ആരോഗ്യ പ്രവർത്തകർക്ക് അഭിവാദ്യമർപ്പിച്ച് പൂർണ്ണമായും സെൽഫി വീഡിയോയിലൂടെ ചിത്രീകരിച്ച ലഘു ചിത്രം: മൂന്നാമത്തെ വിസിൽ കാഴ്ച്ചക്കാരിലേക്ക്

0
256

അബുദാബി: വിവിധ രാജ്യങ്ങളിൽ നിന്നുള്ള കഥാപാത്രങ്ങളും അഭിനേതാക്കൾ സ്വയം ചിത്രീകരിച്ച വീഡിയോയുമായി ഒരു ലഘു ചിത്രം ‘മൂന്നാമത്തെ വിസിൽ’ എന്ന പേരിൽ ഇനി കാഴ്ചക്കാരിലേക്ക്‌. ലോക് ഡൗൺ പശ്ചാത്തലത്തിൽ വീഡിയോകോളിലൂടെ മുന്നേറുന്ന കഥ ചർച്ച ചെയ്യുന്നത് കോവിഡ് വിമുക്തിയും ഭക്ഷണ ശീലവും ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് നൽകേണ്ട പരഗണനയെ കുറിച്ചുമാണ്.

ജംഷിദ് പനമ്പാട് സംവിധാനം നിർവഹിച്ച മൂന്നാമത്തെ വിസിലിന്‍റെ കഥയും തിരക്കഥയും സംഭാഷണവും റഫീസ് മാറഞ്ചേരിയുടേതാണ്. യഥാർത്ഥ ജീവിതത്തിൽ സകുടുംബം കോവിഡ് 19 പോസിറ്റീവിനു പാത്രമാവുകയും സർക്കാരിന്റെ കരുതലും ആരോഗ്യ പ്രവർത്തകരുടെ സേവനവും മനസ്സാന്നിധ്യവും കൊണ്ട് കോവിഡ് വിമുക്തമാവുകയും ചെയ്ത കഥാപാത്രമുൾപ്പെടെ സമൂഹത്തിലെ വിവിധ മേഖലയിലുള്ള നിരവധി പേരുടെ യഥാർത്ഥ ജീവിതം കോർത്തിണക്കിയാണ് മൂന്നാമത്തെ വിസിലിന്‍റെ കഥ മുന്നേറുന്നത്.

ഷിജു ജോസഫ് പുൽപള്ളി നിർമ്മാണവും ഷാജി തയ്യിൽ നിലമ്പൂർ എഡിറ്റിങ്ങും നിർവഹിച്ച ചിത്രം കേരള പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാൻ അഡ്വ. എം. കെ സക്കീർ, ഓൾ കേരള ഫോട്ടോ ഗ്രാഫേഴ്സ് അസോസിയേഷൻ സംസ്ഥാന സമിതി അംഗം വിജയൻ അമ്പാരത്ത്, മാധ്യമ പ്രവർത്തക വനിത വിനോദ്, നജീം റഹ്‌മാൻ , ഷംസുദ്ദീൻ നെല്ലറ എന്നിർ ചേർന്നാണ് മൂന്നാമത്തെ വിസിൽ പുറത്തിറക്കിയത്.
സൗഹൃദവും തമാശയും പാചകവും ഇഴ പിരിഞ്ഞു കൊണ്ട് കോവിഡ് കാലത്തിലെ അടിസ്ഥാന വർഗ്ഗത്തിന്റെ ആകുലതയും ജീവിതവും കരുതലും അകലങ്ങളിലിരുന്നും പങ്കുവെക്കാൻ കഴിയുമെന്നും സർഗ്ഗ വാസനകൾ പ്രകടിപ്പിക്കാൻ കോവിഡും മറ്റു നിയന്ത്രണവും തടസ്സമല്ലെന്നും പറഞ്ഞു വെക്കുകയാണ് ഈ കുറച്ചു മിനിറ്റുകളിലൂടെ ഒരുപറ്റം യുവാക്കൾ. വളരെ ലളിതമായ രീതിയിലുള്ള കഥ മുന്നോട്ട് വെക്കുന്നത് ഭക്ഷണ കാര്യത്തിൽ പോലും ബഹുഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങളുടെ ശക്തമായ വികാരത്തെയും അവരനുഭവിക്കുന്ന വിവേചനത്തെയുമാണ്.

സമീർ കല്ലറ, ഫാറൂഖ് കിഴക്കയിൽ, മേഘ,ഫൈസൽ അയിരൂർ, ലത്തീഫ് കൊട്ടിലുങ്ങൽ, അഫീസ് കുന്നംപുള്ളി, സമീർ കല്ലറ, സുമേഷ് കൈപ്പട, അഷറഫ് ചുള്ളിയിൽ , മേഘ, മഞ്ജു തുടങ്ങിയ അഞ്ചു രാജ്യങ്ങളിൽ നിന്നായി ഇരുപത്തഞ്ചോളം പുതുമുഖങ്ങൾ അണിനിരക്കുന്ന ചിത്രം ഓറഞ്ച് മീഡിയയിലൂടെ പ്രേക്ഷകരിലേക്കെത്തും.

Leave a Reply