ദുബായ് അന്താരാഷ്ട്ര പ്രോജക്ട് മാനേജ്മെന്റ് ഫോറത്തിന്റെ (ഡിഐപിഎംഎഫ്) ഏഴാം പതിപ്പ് വിർച്വല്‍ പ്ലാറ്റ് ഫോമില്‍ നടക്കും. ഡിസംബർ 12 മുതല്‍ 15 വരെയായിരിക്കും ഡിഐപിഎംഎഫ് നടക്കുകയെന്ന്, റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു.

ഭാവി നമ്മള് രൂപകല്പനചെയ്യുന്നു എന്നുളളതാണ് ആശയം. 2020, അടുത്ത അമ്പത് വർഷത്തേക്കുളള ഭാവി പരിപാടികള്‍ രൂപകല്പനചെയ്യേണ്ടുന്ന വർഷമായി, കരുതണമെന്ന്, ദുബായ് ഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും, ദുബായ് കിരീടാവകാശി, ഹിസ് ഹൈനസ് ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും നേരത്തെ ആഹ്വാനം ചെയ്തിരുന്നു. ഇതിന് ചുവട് പിടിച്ചാണ് ഈ ആശയത്തിലൂന്നി അന്താരാഷ്ട്ര പ്രോജക്ട് മാനേജ്മെന്റ് ഫോറവും നടത്തുന്നത്. കോവിഡ് 19 സാഹചര്യത്തിലാണ്, സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഫോറം നടത്താന്‍ തീരുമാനിച്ചതെന്നും ചെയർമാന് മാത്തർ അല്‍ തായർ പറഞ്ഞു. ഫോറത്തില്‍ പങ്കെടുക്കുന്നവർക്ക്, എഡ്ജ് കട്ടിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ച്, 3ഡി ആശയവിനിമയം നടത്താനും, ഹാളുകള്ക്കിടയിലൂടെ നീങ്ങാനും സംവിധാനമൊരുക്കും. ഫോറവും ലിങ്ക്ഡ്ഇനും തമ്മിലുള്ള ഡിജിറ്റൽ പങ്കാളിത്തവും ലോകമെമ്പാടുമുള്ള പങ്കാളികൾക്കുള്ള അവാർഡും ആർടിഎ പ്രഖ്യാപിച്ചു. ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയും (DEWA) പ്രോജക്ട് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടും (PMI) തമ്മില്‍, സഹകരിച്ച് നടക്കുന്ന ഫോറത്തിലേക്കുളള ഓൺലൈൻ രജിസ്ട്രേഷൻ (www.dipmf.ae) 2020 ജൂലൈ 1 ന് ആരംഭിക്കുമെന്നും ആർടിഎ അറിയിച്ചു.
