എയ‍ർഇന്ത്യാ എക്സ്പ്രസിന് ദുബായില്‍ ഏ‍ർപ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു

കോവിഡ് രോഗികള്‍ യാത്ര ചെയ്ത പശ്ചാത്തലത്തില്‍, എയര്‍ ഇന്ത്യാ എക്സ്പ്രസ്സ് വിമാനങ്ങള്‍ക്ക് ദുബായ് വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയ താല്‍ക്കാലിക വിലക്ക് പിന്‍വലിച്ചു. ശനിയാഴ്ച മുതല്‍ ദുബായിലെ എല്ലാ സര്‍വീസുകളും പതിവ് പോലെ നടക്കുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വ്യക്തമാക്കി.ഇക്കഴിഞ്ഞ ഓഗസ്റ്റ് 28ന് ദില്ലിയില്‍ നിന്ന് ദുബായിലേക്ക് യാത്രചെയ്തയാള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്ന്, ദുബായ് സിവില്‍ ഏവിയേഷന്‍ എയർ ഇന്ത്യക്ക് നോട്ടീസ് നല്കുകയായിരുന്നു. എന്നാല്‍ ഈ മാസം നാലിന് ജയ്പ്പൂരില്‍ നിന്ന് മറ്റൊരു കോവിഡ് രോഗി കൂടി എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ ദുബായില്‍ എത്തിയതായി കണ്ടെത്തി. ഈ പശ്ചാത്തലത്തിലാണ് രണ്ടാഴ്ചത്തേക്ക് വിലക്ക് ഏർപ്പെടുത്തുന്നതായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചത്. സംഭവത്തില്‍ പിന്നീട് എയർ ഇന്ത്യാ എക്സ്പ്രസ് ഖേദം പ്രകടിപ്പിക്കുകയും, ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കാതിരിക്കാന് കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇതോടെ വെള്ളിയാഴ്ചയോടെ വിലക്ക് പിന്‍ വലിക്കുകയായിരുന്നു.

Leave a Reply