ഗാന്ധി ജയന്തി ദിനത്തിൽ മോഡല്‍ സര്‍വ്വീസ് സൊസൈറ്റി (എം എസ് എസ്) സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ശ്രദ്ധേയമായി. ദുബായ് ലത്തീഫ ആശുപത്രിയിലെ ബ്ലഡ് ഡൊണേഷന്‍ സെന്ററില്‍ പ്രത്യേകം തയ്യാറാക്കിയ ടെന്റില്‍ രാവിലെ 8 മണി മുതല്‍ 3 മണിവരെ 369 പേരാണ് രക്തം നല്‍കിയത്. നിരവധി പേർ പങ്കെടുത്തു. പൂര്‍ണ്ണമായും കോവിഡ് പ്രൊട്ടോക്കോള്‍ പാലിച്ചായിരുന്നു, നടപടി ക്രമങ്ങളെല്ലാം. ദുബായ് ഹെല്‍ത് അതൊറിറ്റി ജീവനക്കാരും എം എസ് എസ് പ്രവര്‍ത്തകരും സേവന സന്നദ്ധരായി മുഴുവന്‍ സമയവും കര്‍മ്മ രംഗത്ത് സജീവമായിരുന്നു. മുന്‍കൂട്ടി റെജിസ്റ്റര്‍ ചെയ്ത 400 അധികം പേര് സെന്ററില്‍ എത്തിയിരുന്നു. അജ്മാന്, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്നും ദുബായിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രത്യേകം വാഹന സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു. അടുത്ത രക്തദാന ക്യാമ്പിൽ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 050 713 8138 എന്ന നമ്പറിൽ ബന്ധപ്പെടാന്‍ ബ്ലഡ് ഡൊണേഷൻ കൺവീനർ നസീര്‍ അബൂബക്കര്‍ അറിയിച്ചു. എം എസ് എസ് ദുബായ് ചെയർമാൻ എം .സി. ജലീൽ, ജനറൽ സെക്രട്ടറി സിദ്ധിക്ക് പാലോട്ട് , എന്നിവരും മറ്റു ഭാരവാഹികളും സന്നിഹിതരായിരുന്നു.