ദുബായ് റോഡ്സ് ആന്റ് ട്രാന്‍സ്പോർട്ട് അതോറിറ്റിയുടെ ബസില്‍, ഡ്രൈവർമാരായി, സ്ത്രീകളെയും നിയമിച്ചു. 3 പേരാണ്, ജൂലൈ മൂന്നിന് ജോലിയില്‍ പ്രവേശിച്ചത്. മൂന്നു റൂട്ടുകളിലാണ് ഇവരെ നിയമിച്ചിട്ടുളളത്.
ബനിയാസ്, ദേര സിറ്റി സെന്റർ, ടി1, ടി2 എന്നിവയുമായി ബന്ധിപ്പിക്കുന്ന റൂട്ട് 77 ആണ് ആദ്യത്തേത്. രണ്ടാമത്തേത് റൂട്ട് എഫ് 36 ആണ്. മാൾ ഓഫ് എമിറേറ്റ്സ്, ദുബായ് സയൻസ് പാർക്ക്, അൽ ബർഷ സൗത്ത് എന്നിവയ്ക്കിടയിലുള്ള മെട്രോ ലിങ്ക് സേവനമാണിത്. മൂന്നാമത്തെ റൂട്ട് എഫ് 70 ബുർജുമാൻ, ബർ ദുബായ്, അൽ ഫാഹിദി എന്നിവയ്ക്കിടയിലുള്ള മെട്രോ സേവനമാണ്. ഗള്‍ഫ് മേഖലയില്‍ തന്നെ സ്ത്രീകള്‍ ബസ് ഡ്രൈവർമാരാകുന്നത് ഇതാദ്യമാണ്.
സ്ത്രീകള്‍ക്ക് പുതിയ തൊഴില്‍ മേഖല തുറക്കുകകൂടിയാണ് ഈ ഉദ്യമത്തിലൂടെ. തൊഴില്‍ മേഖലകളില്‍ സ്ത്രീപുരുഷ ഭേദമില്ലാതെ, എല്ലാവർക്കും അവസരങ്ങള്‍ നല്കുകയെന്നുളളതാണ് ആർടിഎ ലക്ഷ്യമിടുന്നതെന്ന്, സിഇഒ അഹമ്മദ് ഹാഷിം ബഹ്റോസ്യന്‍ പറഞ്ഞു.ഡ്രൈവറായി സ്ത്രീകള്‍ സേവനനമുഷ്ഠിക്കുന്ന, 165 ടാക്സികളും, ലിമോ കളും, സ്കൂള്‍ ബസും ആർടിഎയ്ക്കുണ്ട്.