ഐപിഎൽ 2020: ഔദ്യോഗിക മെഡിക്കൽ പങ്കാളിയായി വിപിഎസ് ഹെൽത്ത് കെയർ

ദുബായ്: കോവിഡ് മഹാമാരിക്കിടെ യുഎഇയിൽ നടക്കുന്ന ക്രിക്കറ്റ് മേളയായ ഐപിഎൽ- 2020ന്റെ ഔദ്യോഗിക മെഡിക്കൽ പങ്കാളിയായി വിപിഎസ് ഹെൽത്ത്കെയറിനെ ബിസിസിഐ തിരഞ്ഞെടുത്തു. ഐപിഎല്ലിനായുള്ള കോവിഡ് പരിശോധന ഏജൻസിയായി വിപിഎസിനെ നിയമിച്ചതിനു പിന്നാലെയാണ് ടൂർണമെന്റിന്റെ മുഴുവൻ മെഡിക്കൽ കാര്യങ്ങളുടെയും ഉത്തരവാദിത്തവും ഗ്രൂപ്പിന് നൽകുന്നത്.

കളിക്കാർക്കും ഫ്രാഞ്ചയ്സികളുടെ ജീവനക്കാർക്കും ഒഫീഷ്യലുകൾക്കുമുള്ള മെഡിക്കൽ സേവനങ്ങൾ വിപിഎസ് ഹെൽത്ത്കെയർ ലഭ്യമാക്കും. അടിയന്തര മെഡിക്കൽ സേവനങ്ങൾ, മസ്‌കുലോസ്‌കെലറ്റൽ ഇമേജിംഗ്, സ്പോർട്സ് മെഡിസിൻ സേവനങ്ങൾ, ആശുപത്രികളിൽ കിടത്തി ചികിത്സ, എയർ ആംബുലൻസ് അടക്കമുള്ള ആംബുലൻസ് സൗകര്യങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടും. ടൂര്ണമെന്റുമായി ബന്ധമുള്ളവർ കോവിഡ് പോസിറ്റിവ് ആയാൽ അവരെ ഐസൊലേറ്റ് ചെയ്യുന്നതിനുള്ള പ്രത്യേക കേന്ദ്രങ്ങളിൽ മെഡിക്കൽ സേവനങ്ങൾ നൽകാനുള്ള ചുമതലയും ഗ്രൂപ്പിനായിരിക്കും.

ഇതിനകം തന്നെ കോവിഡ് പരിശോധന ഏജൻസിയായി ബിസിസിഐ നിയമിച്ച വിപിഎസ് ഹെൽത്ത്കെയർ കളിക്കാർക്കും ഒഫീഷ്യലുകൾക്കും കൃത്യമായ ഇടവേളകളിലുള്ള കോവിഡ് പരിശോധനകൾ തുടരുകയാണ്. ഇരുപതിനായിരം ടെസ്റ്റുകളാണ് ടൂര്ണമെന്റിനിടെ പൂർത്തിയാക്കുക . ഔദ്യോഗിക ആരോഗ്യപങ്കാളിയായതോടെ ടൂർണ്ണമെന്റുമായി ബന്ധപ്പെട്ട എല്ലാ ആരോഗ്യകാര്യങ്ങളുടെയും ചുമതല വിപിഎസിനായി. യുഎഇ ആഥിത്യമരുളുന്ന ഐപിഎല്ലിലെ നിർണ്ണായക പങ്കാളിത്തം ഗ്രൂപ്പിന് വൻ നേട്ടമായി.

ഐപിഎല്ലിനാവശ്യമായ സമഗ്ര മെഡിക്കൽ സേവനങ്ങൾ പ്രദാനം ചെയ്യുന്നതിന് ആശുപത്രികളും മെഡിക്കൽ വിദഗ്ദരും സജ്ജമായിക്കഴിഞ്ഞെന്ന് വിപിഎസ് ഹെൽത്ത്കെയർ ദുബായ് ആൻഡ് നോർത്തേൺ എമിറേറ്റ്സ് സിഇഒ ഡോ. ഷാജിർ ഗഫാർ പറഞ്ഞു. ടൂർണമെന്റ് അവസാനിച്ചു കളിക്കാരും ഒഫീഷ്യലുകളും മടങ്ങുന്നതുവരെ അവരുടെ ആരോഗ്യപരമായ എല്ലാ ആവശ്യങ്ങളും നിറവേറ്റാനുള്ള വിശദമായ പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്. മഹാമാരി ഉയർത്തുന്ന വെല്ലുവിളികൾക്കിടെയും അനുഭവസമ്പന്നരായ മെഡിക്കൽ വിദഗ്ദരുടെ നേതൃത്വത്തിൽ ഇത് നടപ്പാക്കാനാകുമെന്ന പൂർണ്ണ വിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഐപിഎല്ലിനുള്ള സേവനങ്ങൾക്കായി വിപിഎസിന്റെ പ്രധാന ആശുപത്രികളിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. മെഡിക്കൽ വിദഗ്ദരും സ്പോർട്സ് മെഡിസിൻ സ്പെഷ്യലിസ്റ്റുകളും കോവിഡ് മാനേജ്‌മെന്റിൽ അനുഭവപരിചയമുള്ളവരുമടങ്ങുന്ന പ്രത്യേക സംഘമാണ് ഇതിന് നേതൃത്വം നൽകുന്നത്. അബുദാബിയിലെ ബുർജീൽ മെഡിക്കൽ സിറ്റിയും ഷാർജയിലെ ബുർജീൽ സ്പെഷ്യാലിറ്റി ആശുപത്രിയും ഐപിഎല്ലുമായി ബന്ധപ്പെട്ട മെഡിക്കൽ കാര്യങ്ങൾക്കുള്ള പ്രത്യേക കേന്ദ്രങ്ങളായി പ്രവർത്തിക്കും.

ആശുപത്രികളിൽ പ്രവേശിപ്പിക്കേണ്ട കളിക്കാരെ അബുദാബിയിലോ ദുബായിലോ ഷാർജയിലോ ഉള്ള വിപിഎസ് ആശുപത്രികളിൽ എത്തിക്കും. ആംബുലൻസുകളും എയർ ആംബുലൻസും വിപിഎസ് ഹെൽത്ത്‌കെയറിനു കീഴിലുള്ള റെസ്പോൺസ് പ്ലസ് മെഡിക്കൽ (RPM) ആണ് ലഭ്യമാക്കുക. മെഡിക്കൽ ആംബുലൻസ് ലാൻഡ്ചെയ്യാനായി ഹെലിപാഡ് സൗകര്യമുള്ള ബുർജീൽ മെഡിക്കൽ സിറ്റിയിലേക്ക് അബുദാബിയിലെ മത്സര വേദിയിൽ നിന്നും കളിക്കാരുടെ താമസസ്ഥലത്തു നിന്നും വേഗത്തിൽ എത്താനാകും.

Leave a Reply