ആരോഗ്യ പ്രവർത്തകർ കോവിഡ് ഭീഷണിയിൽ ആശങ്കയോടെ കേരളം

0
373

കോവിഡ് വൈറസിനെതിരെയുള്ള ജാഗ്രതയെ അന്താരാഷ്ട്ര മാധ്യമങ്ങൾ വരെ പ്രകീർത്തിച്ചിട്ടുണ്ട്.

ആരോഗ്യപ്രവർത്തകർ മാത്രമല്ല സേവന സന്നദ്ധ പ്രവർത്തകർ കൂടി കൈകോർത്തതാണ് കേരളം ഇതിനുമുമ്പും പല പ്രതിസന്ധിഘട്ടങ്ങളെയും തരണം ചെയ്തിട്ടുള്ളത് എന്നത് നമ്മുടെ നാടിന്റെ ഒരു നന്മയാണ് ഉയർത്തിക്കാണിക്കുന്നത്. ഇതിനിടയിൽ ഏറെ ആശങ്കയുളവാക്കുന്ന ഒരു വാർത്തയും ആരോഗ്യവകുപ്പ് പുറത്തുവിടുന്നുണ്ട്.

ഇന്നലെ വരെ 435 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 221 പേർ ഡോക്ടർമാരും നഴ്സുമാരുമാണ്. 98 പേർ ആശുപത്രി ജീവനക്കാരാണ്. 52 പേർ ഹെൽത്ത് ഇൻസ്പെക്ടർമാരാണ്. ആശ വൊളന്റിയർമാർ 36. പൊലീസ് ഉൾപ്പെടെയുള്ള വകുപ്പുകളിലെ 26 പേരും 2 സന്നദ്ധപ്രവർത്തകരും കോവിഡ് പോസിറ്റീവ് ആയവരിൽ ഉൾപ്പെടുന്നു.

ഇന്നലെ മുഖ്യമന്ത്രിയുടെ അവലോകനയോഗത്തിലാണ് ഈ കണക്ക് ആരോഗ്യ സെക്രട്ടറി രാജൻ ഖൊബ്രഗഡെ അവതരിപ്പിച്ചത്. ഏറ്റവും കൂടുതൽ കോവിഡ് പോസിറ്റീവ് തിരുവനന്തപുരം ജില്ലയിലാണ്– 94 പേർ. ഇതിൽ 49 പേർ ഡോക്ടർമാരും നഴ്സുമാരുമാണ്.

ആരോഗ്യപ്രവർത്തകർ കോവിഡ് പോസിറ്റീവ് ആകുന്നത് ചികിത്സാ സംവിധാനത്തെ മുഴുവൻ ബാധിക്കുമെന്നതാണ് സർക്കാരിനെ ആശങ്കയിലാക്കുന്നത്. പോസിറ്റീവ് ആകുന്നവരുമായി ബന്ധപ്പെട്ടവരെല്ലാം ക്വാറന്റീനിൽ പോകുന്നത് പല ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിക്കുന്നു.

കോവിഡ് ആശുപത്രികൾ അല്ലാത്ത മറ്റു ചികിത്സാകേന്ദ്രങ്ങളിലെ ആരോഗ്യപ്രവർത്തകരും ഇക്കൂട്ടത്തിലുണ്ടെന്നത് രോഗവ്യാപനത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. ഇവരിൽ പലരുടെയും രോഗസ്രോതസ് കണ്ടെത്താനും കഴിഞ്ഞിട്ടില്ല. കോവിഡ് തിരിച്ചറിയാത്ത പലരും മറ്റു രോഗങ്ങളുമായി ആശുപത്രികളിലെത്തുന്നുണ്ടെന്നാണ് നിഗമനം. തുടക്കത്തിൽ പ്രതിരോധമാർഗങ്ങൾ ഉപയോഗിക്കുന്നതിലെ പാളിച്ചകളാണ് കോവിഡ് ബാധയ്ക്കു കാരണമായതെങ്കിലും ഇപ്പോൾ ആ പ്രശ്നം പരിഹരിക്കപ്പെട്ടിട്ടുണ്ട്.
എന്തായാലും സ്വജീവനേക്കാൾ അപരന്റെ ജീവനവിലകല്പിക്കുന്ന ഇത്തരം നല്ലമനുഷ്യർ ഉള്ള കാലത്തോളം ഒരു മഹാമാരിക്കുമുന്നിലും കേരളം തോറ്റുപോകില്ല. അസുഖബാധിതനായ മുഴുവൻ മനുഷ്യസ്നേഹികളും സുഖം പ്രാപിച്ച് തിരിച്ചുവരട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.

Leave a Reply