറഞ്ഞു നിൽക്കാറുള്ളത്.
എന്തൊക്കെ വിമർശനങ്ങളും പരിഹാസങ്ങളും ഇവക്കെതിരെ വന്നാലും ഈ പ്രവർത്തനങ്ങളിലൂടെ ആർക്കൊക്കെ മൈലേജ് കിട്ടിയാലും അതിരറ്റു ആഘോഷിക്കപ്പെട്ടാലും ഈ വഴിയിൽ കുറെ നന്മകൾ നടക്കുന്നത് കൊണ്ടും കുറെ പാവപ്പെട്ടവർ രക്ഷപ്പെടുന്നതുകൊണ്ടും അതിനെയെല്ലാം സമൂഹം ഏറ്റെടുക്കുക തന്നെയാണ് ചെയ്യാറുള്ളത്

ഇവയിൽ നിന്നൊക്കെ വ്യത്യസ്തമായി സോഷ്യൽമീഡിയാ പ്രചാരണങ്ങളോ നന്മമരമെന്ന സ്വയം അവകാശ വാദങ്ങളോ ഇല്ലാതെ നിശബ്ദമായി ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന ചില റിയൽ നന്മ മരങ്ങളുണ്ട്.
അവരാണ് യഥാർത്ഥത്തിൽ അനുകരണീയമാതൃകകൾ!

എൻ.സി.സി. ഓഫീസറായിരിക്കെ ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പിറവം സെയ്ന്റ് ജോസഫ് ഹൈസ്കൂളിൽ നിന്ന്‌ വിരമിച്ച പി.പി. ബാബുവിന്റെ ഇപ്പോഴത്തെ ജീവകാരുണ്യപ്രവർത്തനങ്ങളാണ് വാർത്തയാകുന്നത്.
വിരമിച്ച ശേഷവും ഇൗ പ്രവർത്തനം തുടരുകയാണ് അദ്ദേഹം.

പിറവം കക്കാട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന രോഗിയും നിരാലംബനുമായ വ്യക്തിയുടെ പഴയ വീട് പുതുക്കി നൽകിയിരിക്കുകയാണിപ്പോൾ ഈ മനുഷ്യൻ !
തന്റെ പെൻഷൻപണം സ്വരൂക്കൂട്ടിവെച്ചാണ് കക്കാട് പാലയ്ക്കാമലയിൽ ജോസ് എന്ന 70-കാരന് വീടൊരുക്കി കൊടുത്തത്
ജോസിന്റെ ഭാര്യ മരിച്ചിട്ട് പത്തു കൊല്ലത്തോളമായി. നാലു മക്കളിൽ മൂന്നുപേരും മരിച്ചു. മകളെ വിവാഹം ചെയ്തയച്ചതോടെ ജോസ് ഒറ്റയ്ക്കായി. പഴക്കമുള്ള ഒറ്റമുറി വീട് ചോർന്നൊലിച്ച് വാസയോഗ്യമല്ലാതായതോടെ ദുരിതത്തിലായി. ഒപ്പം പ്രായത്തിന്റെ ബുദ്ധിമുട്ടുകളും. സഹായത്തിനായി പലരേയും സമീപിച്ചെങ്കിലും കാര്യമുണ്ടായില്ല. അയൽവാസിവഴിയാണ് ബാബു സാർ ഇക്കാര്യം അറിഞ്ഞത്.

പി.പി. ബാബു തന്റെ പെൻഷൻപണം സ്വരൂക്കൂട്ടിവെച്ച് രണ്ടു ലക്ഷത്തോളം രൂപ മുടക്കിയാണ് വീട് നവീകരിച്ച്‌ നൽകിയത് മേൽക്കൂരയിലെ ഓടു മാറ്റി ഷീറ്റ് മേഞ്ഞു. ഇടിഞ്ഞുപോയ ഭിത്തി പുതുക്കിപ്പണിതു. ഒറ്റമുറി ഭിത്തി കെട്ടിത്തിരിച്ച് ശൗചാലയം നിർമിച്ചു. വയറിങ് പുതുക്കി സീലിങ് അടിച്ച് തറയും നവീകരിച്ചു

വ്യാഴാഴ്ച രാവിലെയായിരുന്നു ഗൃഹപ്രവേശം. നഗരസഭാധ്യക്ഷൻ സാബു കെ. ജേക്കബ് വിളക്കുകൊളുത്തി. നഗരസഭാംഗങ്ങളായ തമ്പി പുതുവാക്കുന്നേൽ സോജൻ ജോർജ്, അയൽവാസിയായ റെജി കൊടുമ്പുറത്ത് എന്നിവർ പങ്കെടുത്തു.
ലോകത്ത് ഇത്തരം നന്മമരങ്ങളും ഉണ്ട് നമുക്കിടയിൽ
അവരെയാണ് നാം ചേർത്തുപിടിക്കേണ്ടത്.
അവരാണ് നിശബ്ദരായി പോരാളികൾ

Leave a Reply