ദുബായ് : സാമൂഹിക സുസ്ഥിര പദ്ധതികള്‍ക്കായി നടത്തിയ ശ്രമങ്ങള്‍ പരിഗണിച്ച് ദുബായ് എന്‍ഡോവ്മെന്റ് സൈന്‍ പുരസ്കാരത്തിന് യൂണിയന് കോപ്പിനെ തെരഞ്ഞെടുത്തു. മുഹമ്മദ് ബിൻ റാഷിദ് ഗ്ലോബൽ സെന്റർ ഫോർ എൻഡോവ്മെന്റ് കൺസൾട്ടൻസിയാണ് (എം.ബി.ആർ.ജി.സി.ഇ.സി.) യൂണിയന് കോപ്പിന്റെ പദ്ധതികള്‍ വിലയിരുത്തി പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. അഖാഫിഫിനും മൈനേഴ്സ് അഫയേഴ്സ് ഫൗണ്ടേഷനും (എ.എം.എ.എഫ്.) കീഴിലാണ് എം.ബി.ആർ.ജി.സി.ഇ.സി പ്രവർത്തിക്കുന്നത്. യൂണിയൻ കോപ്പ് ചെയർമാൻ മാജിദ് ഹമദ് റഹ്മ അൽ ഷംസി എം.ബി.ആർ.ജി.സി.ഇ.സി. ചെയർമാൻ ഇസ അൽ ഗുറൈറിൽനിന്ന് പുരസ്കാരം സ്വീകരിച്ചു.

ദുബായ് ഗവണ്മെന്റിന്റെ സാമൂഹിക സാംസ്കാരിക സാമ്പത്തിക മനുഷ്യത്വപരമായ എല്ലാ പദ്ധതികളിലും പൂർണ പിന്തുണ എപ്പോഴും നല്‍കാറുണ്ടെന്നും ഇനിയും അതങ്ങനെ തന്നെയായിരിക്കുമെന്നും പുരസ്കാരം സ്വീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. എ.എം.എ.എഫ്. സെക്രട്ടറി ജനറൽ അലി അൽ മുതവ, ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഖാലിദ് അൽ താനി, എം.ബി.ആർ.ജി.സി.ഇ.സി. ഡയറക്ടർ സൈനബ് ജുമാ അൽ തമീമി, യൂണിയൻ കോപ്പ് മാർക്കറ്റിങ് ഡയറക്ടർ ഡോ. സുഹൈൽ അൽ ബസ്താക്കി എന്നിവർ പങ്കെടുത്തു.