ദുബായ് : കെ എം ബിയെന്ന കെ എം ബഷീറിനെ അനുസ്മരിച്ച് ദുബായ് ഇന്ത്യന്‍ മാധ്യമ കൂട്ടായ്മയും. അക്ഷരാർത്ഥത്തില്‍ നമ്മെയെല്ലാവരെയും ഞെട്ടിച്ചതായിരുന്നു, കെഎംബിയുടെ മരണം. സിറാജിനെ സംബന്ധിച്ചിടത്തോളം, തീർത്താല്‍ തീരാത്ത നഷ്ടമാണ്, അദ്ദേഹത്തിന്റെ മരണമെന്നും, കെ എം അബ്ബാസ് ആമുഖ പ്രഭാഷണത്തില്‍ അനുസ്മരിച്ചു. ബഷീറിന് നീതി ലഭിക്കുന്നതുവരെ എല്ലാവരും ഒരുമിച്ച് നിന്ന്, ശബ്ദമുയർത്തേണ്ടതാണെന്ന് രാജുമാത്യു പറഞ്ഞു. വ്യക്തി ജീവിതത്തിലും, ഔദ്യോഗിക ജീവിതത്തിലും ഒരുപോലെ പ്രകാശിച്ചവ്യക്തിയായിരുന്നു കെഎംബിയെന്ന്, എം സി എ നാസർ പറഞ്ഞു. അദ്ദേഹത്തെ ഒറ്റുകൊടുത്തവരെ തിരിച്ചറിയേണ്ടകാലം കൂടിയാണ്. ബഷീറിന്റെ കുടുംബത്തിന് നീതി ലഭിക്കാനുളള, ബാധ്യത നാം എല്ലാവരും ഏറ്റെടുക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബഷീർ വിടപറഞ്ഞ്, ഒരുവർഷം കഴിയുമ്പോഴും, ആ കുടുംബത്തിന് നീതി ലഭിച്ചോയെന്ന്,നമ്മള് ആലോചിക്കേണ്ടതാണെന്ന്, എല്‍ വിസ് ചുമ്മാർ പറഞ്ഞു. ബഷീറിനെ സഹോദരന്റെ കരച്ചില് നാം ഓരോരുത്തരേയും നൊമ്പരപ്പെടുത്തണം. ഇനിയൊരു ബഷീറുണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ മുഴുവൻ മാധ്യമ പ്രവർത്തകരും ബഷീറിന്റെ കാര്യത്തിൽ ജാഗ്രത പുലർത്തുകയും പ്രതികൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്തിട്ടുണ്ട് .അതേ സമയം കേസ് അന്വേഷണത്തിൽ വീഴ്ച സംഭവിച്ചിട്ടുണ്ട് .എന്നാൽ നീതിന്യായ വ്യവസ്ഥയിൽ പ്രതീക്ഷ വെച്ച് പുലർത്തുകയാണ് .ബഷീർ എക്കാലവും കെട്ടടങ്ങാത്ത ഓർമയാണെന്നും കൂട്ടായ്മ ചൂണ്ടിക്കാട്ടി .നിഷ് മേലാറ്റൂർ ,സാദിഖ് കാവിൽ ,ടി എ ശിഹാബ് ,പ്രമദ് ബി കുട്ടി എന്നിവരും കെഎംബിയെ അനുസ്മരിച്ചു