ഹമീദ് സാഹിബ്അങ്ങയെ ഞങ്ങൾക്ക് മറക്കാൻ കഴിയില്ല


വ്യക്തിപരമായി ഏറെ അടുപ്പം ഉള്ള ഒരാൾ.
ഔപചാരികതകളില്ലാത്ത സൗഹൃദത്തിന്റെ നിറ സാന്നിധ്യം
വിട്ടുപോയത് മനസ്സിൽ അത്രയേറെ  ആത്മബന്ധം സൂക്ഷിച്ചിരുന്ന ഒരാൾ…..
 എപ്പോഴും മുഖത്ത് സൗമ്യമായ ഒരു പുഞ്ചിരി, സംസാരത്തിൽ നിർമ്മലത.  ആരോടും വിനയം നിറഞ്ഞ പെരുമാറ്റം… എല്ലാംകൊണ്ടും വ്യത്യസ്തനായിരുന്നു ഷാഹുൽ ഹമീദ് സാഹിബ്.
 2011 ഒക്ടോബർ 20നാണു  ഞാൻ ആദ്യമായി ഹമീദ്  സാഹിബിനെ കാണുന്നത്. ദർശന ചാനൽ ലോഞ്ച് ചെയ്യുന്നതിന്റെ രണ്ടുമാസം മുമ്പ് ചാനലുമായി  ബന്ധപ്പെട്ട ആവശ്യങ്ങൾക്കായി ചെയർമാൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടേയും  മാനേജിംഗ് ഡയറക്ടർ ഇസ്മായിൽ കുഞ്ഞുഹാജിയുടെയും കൂടെ യുഎഇയിൽ എത്തിയ സമയം.  പലരെയും കണ്ടു കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നതിനിടയിൽ ഡയറക്ടർമാരായ സുലൈമാൻ  ഹാജിയുടെയും ഷിയാസ്  സുൽത്താന്റെയും കൂടെയാണ് ഷാർജയിലുള്ള ഹമീദ്  സാഹിബിന്റെ  ഓഫീസിൽ കയറിച്ചെല്ലുന്നത്.  
ഞങ്ങൾക്ക് അന്നുതന്ന ഹൃദ്യമായ  സ്വീകരണം ഇന്നും മനസ്സിൽ നിന്നും മാഞ്ഞിട്ടില്ല. ഞങ്ങൾ അവതരിപ്പിച്ച കാര്യങ്ങൾ ശ്രദ്ധാപൂർവ്വം കേട്ട അദ്ദേഹം നിറപുഞ്ചിരിയോടെ  ആവശ്യപ്പെട്ട  സഹായം ഒരു വൈമനസ്യവും കൂടാതെ ഏറ്റെടുക്കുകയും ദർശനയുടെ  ഒരു ഭാഗമായിത്തീരുകയും ചെയ്തു. അന്നുതുടങ്ങിയ ബന്ധം സുദൃഢമായി തന്നെ അദ്ദേഹം മരിക്കുന്നത് വരെ തുടർന്നു.
ചാനലിന്റെ ആവശ്യങ്ങൾ കണ്ടറിഞ്ഞു വേണ്ട ഇടപെടലുകൾ നടത്തുന്നതിലും സഹായസഹകരണങ്ങൾ നൽകുന്നതിലും എന്നും ഹമീദ് സാഹിബ് കൂടെയുണ്ടായിരുന്നു. അദ്ദേഹം പുതിയ വല്ല ബിസിനസ് സംരംഭവും തുടങ്ങിയാൽ ഉടനെ ഒരു ഫോൺകോൾ  എനിക്കു വരും.  “നിങ്ങൾ അടുത്ത ദിവസം എന്നാണ് ഓഫീസിൽ ഉണ്ടാവുക നമുക്കൊന്ന് ഇരിക്കണം”  എന്നു പറയും.  പറഞ്ഞ ദിവസം കൃത്യസമയത്തുതന്നെ  ഓഫീസിൽ എത്തുന്ന അദ്ദേഹം കയ്യിൽ ഒരു ചെക്കുമായിട്ടായിരിക്കും വരിക.  ഞാൻ പുതിയതായി ഒരു ബിസിനസ് സംരംഭം തുടങ്ങിയിട്ടുണ്ട് നമ്മുടെ ചാനലിൽ  അതിൻറെ പരസ്യം ഉടനേ തുടങ്ങണം എന്നുപറയും. ദർശനയുടെ മുന്നോട്ടുള്ള പ്രയാണത്തിന് എനിക്ക് ഇങ്ങനെയൊക്കെയാണ് കൂടെ നിൽക്കാൻ കഴിയുക അതു ഞാൻ ചെയ്യുന്നു എന്ന് പറയും.പലപ്പോഴും സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുന്ന സമയത്താവും ഇത്തരം ആശ്വാസ സാന്നിധ്യം ഒരു അനുഗ്രഹമായി ഭവിക്കുക. ദർശനയുടെ പല വിഷമഘട്ടങ്ങളിലും ആ സഹായഹസ്തം പലപ്പോഴും ആവശ്യപ്പെടാതെ തന്നെ തേടിയെത്താറുണ്ടായിരുന്നു.  
കൃത്യമായ ഒരു ബിസിനസ് കാഴ്ചപ്പാടുള്ള വ്യക്തി എന്ന നിലക്ക്  പലപ്പോഴും ബിസിനസ് മേഖലയുടെ കുതിപ്പും കിതപ്പും  കണ്ടറിയാനുള്ള ഒരു ഉൾകാഴ്ച ഹമീദ് സാഹിബിനു  ഉണ്ടെന്ന് എനിക്ക് പലപ്പോഴും ബോധ്യമായിട്ടുണ്ട്.  ചെറിയ  ഒരു  സാമ്പത്തിക പ്രതിസന്ധിയുടെ  സമയത്താണ് ഞാൻ സാജിദ്  കോറോത്തിന്റെ ഗൃഹപ്രവേശനത്തിൽ പങ്കെടുക്കാൻ അത്തോളിയിൽ പോയത്.  ഈ വ്യക്തിയുടെ അയൽവാസിയാണ് ഹമീദ് സാഹിബ്. ചെന്നപ്പോൾ  അദ്ദേഹവും ഉണ്ട് അവിടെ.  ഭക്ഷണശേഷം അടുത്തുവന്ന് തോളിൽ കൈവെച്ചു ചാനൽ വിശേഷങ്ങൾ അന്വേഷിച്ചു. 
 ചാനലുമായി ബന്ധപ്പെട്ട ചെറിയ ഒരു  പ്രതിസന്ധിയുടെ കാര്യമടക്കം  ഞാൻ അദ്ദേഹത്തിനു മുൻപിൽ എല്ലാം അവതരിപ്പിച്ചു. തൊട്ടടുത്ത ദിവസം പതിവു പോലെ ഓഫീസിൽ അദ്ദേഹം വരികയും  മനസ്സിന് ആത്മധൈര്യം പകരുന്ന കുറെ കാര്യങ്ങൾ സംസാരിക്കുകയും ചെയ്തു.  ആ സമയത്ത് അതൊരു വലിയ  മോട്ടിവേഷൻ തന്നെയായിരുന്നു.   “എന്താവശ്യമുണ്ടെങ്കിലും പറയണം ഞങ്ങളൊക്കെ ഇല്ലേ ഇവിടെ ഒരു കാര്യത്തിലും വേവലാതിപ്പെടേണ്ട” എന്ന് പറഞ്ഞു  ഊർജ്ജം പകരുകയും ചെയ്തു.  ആ കൂടിക്കാഴ്ചയിൽ പകർന്നുതന്ന വാക്കുകൾ മുന്നോട്ടുള്ള പ്രയാണത്തിൽ കുറച്ചൊന്നുമല്ല ആത്മധൈര്യം പകർന്നുതന്നത്. 
ജീവകാരുണ്യ  പ്രവർത്തന രംഗത്തും നിറഞ്ഞുനിന്നിരുന്ന സാന്നിധ്യമായിരുന്നു ഹമീദ് സാഹിബ്.  തന്റെ സമ്പാദ്യത്തിൽ നിന്നും നല്ല  ഒരു ശതമാനം പാവങ്ങളെ സഹായിക്കാൻ അദ്ദേഹം നീക്കിവെച്ചിരുന്നു. ജീവകാരുണ്യ സംഘടനകളിലും സാമൂഹിക സാംസ്കാരിക രംഗങ്ങളിലും എന്നും  നിറസാന്നിധ്യമായിരുന്നു ഹമീദ് സാഹിബ്. ദർശനയെ  സംബന്ധിച്ചിടത്തോളം നികത്താനാകാത്ത വലിയ ഒരു വിടവാണ് അദ്ദേഹത്തിന്റെ വിയോഗം. അദ്ദേഹത്തിന്റെ പരലോക ശാന്തിക്കായി പ്രാർത്ഥിക്കുകയാണ്.നാഥന്റെ അനുഗ്രഹം അദ്ദേഹത്തിൽ വർഷിക്കുമാറാകട്ടെ …
സിദ്ദീഖ് ഫൈസി വാളക്കുളം 
എക്സിക്യുട്ടീവ് ഡയറക്ടർ ദർശന ടിവി

Leave a Reply