കുറഞ്ഞ വേതനക്കാർക്കു സൗജന്യ യാത്രയൊരുക്കാൻ യു.എ.ഇ കെ.എം.സി.സി

0
254

ഫുജൈറ: യു.എ.ഇ കെ.എം.സി.സിയുടെ കോവിഡ് കാലത്തെ സേവന വീഥിയിലെ നാഴികക്കല്ലാവുന്ന ഉദ്യമവുമായി നാഷണൽ കമ്മിറ്റി. പുതിയ ദൗത്യത്തിന്‍റെ പ്രഖ്യാപനം നാഷണൽ കമ്മിറ്റി പ്രസിഡന്‍റ് പുത്തൂർ റഹ്മാൻ നടത്തി. യു.എ‌.യിൽ നിന്നും നാടണയാൻ കാത്തിരിക്കുന്നവരിൽ ഏറ്റവും അർഹരായവർക്കു തീർത്തും സൗജന്യയാത്രക്കുള്ള അവസരമൊരുക്കുന്നതാണു പുതിയ പദ്ധതി. ഇതിനായി ഏർപ്പെടുത്തിയ ചാർട്ടഡ് വിമാനം ജൂൺ 30-ന് റാസൽഖൈമയിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടും.

യു.എ.ഇയിൽ കോവിഡ് പ്രതിസന്ധിയിൽ തൊഴിൽ നഷ്ടപ്പെട്ടവരിൽ ഏറ്റവും കുറഞ്ഞ വേതനക്കാർക്കായാണു പ്രത്യേക വിമാനത്തിൽ സൗജന്യയാത്രക്കു സൗകര്യം നൽകുന്നത്. ആയിരം ദിർഹമിലും താഴെയുള്ള വേതനത്തിൽ ജോലി ചെയ്തിരുന്നവരോ ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെട്ടവരോ ആയവർക്ക് ഈ വിമാനത്തിൽ സീറ്റുകൾക്ക് അപേക്ഷിക്കാം. ജോലി തേടി വന്ന മുപ്പതു വയസ്സിന് താഴെ പ്രായമുള്ളവർക്കും ഗാർഹികവിസയിൽ വന്ന് ജോലി നഷ്ടപ്പെട്ടവർക്കുമായിരിക്കും ബാക്കി സീറ്റുകൾ. ഇരുനൂറോളം സീറ്റുകളുള്ള വിമാനമാണ് യാത്രക്ക് തയ്യാറെടുക്കുന്നത്.

യു.എ.ഇ കെ.എം.സി.സി ഒരുക്കുന്ന ഈ വിമാനത്തിൽ സൗജന്യ യാത്ര താല്പര്യപ്പെടുന്നവരും അർഹരായവരെ അറിയുന്നവരും അവരവരുടെ എമിറേറ്റുകളിലെ കെ.എം.സി.സി നേതൃത്വവുമായി ബന്ധപ്പെടണം. യു.എ.ഇ കെ.എം.സി.സിയുടെ കീഴിലെ ഏഴു എമിറേറ്റുകളിലെ കമ്മിറ്റികളെയും അൽ ഐൻ കമ്മിറ്റിയെയുമാണ് സൗജന്യ യാത്ര അർഹിക്കുന്നവരുടെ രേഖകൾ പരിശോധിച്ച് അക്കാര്യം ഉറപ്പുവരുത്താനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. കീഴ്കമ്മിറ്റികൾ നൽകുന്ന ക്രമത്തിൽ സീറ്റുകൾ അർഹരായവർക്ക് അനുവദിക്കും. പ്രവാസികളിലെ ഏറ്റവും അർഹരായവർക്കു വേണ്ടി ഒരുക്കുന്ന ഈ സേവനം യഥാർത്ഥ അവകാശികൾക്കു തന്നെ ലഭ്യമാക്കാനാണു യു.എ.ഇ കെ.എം.സി.സി നിർദ്ദിഷ്ട മാനദണ്ഡങ്ങൾ വച്ചതെന്നും പുത്തൂർ റഹ്മാൻ വ്യക്തമാക്കി. സൗജന്യ വിമാന യാത്ര ആഗ്രഹിക്കുന്നവരും അർഹിക്കുന്നവരും അവരുമായി ബന്ധപ്പെട്ടവരും എത്രയും വേഗം വിവിധ എമിറേറ്റുകളിലെ കെ.എം.സി.സി നേതൃത്വവുമായി ബന്ധപ്പെട്ട് രേഖകൾ കൈമാറണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

Leave a Reply