“ഷാ‍ർജയില്‍ നിന്ന് ലോകം വായിക്കും” അന്താരാഷ്ട്ര പുസ്തകമേള നവംബർ നാലുമുതല്‍

39 മത് ഷാ‍ർജ അന്താരാഷ്ട്ര പുസ്തക മേളയ്ക്ക് അടുത്തമാസം നാലിന് തുടക്കമാകും. “ദ വേള്‍ഡ് റീ‍ഡ്സ് ഫ്രം ഷാർജ” എന്നുളളതാണ് ഇത്തവണത്തെ ആപ്തവാക്യം. നവംബർ നാലുമുതല്‍ 14 വരെ വി‍ർച്വലായും അല്ലാതെയുമായിരിക്കും ഷാ‍ർജ അന്താരാഷ്ട്ര പുസ്തകോത്സം വായനക്കാർക്കായി പുസ്തകവസന്തം തുറക്കുക. സാംസ്കാരിക പരിപാടികളാണ് വിർച്വലായി നടക്കുക. അതേസമയം കോവിഡ് മുന്‍ കരുതലുകള്‍ പാലിച്ച്, പുസ്കക പ്രേമികള്‍ക്കായി ഷ‍ാർജ എക്സ്പോ സെന്‍ററില്‍ പുസ്തകങ്ങളൊരുങ്ങും. ലോകമെങ്ങുമുളള വായനക്കാർക്കും പ്രസാധകർക്കുമായി കോവിഡ് ചട്ടങ്ങളും മുന്‍കരുതലുകളും പാലിച്ചുകൊണ്ടായിരിക്കും പുസ്കോത്സവം നടക്കുകയെന്ന്,ഷാ‍ർജ ബുക്ക് അതോറിറ്റി ചെയർമാന്‍ ഹിസ് എക്സലെന്‍സി അഹമ്മദ് ബിന്‍ റക്കാദ് അല്‍ അമേരി പറഞ്ഞു. അറിവ് വെളിച്ചമാണ്, പുസ്തകങ്ങളിലൂടെ അറിവ് പുതിയ തലമുറയിലേക്ക് പകർന്നുനല്കുകയെന്നുളളതാണ് ഷാ‍ർജ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായ ഹിസ് ഹൈനസ് ഡോ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ വീക്ഷണം. അത് അർത്ഥവത്താക്കുന്നതാണ് ഷാ‍ർജ അന്താരാഷ്ട്ര പുസ്തകോത്സവം. പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചായിരിക്കും സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിക്കുക. സംസ്കാരത്തിന്‍റേയും അറിവിന്‍റേയും പ്രതീകമായി ഷാ‍ർജ എന്നും നിലകൊളളുമെന്നും അഹമ്മദ് ബിന്‍ റക്കാദ് അല്‍ അമേരി പറഞ്ഞു. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്‍റെ ചരിത്രത്തിലാദ്യമായാണ് സാംസ്കാരിക പരിപാടികള്‍ വിർച്വലായി നടക്കാന്‍ ഒരുങ്ങുന്നത്.

Leave a Reply