കോട്ടയത്തെ പൊതുചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല :  ഷാര്‍ജയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍ 

ഷാര്‍ജ ( യുഎഇ ) : കേരള നിയമസഭയില്‍ അമ്പത് വര്‍ഷം പൂര്‍ത്തിയാക്കിയ പിതാവ് ഉമ്മന്‍ചാണ്ടിയുടെ, കോട്ടയത്തെ പൊതുചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്തതിന്‍റെ സങ്കടം മകള്‍ തീര്‍ത്തത്, പിതാവിന്‍റെ പേരില്‍ നടന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്ത്. യുഎഇയിലെ ഷാര്‍ജയിലാണ് ഉമ്മന്‍ചാണ്ടിയുടെ പേരില്‍, പ്രവാസ ലോകത്തെ സാധാരണക്കാര്‍ക്കായി  മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രവാസി കൂട്ടായ്മയായ, ഇന്‍കാസ് യുഎഇ കേന്ദ്ര കമ്മിറ്റിയായിരുന്നു ക്യാമ്പിന്‍റെ സംഘാടകര്‍. നിര്‍ധനരായവര്‍ക്ക് സൗജന്യ ചികിത്സയും മരുന്നും ഉറപ്പാക്കുന്നതില്‍, എക്കാലത്തും മുന്നില്‍ നിന്ന ജനകീയ നേതാവാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.  ഉമ്മന്‍ചാണ്ടി കേരള നിയമസഭാംഗമായതിന്‍റെ അമ്പതാം വാര്‍ഷിക നിറവിലാണ്, പ്രവാസ ലോകത്ത്, ഇത്തരത്തില്‍ സാധാരണക്കാര്‍ക്കായി ഇത്തരത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടപ്പിച്ചത്. ഇപ്രകാരം, ഉമ്മന്‍ചാണ്ടിയുടെ അസാന്നിധ്യത്തില്‍ മകള്‍ അച്ചു ഉമ്മന്‍, മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കേക്ക് മുറിച്ചാണ്, ഈ ലളിതമാര്‍ന്ന ക്യാമ്പിന് ഷാര്‍ജയില്‍ തുടക്കമിട്ടത്. അച്ചുവിന്‍റെ സഹോരങ്ങളായ മറിയവും ചാണ്ടിയുമെല്ലാം, കോട്ടയത്തെ പൊതുചടങ്ങില്‍ പങ്കെടുത്തപ്പോള്‍, കൊവിഡ് കാലത്തെ നിയന്ത്രണങ്ങള്‍ മൂലം അച്ചുവിന് പങ്കെടുക്കാന്‍ കഴിഞ്ഞിരിന്നില്ല.

ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചുഉമ്മന്‍, ഇന്‍കാസ് ജന.സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലിക്ക് മധുരം നല്കുന്നു

അതേസമയം, നേരത്തെ മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്കായാണ് ക്യാമ്പിലൂടെ ആരോഗ്യ പരിശോധന നല്‍കിയത്. അതിനാല്‍, കൊവിഡ് കാലത്ത് വലിയ രീതിയിലുള്ള തിരക്ക് ഒഴിവാക്കാന്‍ സംഘാടകര്‍ക്ക് കഴിഞ്ഞു. ദുബായ്, ഷാര്‍ജ , അജ്മാന്‍, റാസല്‍ഖൈമ എന്നീ നാല് എമിറേറ്റുകളില്‍, ഇത്തരത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചെന്ന് ഇന്‍കാസ് യുഎഇ ആക്ടിങ് പ്രസിഡണ്ട് ടി എ രവീന്ദ്രന്‍, ജനറല്‍ സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി എന്നിവര്‍ പറഞ്ഞു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് ഇ പി ജോണ്‍സണ്‍, ഷാര്‍ജ ഇന്‍കാസ് പ്രസിഡണ്ട് അഡ്വ വൈ എ റഹിം, ദുബായ് ഇന്‍കാസ് പ്രസിഡണ്ട് നദീര്‍ കാപ്പാട്, അജ്മാന്‍ ഇന്‍കാസ് പ്രസിഡണ്ട് നസീര്‍ മുറ്റിച്ചൂര്‍, മെഡിക്കല്‍ ക്യാമ്പ് ചീഫ് കോ ഓര്‍ഡിനേറ്റര്‍ ഷാജി ഷംസുദ്ദീന്‍, സി പി ജലീല്‍, അബ്ദുല്‍ മനാഫ്, മജീദ് എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply