ദുബായ് കെഎംസിസി സുരക്ഷാ സ്‌കീം: ധനസഹായ തുക 10 ലക്ഷം രൂപയാക്കി വര്‍ധിപ്പിച്ചു

0
483

ദുബായ്: പ്രവാസ ലോകത്തെ ഏറ്റവും വലിയ ജീവകാരുണ്യ-സാംസ്‌കാരിക പ്രസ്ഥാനമായ ദുബായ് കെഎംസിസി യുടെ സുരക്ഷാ സ്‌കീം ധനസഹായ തുക 10 ലക്ഷമാക്കി വര്‍ധിപ്പിച്ചതായി ദുബായ് കെഎംസിസി പ്രസിഡന്‍റ് ഇബ്രാഹിം എളേറ്റില്‍ സൂമില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. സുരക്ഷാ സ്‌കീം അംഗമായിരിക്കെ മരിച്ചാല്‍ ഇതു വരെ 5 ലക്ഷം രൂപയായിരുന്നു മരിച്ചയാളുടെ ആശ്രിതര്‍ക്ക് നല്‍കിയിരുന്നത്. ഇനി ഈ തുക 10 ലക്ഷമായി നല്‍കും. സ്‌കീം അംഗമായിരിക്കെ മരിച്ചാല്‍ മാത്രമല്ല, ജോലിയില്‍ നിന്നും ക്യാന്‍സലാകുമ്പോള്‍ 15 വര്‍ഷം പൂര്‍ത്തിയായിട്ടുണ്ടെങ്കില്‍ ഒരു ലക്ഷം രൂപ വരെ ധനസഹായമായി നല്‍കുന്നതാണ്. സ്‌കീം സംബന്ധിച്ച മറ്റു സുപ്രധാന വിവരങ്ങളും അദ്ദേഹം വിശദീകരിച്ചു. വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത് മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് ഡോ. സി.പി ബാവ ഹാജി, മിഡില്‍ ഈസ്റ്റ് ചന്ദ്രിക ഗവേണിംഗ് ബോഡി ചെയര്‍മാന്‍ യഹ്‌യ തളങ്കര എന്നിവര്‍ ആശംസ നേര്‍ന്നു. സുരക്ഷാ സ്‌കീമില്‍ അംഗമായി 30 ദിവസം പൂര്‍ത്തിയായ ശേഷം മരിക്കുകയും 30 ദിര്‍ഹമില്‍ കൂടുതല്‍ കുടിശ്ശിക ഇല്ലാതിരിക്കുകയും ചെയ്ത അംഗത്തിനാണ് 10 ലക്ഷം രൂപ ധനസഹായമായി ലഭിക്കുക. ഇതിനാവശ്യമായ മുഴുവന്‍ രേഖകളോടും കൂടി അപേക്ഷ സമര്‍പ്പിച്ച് 120 ദിവസത്തിനുള്ളില്‍ തുക നല്‍കുന്നതാണ്. പദ്ധതിയില്‍ ചേര്‍ന്ന് 15 വര്‍ഷം പൂര്‍ത്തിയായ 60 വയസ് തികഞ്ഞവര്‍ക്ക് ഒരു ലക്ഷം രൂപയും, 10 വര്‍ഷം പൂര്‍ത്തിയായ 60 വയസ് തികഞ്ഞവര്‍ക്ക് 75,000 രൂപയും, 15 വര്‍ഷം പൂര്‍ത്തിയായ 60 വയസ് തികയാത്തവര്‍ക്ക് 50,000 രൂപയും, 10 വര്‍ഷം പൂര്‍ത്തിയായ 60 വയസ് തികയാത്തവര്‍ക്ക് 25,000 രൂപയും, 5 മുതല്‍ 10 വര്‍ഷം വരെ പൂര്‍ത്തിയായവര്‍ക്ക് 10,000 രൂപയും, മൂന്ന് മുതല്‍ 5 വര്‍ഷം പൂര്‍ത്തിയായവര്‍ക്ക് 5,000 രൂപയും ക്യാന്‍സലേഷന്‍ ആനുകൂല്യമായി നല്‍കുന്നതാണ്. മുഴുവന്‍ രേഖകളോടും കൂടി അപേക്ഷ ലഭിച്ച് 30 ദിവസത്തിനുള്ളില്‍ മേല്‍പ്പറഞ്ഞ ആനുകൂല്യങ്ങള്‍ നല്‍കുന്നതാണ്.
ഒരംഗം വിസ ക്യാന്‍സല്‍ ചെയ്ത് ക്യാന്‍സലേഷന്‍ ആനുകൂല്യം വാങ്ങാതെ നാട്ടില്‍ പോയാല്‍ ആറു മാസത്തിനുള്ളില്‍ അപേക്ഷ സമര്‍പ്പിച്ച് ആനുകൂല്യം കൈപ്പറ്റേണ്ടതാണ്.
മേല്‍പ്പറഞ്ഞ എല്ലാവിധ ആനുകൂല്യങ്ങളും ലഭിക്കണമെങ്കില്‍ 30 ദിര്‍ഹമില്‍ കൂടുതല്‍ കുടിശ്ശിക ഉണ്ടായിരിക്കാന്‍ പാടില്ല. മരണാനന്തര ആനുകൂല്യത്തിന് 30 ദിവസവും ക്യാന്‍സലേഷന്‍ ആനുകൂല്യത്തിന് ചുരുങ്ങിയത് മൂന്നു വര്‍ഷവും ചികിത്സാ ആനുകൂല്യത്തിന് 90 ദിവസവും സ്‌കീമില്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമേ അര്‍ഹത ഉണ്ടായിരിക്കുകയുള്ളൂ. ഒരംഗം മരിച്ചാല്‍ മറ്റംഗങ്ങളില്‍ നിന്നും നിലവില്‍ ഈടാക്കി വരുന്ന നിശ്ചിത സംഖ്യ സമാഹരിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഇതാദ്യമായാണ് ഗള്‍ഫിലെ ഒരു പ്രവാസ സംഘടന ഇത്തരമൊരു സൗകര്യം ഏര്‍പ്പെടുത്തുന്നത്.ദുബായ് കമ്യൂണിറ്റി ഡെവലപ്‌മെന്‍റ് അതോറിറ്റി (സിഡിഎ)യുടെയും ഔഖാഫ്-ഇസ്‌ലാമിക കാര്യ വകുപ്പിന്‍റെയും അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ദുബായ് കെഎംസിസിയെ ദുബൈയിലെ ആറു ഔദ്യോഗിക ചാരിറ്റി പ്രസ്ഥാനങ്ങളിലൊന്നായി ദുബായ് സർക്കാർ അടുത്തിടെ തെരഞ്ഞെടുത്തിരുന്നു.
ദുബായ് കെഎംസിസി ജന.സെക്രട്ടറി മുസ്തഫ തിരൂര്‍, ട്രഷറര്‍ പി.കെ ഇസ്മായില്‍, സീനിയര്‍ വൈസ് പ്രസിഡന്‍റ് ഹുസൈനാര്‍ ഹാജി എടച്ചാക്കൈ, ആക്ടിംഗ് ജന.സെക്രട്ടറിമാരായ ഹംസ തൊട്ടി, അഡ്വ. സാജിദ് അബൂബക്കര്‍; മറ്റു ഭാരവാഹികളായ ഇബ്രാഹിം മുറിച്ചാണ്ടി, റഈസ് തലശ്ശേരി, മുഹമ്മദ് പട്ടാമ്പി, എന്‍.കെ ഇബ്രാഹിം, ഒ.മൊയ്തു, അഡ്വ. ഇബ്രാഹിം ഖലീല്‍, സാദിഖ് തിരുവനന്തപുരം, മജീദ് മടക്കിമല, ഫാറൂഖ് പട്ടിക്കര, അബൂബക്കര്‍ ഹാജി, നിസാം കൊല്ലം സംബന്ധിച്ചു. മീഡിയ വിംഗ് ചെയര്‍മാന്‍ ഒ.കെ ഇബ്രാഹിം ആമുഖം അവതരിപ്പിച്ചു. ദുബായ് കെഎംസിസി വൈസ് പ്രസിഡന്‍റ് മുസ്തഫ വേങ്ങര നന്ദി പറഞ്ഞു.

ദുബായ് കെഎംസിസിയുടെ സുരക്ഷാ സ്‌കീം ധനസഹായ തുക 10 ലക്ഷമാക്കി വര്‍ധിപ്പിച്ചതിനെ കുറിച്ച് പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍ സൂമില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിക്കുന്നു

Leave a Reply