വായനയുടെ വസന്തകാലമെത്തുന്നു, ഷാർജ പുസ്തകോത്സവം തുടങ്ങും നവംബർ നാലിന്

0
220

പുസ്തകപ്രേമികള്‍ക്ക് വായനയുടെ വസന്തം തീ‍ർക്കാന്‍ വീണ്ടും ഷാർജ അന്താരാഷ്ട്ര പുസ്തകമേള എത്തുന്നു.
39 മത് ഷാർജ അന്താരാഷ്ട്ര പുസ്തക മേളയ്ക്ക് നവംബർ നാലിന് തുടക്കമാകും. ലോകം ഷാർജയില്‍ നിന്ന് വായിക്കുന്നുവെന്നുളളതാണ് ഇത്തവണത്തെ ആപ്തവാക്യം. ഷാർജ ഭരണാധികാരി ഡോ സുല്‍ത്താന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ രക്ഷാക‍ർത്വത്തിലാണ് മേള നടക്കുന്നത്. വി‍ർച്വലായും അല്ലാതെയുമായി നടക്കുന്ന മേള 14 ന് സമാപിക്കും.ഷാ‍ർജ ഹെഡ്ക്വാർട്ടേഴ്സില്‍ സൂമില്‍ നടത്തിയ വാർത്താസമ്മേളത്തില്‍, ഷാ‍ർജ ബുക്ക് അതോറിറ്റി ചെയർമാന്‍ അഹമ്മദ് ബിന്‍ റക്കാദ് അല്‍ അമേരിയാണ്, 11 ദിവസം നീണ്ടുനില്‍ക്കുന്ന പുസ്തകോത്സവം സംബന്ധിച്ച വിവരങ്ങള്‍ പങ്കുവച്ചത്.

HE Ahmed bin Rakkan Al Ameri, Chairman of SBA

ഷാ‍ർജയില്‍ നിന്ന് വായിക്കാം

73 രാജ്യങ്ങളില്‍ നിന്നായി 1024 പ്രസാധക‍ർ ഷാ‍ർജ അന്താരാഷ്ട്ര പുസ്തക മേളയ്ക്കെത്തും. 19 രാജ്യങ്ങളില്‍ നിന്നുളള 60 എഴുത്തുകാരും പുസ്തകമേളയില്‍ അതിഥികളായെത്തും. ഷാ‍ർജ വായിക്കുന്നു എന്ന് പേരിട്ട വി‍ർച്വല്‍ പ്ലാറ്റ് ഫോം വാർത്താസമ്മേളത്തില്‍ പരിചയപ്പെടുത്തി. കോവിഡ് സാഹചര്യത്തില്‍ വിർച്വലായും അല്ലാതെയും നടക്കുന്ന പുസ്തകമേള ലോകമെങ്ങുമുളള പുസ്തകപ്രേമികള്‍ക്ക് അതിരുകളില്ലാത്ത പുസ്തക ലോകം തുറക്കും. സെമിനാറുകളും മറ്റ് സാംസ്കാരിക പരിപാടികളുമാണ് വിർച്വല്‍ പ്ലാറ്റ് ഫോമില്‍ നടക്കുക. അതേസമയം ഷാ‍ർജ എക്സ്പോ സെന്‍ററിലെത്തി പുസ്തകം വാങ്ങാനുളള സൗകര്യവുമുണ്ട്.പ്രസാധകർ നേരിട്ട് പങ്കെടുക്കുന്ന മേളയിലെ സാഹിത്യ–കലാ പരിപാടികൾ ചരിത്രത്തിലാദ്യമായാണ് ഡിജിറ്റൽ രൂപത്തില്‍ നടക്കുന്നത്.

HE Abdulaziz Taryam, CEO, Advisor and General Manager of Etisalat – Northern Emirates

ജാഗ്രതയോടെ കോവിഡ് കാലത്തുളള പുസ്തകമേള

കോവിഡ് സാഹചര്യത്തില്‍ സുരക്ഷാമുന്‍കരുതലൊരുക്കിയാണ് മേള സംഘടിപ്പിക്കുന്നത്. വെള്ളിയാഴ്ചകളിലൊഴിച്ച് രാവിലെ 9 മുതൽ രാത്രി 10 വരെയും വെള്ളിയാഴ്ചകളിൽ വൈകിട്ട് നാലു മുതൽ രാത്രി 11 വരെയെത്താം. ഒരു സമയം 4000 മുതൽ 5000 വരെ സന്ദർശകർക്ക് നാലു സെഷനുകളിലായിട്ടാണ് പ്രവേശനം അനുവദിക്കുക. പ്രവേശന കവാടങ്ങളില്‍ തെർമല്‍ സ്കാനറുകള്‍ സ്ഥാപിക്കും. സാനിറ്റൈസേഷന്‍ ഗേറ്റുകളുമുണ്ടാകും. അഞ്ച് മണിക്കൂർ കൂടുമ്പോള്‍ അണുനശീകരണവും നടത്തും. മേളയ്ക്ക് എത്തുന്ന സന്ദർശകർ സാമൂഹിക അകലം ഉള്‍പ്പടെയുളള കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം.മാസ്കും നിർബന്ധം. ഇതെല്ലാം നിരീക്ഷിക്കാന്‍ വളണ്ടിയർമാരുണ്ടാകും.sharjahreads.ae എന്ന വെബ് സൈറ്റിലൂടെ രജിസ്ട്ര‍ർ ചെയ്തുവേണം മേളയ്ക്കെത്താന്‍. എത്തുന്നവ‍‍ർക്കെല്ലാം കൈയ്യില്‍ നിറമുളള ബ്രേസ് ലെറ്റ് അണിയിക്കും. ഇതിലൂടെ സന്ദർശകർ പ്രവേശിക്കുന്ന സമയവും പുറത്തേക്ക് പോകുന്ന സമയവും രേഖപ്പെടുത്തും.

Brig. General Dr. Ahmed Saeed Al Naour, Director-General of Central Operations, Sharjah Police

ഇന്ത്യയില്‍ നിന്നെത്തും ശശി തരൂരും രവീന്ദ്ര സിംഗും

എല്ലാത്തവണത്തേയും പോലെ ഇത്തവണയും നിരവധി പ്രമുഖർ പുസ്തകമേളയില്‍ ഓണ്‍ ലൈനായി സംബന്ധിക്കും. ഇന്ത്യയില്‍ നിന്ന് രവീന്ദ്രർ സിംഗും ഡോ ശശി തരൂരുമെത്തും.9 രാജ്യങ്ങളിൽ നിന്ന് എഴുത്തുകാർ, ബുദ്ധിജീവികൾ, കലാകാരന്മാർ എന്നിവരടക്കം 60 വ്യക്തിത്വങ്ങൾ പുസ്കമേളയുടെ ഭാഗമാകും. അമേരിക്കൻ ബിസിനസുകാരനും എഴുത്തുകാരനുമായ റോബർട്ട് കിയോസാക്കി, ന്യൂസിലന്‍റില്‍ നിന്ന് ലാംഗ് ലീവ്, യു കെ യില്‍ നിന്ന് ഇയാൻ റാങ്കിൻ, ലെബനൻ-കനേഡിയൻ എഴുത്തുകാരൻ നജ്വ സെബിയൻ, കനേഡിയൻ എഴുത്തുകാരനും ടെലിവിഷൻ അവതാരകനുമായ നീൽ പസ്രിച്ച, ജനപ്രിയ ഇറ്റാലിയൻ പുസ്തക രചയിതാവ് എലിസബറ്റ ഡാമി, ബ്രിട്ടീഷ് എഴുത്തുകാരൻ റിച്ചാർഡ് ഓവെൻഡൻ തുടങ്ങിയവരുമെത്തും.80,000 പുതിയ തലക്കെട്ടുകളാണ് പ്രദർശിപ്പിക്കുക.അറബ് പ്രസാധകാരണ് ഏറ്റവും കൂടുതൽ– 578. രാജ്യാന്തര തലത്തിൽ നിന്ന്– 129. ഇൗജിപ്ത്– 202, യുഎഇ– 186 , ലബനോന്‍–93, സിറിയ– 72, സൗദി– 46, ഇംഗ്ലണ്ട്– 39, അമേരിക്ക– 29, ഇറ്റലി– 13, ഫ്രാൻസ്– 12, കാനഡ– 8 എന്നിങ്ങനെയാണ് കണക്ക്.

Salem Al Ghaithi, Director of Sharjah TV

പ്രസാധക സമ്മേളനം

ഷാ‍ർജ എക്സ്പോ സെന്‍ററില്‍ നടത്തുന്ന പത്താമത് പ്രസാധക സമ്മേളത്തില്‍ 317 പ്രസാധകരും 33 പ്രാസംഗികരും പങ്കെടുക്കും. നവംബർ ഒന്നുമുതല്‍ മൂന്ന് വരെയായിരിക്കും പ്രസാധക സമ്മേളനം.വിജ്ഞാനം ആ‍ർജ്ജിക്കുകയെന്നുളളത് ഒരിക്കലും അവസാനിക്കാത്ത യാത്രയാണ് ആ യാത്രയ്ക്ക് കരുത്തുപകരുകയാണ് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയെന്ന് ചെയർമാന്‍ അഹമ്മദ് അല്‍ അമേരി പറഞ്ഞു. മേള വിജയകരമായി നടപ്പിലാക്കാന്‍ എല്ലാ മുന്‍കരുതലുകളുമെടുക്കമെന്ന് ഷാ‍ർജ പോലീസ് സെന്‍റ്ട്രല്‍ ഓപ്പറേഷന്‍സ് ഡയറക്ടർ ജനറല്‍ ഡോ അഹമ്മദ് സയീദ് അല്‍ നൗർ പറഞ്ഞു.ഷാ‍ർജ പുസ്തകമേളയുമായി സഹകരിക്കാന്‍ സാധിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് എത്തിസാലാത്ത് നോർത്തേൺ എമിറേറ്റ്സ് ഡയറക്ടര്‍ ജനറൽ അബ്ദുള്‍ അസീസ് താര്യം പറഞ്ഞു. വാർത്താ സമ്മേളനത്തിൽ , ഷാർജ ടിവി ഡയറക്ട‌ർ സാലിം അൽ ഗൈതിയും പങ്കെടുത്തു.

 Moderator – Media personality Muhammad Majid Al-Suwaidi

ലൈബ്രറി സമ്മേളനം

പുതിയ കാലത്ത് ലൈബ്രേറിയന്മാരും ലൈബ്രറികളും നേരിടുന്ന വെല്ലുവിളികൾ’ , എന്ന വിഷയത്തിലെ ചർച്ചകളിൽ 300 ലൈബ്രേറിയൻമാരും ലൈബ്രറി പ്രൊഫഷണലുകളും 12 പ്രാസംഗികരും പങ്കെടുക്കുന്ന ലൈബ്രറി സമ്മേളനവും നടക്കും. നവംബർ 10 മുതൽ 12 വരെയാണ് ഷാർജ ഇന്‍റർനാഷണല്‍ ലൈബ്രറി സമ്മേളനത്തിന്‍റെ ഏഴാം വാർഷിക പതിപ്പ് നടക്കുക.

SIBF artwork

Leave a Reply