പരേതർക്കൊരു കാവലാൾ : അഷ്‌റഫ്‌ താമരശ്ശേരിയെ കുറിച്ചുള്ള സംഗീത ആൽബം പ്രകാശനം ചെയ്തു

0
282

ദുബായ് : ജീവകാരുണ്യ പ്രവർത്തന രംഗത്ത് സമാനതകളില്ലാത്ത അദ്ധ്യായങ്ങൾ രചിച്ച അഷ്‌റഫ്‌ താമരശ്ശേരിയെ കുറിച്ചുള്ള ‌ സംഗീത ആൽബം ദുബായിൽ പ്രകാശനം ചെയ്തു.”പരേതർക്കൊരു കാവലാൾ” എന്ന പേരിലുള്ള ആൽബം കഴിഞ്ഞ ദിവസം യൂട്യൂബിലാണ് റീലീസ് ചെയ്തത്. ലിപി പബ്ലിക്കേഷൻസ് മാനേജിങ് ഡയരക്ടർ ലിപി അക്ബറാണ് സംഗീത ആൽബത്തിൽ ഗാനം ആലപിച്ചിരിക്കുന്നത്. സന്നദ്ധ സേവനം ജീവിതവ്രതമാക്കിയ അഷ്‌റഫ് താമരശ്ശേരിയ്ക്ക് ആദരമര്‍പ്പിച്ചുള്ള കലാസ്യഷ്‌ടികൂടിയാണ് “പരേതർക്കൊരു കാവലാൾ”

സംരംഭകരായ എ കെ ഫൈസലിന്‍റെ നേത്വതത്തിൽ നെല്ലറ ശംസുദ്ധീൻ, എ എ കെ മുസ്തഫ, ഷാഫി അൽ മുർഷിദി, ത്വൽഹത്ത്, ഗാന രചയിതാവ് ഇബ്രാഹിം കാരക്കാട് എന്നിവർ ചേർന്നാണ് ഓൺലൈനിൽ പ്രകാശനം നടത്തിയത്.6 മിനിറ്റ് ദൈർഘ്യമുള്ള ആൽബം അഗാധമായൊരു പുണ്യകർമ്മത്തിന്‍റെ അത്യപൂർവ്വമായ ശക്തിസൗന്ദര്യത്തെ തുറന്ന് കാട്ടുന്ന രീതിയിലാണ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്‌. ഗാനം ആലപിച്ച ലിപി അക്ബർ തന്നെയാണ് ആൽബത്തിന്‍റെ അണിയറ പ്രവർത്തനങ്ങൾ ഏകോപിച്ചിരിക്കുന്നത്. മാപ്പിളപ്പാട്ട് ഗാന രചയിതാവ് ഫസൽ കൊടുവള്ളിയാണ് പ്രവാസത്തിന് പ്രവാഹത്തിൽ എന്നാരംഭിക്കുന്ന വരികളെഴുതിയത്. അഷറഫ് മഞ്ചേരിയാണ് ഈവരികൾക്ക് ഈണമിട്ടത്‌

വലിയ സ്വപ്നങ്ങളുടെയും ആഗ്രഹങ്ങളുടേയും ചുമടുമായി മരുഭൂമിയിലെത്തുന്ന പലർക്കും ഈ മണലാരണ്യത്തിൽ അന്ത്യശ്വാസം വലിക്കേണ്ടി വന്നിട്ടുണ്ട്. മരണം വന്ന് കൂട്ടിക്കൊണ്ടുപോകുംവരെ നമ്മെപോലെ ഉടുത്തൊരുങ്ങി മുടി ചീകി പടുത്തുയർത്തേണ്ട ജിവിതത്തെ കിനാവ് കണ്ട് നടന്നവനാണ് ചേതനയറ്റു കിടക്കുന്നത്. മരിച്ചവന്‍റെ അവസാനയാത്രയ്ക്ക് വഴിവെട്ടാൻ ആർക്കുണ്ട് നേരം. അവനും സ്വപ്നചിറകിലേറി ജീവിതയാത്ര നടത്തുകയാണ്. ഇവിടെയാണ് സമാനതകളില്ലാത്ത ഒരു ഹൃദയം മരിച്ചവർക്ക് വേണ്ടി മിടിക്കുന്നത്.അഷറഫ് താമരശ്ശേരിയുടെ സേവനത്തെ പ്രവാസികൾ എക്കാലവും ഓർത്തടുക്കുമെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു
അദ്ദേഹത്തിന്‍റെ സേവന -മഹിമയെ സംഗീതം ചേർത്തുവെച്ചു ആദരിക്കുകയാണ് ഇതിലുടെയെന്ന് -അവർ അറിയിച്ചു

Leave a Reply