കള്ളവാര്‍ത്തയിലൂടെ തേജോവധത്തിന് ശ്രമം: ഇബ്രാഹിം എളേറ്റില്‍

0
817

ദുബായ്: തന്നെ പാര്‍ലമെന്‍ററി വ്യാമോഹിയായി ചിത്രീകരിച്ച് തേജോവധം ചെയ്യാനുള്ള ശ്രമമാണ് കഴിഞ്ഞ ദിവസം ഒരു പത്രത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയിലൂടെ തല്‍പര കക്ഷികള്‍ ലക്ഷ്യമിട്ടതെന്നും, തീര്‍ത്തും സത്യവിരുദ്ധമായ പ്രസ്തുത വാര്‍ത്ത ഉടന്‍ പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ മറ്റു തുടര്‍ നടപടികള്‍ ആലോചിക്കേണ്ടി വരുമെന്നും ദുബായ് കെഎംസിസി പ്രസിഡന്‍റ് ഇബ്രാഹിം എളേറ്റില്‍ ദുബായില്‍ സൂമില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ‘നിയമസഭാ സീറ്റ്: ലീഗില്‍ കെഎംസിസി സമ്മര്‍ദം തുടങ്ങി’ എന്ന തലക്കെട്ടില്‍ 2020 ഒക്‌ടോബര്‍ 19നാണ് അവാസ്തവമായ വാര്‍ത്ത പത്രം പ്രസിദ്ധീകരിച്ചത്. ഖത്തര്‍ കെഎംസിസിക്ക് സ്ഥാനാര്‍ത്ഥിയെ കിട്ടിയ സ്ഥിതിക്ക് അടുത്ത ഊഴം തങ്ങള്‍ക്കാണെന്നാണ് ദുബായ് കെഎംസിസി പറയുന്നതെന്നും; ഇബ്രാഹിം എളേറ്റിലാണ് ഇതിന് മുന്നിലുള്ളതെന്നും; നേരത്തെ കൊടുവള്ളിയില്‍ പരിഗണിക്കപ്പെട്ടിരുന്ന മുസ്‌ലിം ലീഗിന്‍റെ സാമ്പത്തിക സ്രോതസ്സ് എന്ന നിലയില്‍ അറിയപ്പെടുന്ന ഇദ്ദേഹത്തിനായിരിക്കും മുഖ്യ പരിഗണനയെന്നാണ് സൂചനയെന്നുമായിരുന്നു ഈ വാര്‍ത്തയില്‍ പ്രധാനമായും പറഞ്ഞിരുന്നത്. എന്നാല്‍, ഇത് തീര്‍ത്തും സത്യ വിരുദ്ധവും ദുരുപദിഷ്ടവുമാണെന്ന് ഇബ്രാഹിം എളേറ്റില്‍ പറഞ്ഞു. 1979 ജൂണ്‍ 30ന് യുഎഇയില്‍ പ്രവാസ ജീവിതമാരംഭിച്ചയാളാണ് താനെന്നും, 42 വര്‍ഷത്തെ ഈ പ്രവാസത്തിനിടക്ക് പാര്‍ട്ടിയോട് എന്തെങ്കിലും സ്ഥാനമാനങ്ങളോ പദവികളോ താന്‍ വ്യക്തിപരമായി ഇതു വരെ ചോദിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥാനമാനങ്ങളും പദവികളും പ്രവര്‍ത്തന മികവ് നോക്കി പാര്‍ട്ടി നല്‍കുന്നതാണ്. താന്‍ നിലവില്‍ കൊടുവള്ളി മണ്ഡലം ട്രഷററാണ്. ആ സ്ഥാനത്തേക്ക് പാര്‍ട്ടി ഐക കണ്‌ഠ്യേനയാണ് തെരഞ്ഞെടുത്തത്. കാരുണ്യ പ്രവര്‍ത്തനം നടത്തുന്നത് സാമ്പത്തിക സ്രോതസ് ആണെന്ന് പറയുന്നത് എത്ര വസ്തുതാവിരുദ്ധമായ കാര്യമാണ്. തന്നെയും പ്രസ്ഥാനത്തെയും വ്യക്തിപരമായി മോശക്കാരനാക്കി ചിത്രീകരിച്ച് അപമാനിക്കാനുള്ള ശ്രമമാണ് നടന്നത്. കെഎംസിസിക്ക് ഇന്ന് ആഗോളീയമായി അംഗീകാരവും ജനഹൃദയങ്ങളില്‍ വലിയ സ്ഥാനവുമുണ്ട്. ആ ഇമേജിനെ താറടിക്കാന്‍ കൂടിയുള്ള ശ്രമം ഈ കള്ളവാര്‍ത്തക്ക് പിന്നിലുണ്ടെന്ന് സംശയിക്കണം. താന്‍ പാര്‍ട്ടിയെ സമ്മര്‍ദത്തിലാക്കി കാര്യം നേടാന്‍ ശ്രമിക്കുന്നുവെന്നത് ശുദ്ധ അസംബന്ധവും ബാലിശവുമാണ്. ഖത്തര്‍ കെഎംസിസി സമ്മര്‍ദം ചെലുത്തിയതിനാലാണ് പാറക്കല്‍ അബ്ദുല്ലക്ക് സീറ്റ് ലഭിച്ചതെന്ന് വാര്‍ത്തയില്‍ പറയുന്നത്, താന്‍ മനസ്സിലായതനുസരിച്ച് തീര്‍ത്തും തെറ്റായ വിവരമാണ്. പാറക്കലിന്റെ പ്രവര്‍ത്തന മികവ് നോക്കി അദ്ദേഹം വിജയിക്കുമെന്ന് വിലയിരുത്തിയതിനാല്‍ പാര്‍ട്ടി നിര്‍ത്തുകയാണുണ്ടായത്. ഇത്തരം കള്ള വാര്‍ത്തകള്‍ പാര്‍ട്ടി നേതാക്കള്‍ വിശ്വസിക്കില്ല. എന്നാല്‍, ജനങ്ങള്‍ തെറ്റിദ്ധരിക്കാനിടയുണ്ട്. അതിനാലാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം പറയുന്നതെന്നും എളേറ്റില്‍ വ്യക്തമാക്കി. തന്‍റെ പേര് വെച്ച് താന്‍ പറയാത്ത കാര്യങ്ങള്‍ പത്രത്തില്‍ പ്രസിദ്ധീകരിച്ചത് വലിയ മാനസിക വിഷമമുണ്ടാക്കി. ഇക്കാര്യം പാര്‍ട്ടി ജന.സെക്രട്ടറിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. ഈ വാര്‍ത്ത തിരുത്തി നല്‍കി മാപ്പ് പറയാന്‍ ആദ്യം ഉത്തരവാദപ്പെട്ടവരോട് ആവശ്യപ്പെടുകയാണ്. അവര്‍ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ തുടര്‍ നടപടിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply