അല്‍ ഖൂസിലെ ബസ് ഡിപ്പോയുടെ നിർമ്മാണം പൂർത്തിയായെന്ന്, ആർ ടി എ ചെയർമാന് മാത്തർ അല്‍ തായർ. പൊതുഗതാഗതത്തില്‍ നിർണായക പങ്ക് വഹിക്കുന്ന , ബസുകളുടെ ദിവസേനയുളള സുഗമസഞ്ചാരത്തിന് ഏറെ സൗകര്യപ്രദമാകുന്ന രീതിയിലാണ് ഡിപ്പോയുടെ നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്. ജബല്‍ അലി, അല്‍ ഖവനീജ്, അല്‍ റുവ്വയ്യ, അല്‍ അവീർ, അല്‍ ഖിസൈസ്, എന്നീ ബസ് ഡിപ്പോകളെ ബന്ധിപ്പിച്ചായിരിക്കും, അല്‍ഖൂസിലെ ഡിപ്പോയും 24 മണിക്കൂറും പ്രവർത്തിക്കുക. ഡിപ്പോയിലെത്തിയ ആർ ടി എ ചെയർമാന് മാത്തർ അല്‍ തായർ, ജീവനക്കാർ, എഞ്ചിനീയർമാർ, സാങ്കേതിക വിദഗ്ധർ, ഡ്രൈവർമാർ എന്നിവരുമായി ആശയവിനിമയം നടത്തി. 368 ജീവനക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന, 102 മുറികളുളള, റെസിഡന്‍ഷ്യല്‍ ഏരിയയും, 120 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഫുഡ് കോർട്ടും, ക്ലിനിക്കും, ജിമ്മും ഉള്‍പ്പടെ എല്ലാ സൗകര്യങ്ങളോടും കൂടിയാണ് ഡിപ്പോ നിർമ്മിച്ചിരിക്കുന്നത്.

273 ബസുകള്‍ക്ക് പാർക്ക് ചെയ്യാന്‍ സൗകര്യമുളള ഡിപ്പോയില്‍, സാങ്കേതിക ജീവനക്കാരുടെയും മറ്റ് ജീവനക്കാരുടെയും ഓഫീസുകളും പ്രവർത്തിക്കുന്നു. പൊതുഗതാഗത സംവിധാനങ്ങള്‍ കൂടുതലായി ആളുകള്‍ ഉപയോഗിക്കണമെന്നുളളതാണ്, പ്രാഥമിക ലക്ഷ്യം. നവീന രീതിയില്‍, ഡിപ്പോകള്‍ സജ്ജമാകുമ്പോള്‍, അത് കൂടുതല്‍ ആളുകളെ ആകർഷിക്കും. പൊതുഗതാഗതം കുടുതല്‍ പേരിലേക്ക് എത്തുകയും ചെയ്യുമെന്നും സുരക്ഷയ്ക്ക് മുന്‍തൂക്കം നല്‍കിയാണ്, സജ്ജീകരണമെന്നും ചെയമാന് മാത്തർ അല്‍ തായർ പറഞ്ഞു.
