പ്രസ്ഥാനവും ജനങ്ങളും നൽകിയ വിശ്വാസമാണ് ഏറ്റവും വലിയ അംഗീകാരം: ഉമ്മൻചാണ്ടി

0
461

നിയമസഭയിൽ അമ്പതു വർഷം പൂർത്തിയാക്കാൻ സാധിച്ചത് കോൺ​ഗ്രസ് പ്രസ്ഥാനവും ജനങ്ങളും, പ്രത്യേകിച്ച് പുതുപ്പള്ളിയിലെ വോട്ടർമാരും തന്നിൽ അർപ്പിച്ച വിശ്വാസം കൊണ്ടാണെന്നും, അവർ നൽകിയ സമ്മാനമാണ്‌ ഈ അംഗീകാരമെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. ഉമ്മൻചാണ്ടിയുടെ നിയമസഭാ സാമാജികത്വത്തിന്‍റെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് ഇൻകാസ് ദുബൈ തൃശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘കരുണയും കരുതലും’ അമ്പത് ഇന പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. ഷാർജ അൽ ഇബ്തിസമ സ്കൂളിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്കനുയോജ്യമായ സഹായം നൽകിക്കൊണ്ടാണ് ‘കരുണയും കരുതലും’ തുടക്കം കുറിച്ചത്. സ്കൂളിലെ വിദ്യാർത്ഥികളുമായും ഉമ്മൻചാണ്ടി സംവദിച്ചു.ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്‍റ്‌ ഇ. പി. ജോൺസന്‍റെ നേതൃത്വത്തിൽ കേക്ക് മുറിച്ച് ഭിന്നശേഷി വിദ്യാർത്ഥികൾക്കും ടീച്ചേഴ്സിനും വിതരണം നടത്തി.

ദുബൈ തൃശൂർ ജില്ലാ പ്രസിഡന്‍റ് ബി പവിത്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്‍റ്‌ ഇ. പി. ജോൺസൺ, ജനറൽ സെക്രട്ടറി അബ്ദുള്ള മല്ലിശ്ശേരി, ആക്ടിങ് ട്രഷറർ ഷാജി ജോൺ, അൽ ഇബ്തിസാമ സ്കൂൾ പ്രിൻസിപ്പൽ ജയൻ, ഇൻകാസ് യു എ ഇ സെൻട്രൽ കമ്മിറ്റി ആക്ടിം​ഗ് പ്രസി‍ഡന്‍റ് ടി എ രവീന്ദ്രൻ, സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദാലി, ഇൻകാസ് യു എ ഇ വൈസ് പ്രസിഡന്‍റ് എൻ പി രാമചന്ദ്രൻ, ഇൻകാസ് ഷാർജ പ്രസിഡന്‍റ് അഡ്വ. വൈ എ റഹീം, ഇൻകാസ് ദുബൈ പ്രസി‍ഡന്‍റ് നദീർ കാപ്പാട്, ട്രഷറർ സി പി ജലീൽ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. വിദ്യാർത്ഥികൾക്കാവശ്യമായ പഠനോപകരണങ്ങളും വിതരണം നടത്തി. ഇൻകാസ് ദുബൈ തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി റിയാസ് ചെന്ത്രാപ്പിന്നി സ്വാഗതവും ട്രഷറർ ഫിറോസ് മുഹമ്മദാലി നന്ദിയും പറഞ്ഞു.

Leave a Reply