സാമ്പത്തിക കാര്യങ്ങളിലെ അച്ചടക്കം തന്നെയാണ് ജീവിത വിജയത്തിന്റെ കാതലെന്ന്, സാമ്പത്തിക കാര്യവിദഗ്ധന്, കെ വി ഷംസുദ്ദീന്. പ്രവാസജീവിതത്തിന്റെ അമ്പതുവർഷങ്ങള്‍ പൂർത്തിയാക്കുന്നവേളയില്‍, യുഎഇയിലെ മാധ്യമപ്രവർത്തകരുമായി, വിർച്വല്‍ കൂടികാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

1970 ജൂലൈ 21 നാണ് യുഎഇയിലെത്തിയത്.ഇന്ത്യയുടേയും യുഎഇയുടേയും ഭരണാധികാരികള്‍ തമ്മില്‍ കാലാകാലമായി നിലനില്‍ക്കുന്ന സൌഹൃദം തന്നെയാണ് എന്നും ഇവിടത്തെ പ്രവാസികള്‍ക്ക് എന്നും തണലാകുന്നത്. ആയിരം ഉറുപ്പിക പോലും, ഹുണ്ടിപ്പണമായി (കുഴല്‍പണം) അയക്കരുത്, തന്റെതല്ലാത്ത, സ്വർണകൂമ്പാരം കണ്ടാല്‍ പോലും തിരിഞ്ഞ് നോക്കരുത്. പിതാവിന്റെ ഈ രണ്ട് ഉപദേശങ്ങള്‍ അക്ഷരം പ്രതി അനുസരിച്ച് ഇക്കാലമത്രയും ജീവിക്കാന്‍ സാധിച്ചുവെന്നുളളത് ചാരിതാർത്ഥ്യം. ഉമ്മ തന്ന, 10 രൂപ കൊണ്ട് 10 പൈസയുടെ നാഷണല്‍ സേവിംഗ് സ്റ്റാമ്പ്, വാങ്ങിച്ച്, സമ്പാദ്യത്തിന്റെ ആദ്യശീലം പഠിച്ചു.

1970 ലാണ് ഷാർജയിലെത്തിയത്. ചുരുക്കി പറഞ്ഞാല്‍, യുഎഇ എന്ന രാജ്യം പിറവിയെടുക്കുന്നതിന് മുന്‍പ്. 1971 ല്‍ യുഎഇ എന്ന രാജ്യം രൂപപ്പെട്ടതുമുതല്‍, പിന്നീട് ഇങ്ങോട്ട് കണ്ടത്, രാജ്യത്തിന്റെ വളർച്ചമാത്രം.

ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ക്കായി നിരന്തരം പ്രവർത്തിച്ചാല്‍, അത് ലഭിക്കുമെന്ന്, ഗുരുസ്ഥാനത്ത്, കാണുന്ന എം പി നാരായണപിളള പറഞ്ഞതാണ്, ഇക്കാമത്രയും പ്രചോദനമായത്. വായനാശീലം പണ്ടുമുതലേയുണ്ട്, വായനയിലൂടെയാണ് നാരായണപിളളസാറിനോട് അടുക്കുന്നത്. പ്രവാസികളുടെ കാര്യങ്ങളില്‍ ശരിയുടെ പക്ഷത്ത്, നില്ക്കുകയെന്നുളളത്, കഴിഞ്ഞ അമ്പത് വർഷവും ജീവിതത്തില്‍ പ്രാവർത്തികമാക്കി, അതിന്, വലിയൊരളവില്‍ മാധ്യമങ്ങളും സഹായിച്ചു. ഇന്ത്യന്‍ ഓവർസീസ് ബാങ്കില്‍, എന്‍ ആർ ഇ അക്കൌണ്ട് തുടങ്ങുകയാണ് ആദ്യം ചെയ്തത്.1976 ൽ യുടിഐ നിക്ഷേപം നടത്തി തുടങ്ങി. അറിയാവുന്ന പലരേയും പിന്നീട് ഇതില്‍ ചേർത്തി. വിദേശത്ത് നിന്ന്, ആളുകളെ ചേർക്കുന്ന കെ വി ഷംസുദ്ദീനെ കാണമെന്ന്, പറഞ്ഞ് യുടിഐ എക്സിക്യൂട്ടീവ് ട്രസ്റ്റി, എപി കുര്യന്റെ കത്ത് കിട്ടിയത് മറക്കാനാകാത്ത അനുഭവം. 1976 നാട്ടിലേക്ക് പോയപ്പോൾ മുംബൈയിലിറങ്ങി അദ്ദേഹത്തെ കണ്ടു. അങ്ങനെ യുടിഐയുടെ ഫോറിൻ ഓവർസീസ് ഏജന്റായി നിയമിക്കപ്പെട്ടു. പിന്നീടിങ്ങോട്ടും പ്രവാസികള്‍ക്കായി തന്നെയാണ്, പ്രവർത്തനങ്ങള്‍ തുടർന്നത്. നിലവില്‍ ഇന്ത്യ-യുഎഇ സംരംഭമായ ബർജീൽ-ജിയോജിത്ത് ഫിനാൻഷ്യൽ സർവീസിന്റെ ഉടമസ്ഥ പങ്കാളിയാണ് കെ വി ഷംസുദ്ദീന്. വിവിധ പ്രവാസി വിഷയങ്ങളില്‍ ഗുണപരമായ ഇടപെടല്‍ നടത്താന്‍, സ്വയം രൂപീകരിച്ച പ്രവാസി ബന്ധു വെല്‍ ഫെയർ ട്രസ്റ്റിന് കഴിയുന്നുവെന്നും, അദ്ദേഹം പറയുന്നു. പ്രവാസജീവിതം തുടങ്ങിയത്, ഷാർജയില്‍ നിന്നാണ്, ഇപ്പോഴും ഷാർജയില്‍ തന്നെ. റേഡിയോയിലൂടെയും ടിവിയിലൂടെയും മറ്റും നിരവധിപേർക്ക്, സാമ്പത്തിക കാര്യങ്ങളില്‍ ഉപദേശം നല്കാന് കഴിഞ്ഞു. നിരാശയിലായിരുന്ന പലർക്കും, ജീവിതത്തില്‍ പുതിയ വഴികള്‍ തുറക്കാന്‍ കഴിഞ്ഞുവെന്നുളളതും ചാരിതാർത്ഥ്യം.

ഇതുവരെ 585 സെമിനാറുകള്‍ നടത്തി. ലോക് ഡൌണ്‍ കാലത്ത്, 45 വെബിനാറുകള്‍ നടത്തി. ആത്മഹത്യയുടെ വക്കിലെത്തിയ 300 ല്‍ കൂടുതല്‍ ആളുകളുമായി നേരിട്ട്, സംസാരിച്ചിട്ടുണ്ട്. 8 ക്രഡിറ്റ് കാർഡും, 2 ലക്ഷം ദിർഹവും കടവുമുണ്ടായിരുന്ന, ഒരാള്‍, ഇന്ന്, ചെറുകിട വ്യവസായം ചെയ്ത് ജീവിക്കുന്നു. ഇത്തരം തിരിച്ചുവരവുകള്‍, തന്നെയാണ്, സന്തോഷമെന്നും കെവി ഷംസുദ്ദീന് പറയുന്നു. സമ്പാദിക്കുകയെന്നുളളത് ആരും നമ്മുടെ പോക്കറ്റില്‍ കൊണ്ടുവച്ചുതരുന്നതല്ല. നമുക്ക് കിട്ടുന്നതില്‍ നിന്നുമാത്രമെ, സമ്പാദിക്കാന്‍ സാധിക്കൂ. എല്ലാ ചെലവും കഴിഞ്ഞ് നിക്ഷേപത്തിനുളള തുക നാം കണ്ടെത്തണമെന്നും പറയുന്നു, കെ വി ഷംസുദ്ദീന്.. രണ്ടു ഡോളറുമായാണ്, ഷാർജയിലെത്തിയത്. പിന്നിട്ട വഴികളിലേക്ക് നോക്കുമ്പോള്‍, സംതൃപ്തി മാത്രം. കുടുംബത്തിന്റെ പിന്തുണയും കരുത്തുനല്‍കിയെന്നും പറയുന്നു കെ വി ഷംസുദ്ദീന്. സമ്പത്ത് ഒന്നും നമ്മുടേതല്ല,നമ്മളതിന്റെ സൂക്ഷിപ്പുകാർ മാത്രമാണെന്ന, ഷെയ്ഖ് സയ്യീദിന്റെ വാക്കുകളാണ്, എന്നും മനസിലുളളത്. അതുകൊണ്ടുതന്നെയാണ് സമ്പത്തിന്റെ ഒരു ഭാഗം സമൂഹത്തിന്റെ നന്മയ്ക്കായി മാറ്റിവച്ചത്. ഇത്തരം കാഴ്ച പ്പാടുകള് തന്നെയാണ്, കെ വി ഷംസുദ്ദീനെന്ന, സാമ്പത്തിക കാര്യവിദഗ്ധനെ പ്രവാസികളുടെ ഇടയില്‍ സ്വീകാര്യനാക്കുന്നതും. കുട്ടികളില്‍ സമ്പാദ്യശീലം വളർത്തേണ്ടത് മാതാപിതാക്കള്‍ തന്നെയാണ്. പണത്തിന്റെ മൂല്യം കുട്ടികള്‍ക്ക് ബോധ്യപ്പെടുത്തി കൊടുക്കേണ്ടത് മാതാപിതാക്കള്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

കോവിഡിന് ശേഷം, പുതുയുഗത്തിലേക്കാണ് നാം പോകുന്നത്. മുന്‍പത്തേതില്‍ നിന്നും വ്യത്യസ്ഥമായ കാലഘട്ടമായിരിക്കും അത്. പുതിയ അവസരങ്ങളും പുതിയ തൊഴില്‍ മേഖലയുമായിരിക്കും, ഇനിയുളളത്. അതിനനുസരിച്ച്, പുതിയ തലമുറയെ ജീവിക്കാന്‍ പ്രാപ്തരാക്കുകയെന്നുളളതാണ്, ഇനി പറയാനുളളത്. കോവിഡ് കാലം കഴിഞ്ഞ് യുഎഇ തിരിച്ചുവരുമെന്നുളളതുതന്നെയാണ് പ്രതീക്ഷ. യുഎഇയെന്ന രാജ്യത്തിന്റെ വളർച്ച കണ്ടറിഞ്ഞ, പ്രവാസികളുടെ പ്രിയപ്പെട്ട സാമ്പത്തികഉപദേഷ്ടാവ് കെ വി ഷംസൂദ്ദീന്‍ പറഞ്ഞുനിർത്തുന്നു..