തിരുവനന്തപുരം വിമാനത്താവളം, കേന്ദ്രസർക്കാ‍ർ നടപടി പ്രതിഷേധാർഹമെന്ന് ഓ‍ർമ്മ

0
119

തിരുവനന്തപുരം വിമാനത്താവള വിഷയത്തിൽ സംസ്ഥാനത്തിന്‍റെ അഭ്യർത്ഥനകൾ പരിഗണിക്കാതെയുള്ള കേന്ദ്ര സർക്കാർ നടപടികൾ തികച്ചും പ്രതിഷേധാർഹമാണെന്ന്  യു എ ഇ സാംസ്കാരിക സംഘടന ‘ഓർമ’. തിരുവനന്തപുരം വിമാനത്താവളം  അദാനിക്ക് വിറ്റഴിക്കാനുള്ള തീരുമാനത്തിൽ നിന്ന് കേന്ദ്രം പിന്മാറണമെന്നും ‘ഓർമ’ ഭാരവാഹികൾ പ്രസ്താവനയിൽ  ആവശ്യപ്പെട്ടു.രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം തങ്ങളുടെ ഇഷ്ടക്കാരായ സ്വകാര്യ കോര്‍പ്പറേറ്റ്‌ കമ്പനികള്‍ക്ക്‌ വിറ്റ്‌ കാശാക്കുകയാണ്‌ ബി.ജെ.പി സര്‍ക്കാര്‍ ചെയ്യുന്നത്. 170 കോടി രൂപ വാര്‍ഷിക ലാഭം ലഭിയ്‌ക്കുന്ന സ്ഥാപനമാണ്, വിമാനത്താവള നടത്തിപ്പിൽ യാതൊരു മുൻപരിചയവും ഇല്ലാത്ത അദാനി ഗ്രൂപ്പിന് കൈമാറുന്നത്. ‌ തിരുവനന്തപുരം വിമാനത്താവളം പൊതുമേഖലയിൽ നിലനിർത്താൻ കഴിയുംവിധം പ്രത്യേക കമ്പനി രൂപീകരിച്ച്‌  പ്രവർത്തിപ്പിക്കാൻ തയ്യാറാണെന്നു കേരള സർക്കാർ കേന്ദ്രത്തെ അറിയിച്ചിരുന്നു. ഇത്തരത്തിൽ, സംസ്ഥാന സർക്കാരിന്‌ പങ്കാളിത്തമുള്ള കമ്പനികളാണ്‌ കൊച്ചി, കണ്ണൂർ എന്നീ രണ്ടു അന്താരാഷ്ട്ര വിമാനത്താവളങ്ങൾ വളരെ നല്ല നിലയിലിൽ നടത്തിക്കൊണ്ടു പോവുന്നതെന്നും ചൂണ്ടിക്കാണിച്ചിരുന്നു. അദാനി ഗ്രൂപ്പ്‌ വാഗ്‌ദാനംചെയ്‌ത തുക തന്നെ നൽകാമെന്ന് ഉറപ്പും നൽകി. എന്നാൽ, ഇതെല്ലാം അവഗണിച്ചാണ് കേരളത്തിന്റെ തലസ്ഥാന നഗരത്തിലുള്ള വിമാനത്താവളം   ദീർഘകാലത്തേക്ക് അദാനിക്ക്‌  പാട്ടത്തിന്‌ നൽകാൻ‌ കേന്ദ്ര ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്.രാജ്യം അതിസമ്പന്നർക്ക്‌ പതിച്ചുനൽകി ജനങ്ങളെ കൊള്ളയടിക്കാൻ ‌മോഡി സർക്കാർ അവസരമൊരുക്കുമ്പോൾ പൊതുസ്വത്ത് സംരക്ഷിച്ച് കൂടുതൽ വികസനം നടപ്പാക്കുകയാണ് കേരള സർക്കാർ. ഈ മാതൃകയാണ് തിരുവനന്തപുരത്തിന്റെ കാര്യത്തിലും സർക്കാർ സമർപ്പിച്ചതെന്ന് ‘ഓർമ’ ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ പൊതുസ്വത്ത് വിറ്റഴിക്കുന്ന ഇത്തരം നിലപാടുകൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് വിറ്റഴിക്കുന്നതിനുള്ള തീരുമാനം അടിയന്തിരമായി പിൻ‌വലിക്കണമെന്നും ഭാരവാഹികൾ  ആവശ്യപ്പെട്ടു.  സ്വകാര്യവൽക്കരണ നടപടിക്കെതിരെയുള്ള എല്ലാവിധ സമരപരിപാടികൾക്കും ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നുവെന്നും ഓർമ രക്ഷാധികാരിയും ലോകകേരള സഭാംഗവുമായ എൻ കെ കുഞ്ഞുമുഹമ്മദ്, ഓർമ പ്രസിഡന്റ് അബ്ദുൽ റഷീദ്, സെക്രട്ടറി അബ്ദുൽ റഹ്മാൻ, എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.

Leave a Reply