ലുലുവിന്റെ 189ാമത് ഹൈപര്‍ മാര്‍ക്കറ്റ് ഗയാത്തിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

0
555

അബുദാബി: പ്രമുഖ റീടെയിലറായ ലുലു ഗ്രൂപ്പിന്റെ 189-ാമത്തെ ഹൈപര്‍ മാര്‍ക്കറ്റ് അബുദാബി അല്‍ദഫ്‌റയില്‍പ്രവര്‍ത്തനമാരംഭിച്ചു. അല്‍ദഫ്‌റ ഗയാത്തി മാളിലെ പുതിയ ഹൈപര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം ലുലു ഗ്രൂപ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം.എ അഷ് റഫ് അലിയുടെ സാന്നിധ്യത്തില്‍ ഗയാത്തി മനിസിപ്പാലിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റാഷിദ് സുവൈദ് അല്‍ മന്‍സൂരി നിര്‍വഹിച്ചു.
കോവിഡ് 19 പ്രൊട്ടോകോള്‍ പാലിച്ച് ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ യൂസുഫലിയടക്കമുള്ള മറ്റു ഉന്നത ലുലു ഗ്രൂപ് പ്രതിനിധികള്‍ വെര്‍ച്വലായി ചടങ്ങില്‍ സംബന്ധിച്ചു.
പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി വരുംനാളുകളില്‍ കൂടുതല്‍ ഹൈപര്‍ മാര്‍ക്കറ്റുകള്‍ ജിസിസി രാജ്യങ്ങള്‍, ഈജിപ്ത്, ഇന്തോനേഷ്യ എന്നിവിടങ്ങളിലായി ആരംഭിക്കുമെന്നും ഗ്രൂപ് ചെയര്‍മാന്‍ എം.എ യൂസുഫലി പറഞ്ഞു.
അബുദാബിയിലെ വിവിധ പ്രദേശങ്ങളില്‍ 12 പുതിയ ഹൈപര്‍ മാര്‍ക്കറ്റുകളാണ് ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ റീടെയ്ല്‍ രംഗത്ത് ശക്തമായ സാന്നിധ്യമാണ് ഗ്രൂപ്പിനുള്ളതെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് 19 ന്റെ വെല്ലുവിളികള്‍ക്കിടയിലും രാജ്യത്തെ ദീര്‍ഘ വീക്ഷണമുള്ള ഭരണാധികാരികളുടെ നേതൃത്വത്തില്‍ സമ്പദ് വ്യവസ്ഥ വേഗത്തില്‍ വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് യൂസുഫലി പ്രത്യാശിച്ചു.
56,000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ ലോകോത്തര നിലവാരത്തിലുള്ള ഷോപ്പിംഗ് അനുഭവം സാധ്യമാക്കുന്ന ഹൈപര്‍ മാര്‍ക്കറ്റ് അബുദാബിയുടെ പടിഞ്ഞാറന്‍ പ്രവിശ്യയായ അല്‍ദഫ്‌റയിലെ ഗയാത്തി മാളിലാണ് പ്രവര്‍ത്തിക്കുന്നത്. ഫ്രഷ് ഉല്‍പന്നങ്ങളടക്കമുള്ളവയുടെ വൈവിധ്യമാര്‍ന്ന ശേഖരമാണ് ഹൈപര്‍ മാര്‍ക്കറ്റില്‍ ലഭ്യമാകുന്നത്.

Leave a Reply