ചൈന കുറച്ചുകാലമായി വാർത്തയിൽ നിറഞ്ഞിരുന്നത് കൊറോണയുടെ ഉദ്ഭവ സ്ഥാനം എന്നപേരിലായിരുന്നു. എന്നാൽ ഇപ്പോൾ കേട്ടുകൊണ്ടിരിക്കുന്നത് ചൈനയിൽ ശുദ്ധജലം പോലും അപൂർവ്വമായ എന്തോ നിധിയാണെന്നതരത്തിലുള്ള വാർത്തകളാണ് മലിനജലം കുടിച്ച് ചൈനയിലെ ബാവോയിയിൽ മുന്നൂറോളം പേർ ആശുപത്രിയിലാണെന്നാണ് പുതിയ വാർത്തകൾ . ഷിഗല്ലെ ബാക്ടീരിയ കാരണമുണ്ടായ വയറിളക്കം ബാധിച്ചാണ് ഇത്രയും പേർ ആശുപത്രിയിൽ ചികിത്സ തേടിയത്. നഗരത്തിലെ അഞ്ഞൂറോളം പേർക്ക് രോഗബാധയുണ്ടെന്നാണ് സർക്കാർ ഏജൻസികൾ നൽകുന്ന വിവരം. ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതോടെ നഗരത്തിലെ കുടിവെള്ള പ്ലാന്റ് അടച്ചിടാനും വിതരണം നിർത്തിവെക്കാനും അധികൃതർ ഉത്തരവിട്ടു. നൂറിലേറെ പേർ ആശുപത്രികളിൽ തിങ്ങിനിറഞ്ഞ് നിൽക്കുന്ന ചിത്രങ്ങളും ചൈനയിൽനിന്ന് പുറത്തുവന്നിട്ടുണ്ട്. രോഗബാധയുള്ളവരിൽ ഭൂരിഭാഗവും കുട്ടികളും മുതിർന്നവരുമാണ്. ചൈനയിലെ സമ്പന്ന നഗരങ്ങളിൽ പോലും കുടിവെള്ളത്തിന്റെ സുരക്ഷിതത്വം ഏറെക്കാലമായി നിലനിൽക്കുന്ന പ്രശ്നമാണ്. അതിനാൽ തന്നെ പലയിടത്തും ജനങ്ങൾ കുപ്പിവെള്ളമാണ് ഉപയോഗിക്കുന്നത്. രാജ്യത്തെ ഉൾപ്രദേശങ്ങളിളിലും കുടിവെള്ള പ്രശ്നങ്ങൾ രൂക്ഷമാണ്. എന്നാൽ കഴിഞ്ഞ ജൂലായിൽ ജലവിഭവ മന്ത്രാലയം ഗ്രാമമേഖലകളിലെ ജലവിതരണ സംവിധാനങ്ങൾ നവീകരിച്ചിരുന്നുവെന്നാണ് ഔദ്യോഗിക വാർത്താ ഏജൻസിയുടെ റിപ്പോർട്ട്. |