പണ്ഡിത ശ്രേഷ്ടൻ്റെ പളളിയിലേക്കുള്ള യാത്ര അന്ത്യയാത്രയായി മനസ്സു തൊടുന്ന കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

ചില സമയങ്ങൾ മനസ്സിനെ പിടിച്ചു നിറുത്താൻ കഴിയാതെ വരും നമുക്ക്. താങ്ങാനാവാത്ത വേദന കൊണ്ട് പിടയും മനസ്സ് ആ സമയം.
ഇത്തരത്തിലുള്ള ഒരു സമയമായിരുന്നു ഇന്നലെ ഞാൻ നേരിട്ടനുഭവിച്ചത്.
ഞാൻ മാത്രമല്ല എന്നെപ്പോലെ പലരും…

അൽമാസ് ഹോസ്പിറ്റലിലെ മോർച്ചറിയിൽ കിടത്തിയ എൻ്റെ മാർഗ്ഗദർശി, ആയിരങ്ങളുടെ ആത്മീയ ഗുരു
പൂക്കിപ്പറമ്പ് ആലിമുസ്ലിയാരുടെ ചലനമറ്റ മുഖത്തേക്ക് നോക്കിനിന്ന ആ സമയം…
മറക്കില്ല ആ നിമിഷം,
വിട്ടുപോവില്ല മനസ്സിൽ നിന്ന് ശോകമൂകമായ ആ അന്തരീക്ഷം,
വിടപറയില്ല ആ വേദന…

തെന്നല പഞ്ചായത്തിലേയും, പരിസര പ്രദേശങ്ങളിലേയും ആബാലവൃദ്ധം ജനങ്ങൾ വിറങ്ങലിച്ചു നിന്ന ഒരു സായംസന്ധ്യയായിരുന്നു ഇന്നലത്തേത്.
ആറു പതിറ്റാണ്ടുകാലം നമ്മുടെ കണ്ണും കരളുമായിരുന്ന ആലി മുസ്ലിയാർ, ആത്മീയ മേഖലയിലെ വെള്ളിനക്ഷത്രം,
പാണ്ഡിത്യത്തിൻ്റെ നിറകുടം,
ലാളിത്യത്തിൻ്റെ ആൾരൂപം
എല്ലാമെല്ലാമായിരുന്നു ആലി മുസ്ലിയാർ.

എന്നും എൻ്റെ മാർഗ്ഗദർശിയായിരുന്നു ആ പണ്ഡിതൻ.
പറഞ്ഞറിയിക്കാനാവാത്ത ആത്മബന്ധം ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നു. എൻ്റെ പിതൃസഹോദരൻ മർഹൂം സി.കെ അബ്ദു മുസ്ലിയാരുടെ പ്രധാന ശിഷ്യൻ എന്ന നിലക്കും എൻ്റെ ജ്യേഷ്ടസഹോദരൻ്റെ സഹപാഠി എന്ന നിലക്കും ഞങ്ങൾക്കിടയിലെ ബന്ധത്തിന് വലിയ ദൃഢത യൂണ്ടായിരുന്നു.

പൂക്കിപ്പറമ്പിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച ആലിമുസ്ലിയാർ ആത്മീയ മണ്ഡലത്തിലെ നിറസാന്നിധ്യമായി മാറുകയായിരുന്നു.
1983ൽ പട്ടിക്കാട് ജാമിഅ: നൂരിയ്യ അറബിക് കോളേജിൽ നിന്നും വാളക്കുളം ഹംസ ഫൈസിയുടെ കൂടെ ഫൈസി ബിരുദം കരസ്ഥമാക്കിയ ആ പണ്ഡിതൻ കുറഞ്ഞകാലം
കൊണ്ടോട്ടി
കരിപ്പൂരിനടുത്ത ഐന്തൂർ, പത്തായക്കല്ല്, നുസ്റത്തുൽഇസ്ലാം അറബിക്കോളേജ് ഒളവട്ടൂർ എന്നിവിടങ്ങളിൽ
മുദരിസായി സേവനം ചെയ്ത സമയമൊഴിച്ചാൽ ബാക്കിയുള്ള കാലമെല്ലാം തൻ്റെ ആത്മീയപ്രഭ വിതറിയത് പൂക്കിപ്പറമ്പിലും പരിസര പ്രദേശങ്ങളിലുമായിരുന്നു.

പൂക്കിപ്പറമ്പിലെ ടൗൺ ജുമാ മസ്ജിദിൻ്റെ മുന്നിലെ സ്വഫ്ഫിൽ എല്ലാ ജമാഅത്തിനും സാന്നിധ്യമറിയിച്ചിരുന്ന ആ പണ്ഡിതൻ്റെ ജീവിതയാത്രയിൽ ഭക്ഷണത്തിനും വിശ്രമത്തിനുമായി ചിലവഴിച്ചിരുന്ന സമയമൊഴികെ ബാക്കിയെല്ലാം ചിലവഴിച്ചത് അള്ളാഹുവിൻ്റെ ഭവനത്തിൽ തന്നെയാണ്.
അതുകൊണ്ടു തന്നെയായേക്കാം മഗ് രിബ് ജമാഅത്തിനായി പള്ളിയിലേക്കുള്ള യാത്രയിൽ തന്നെയാണ് നാഥൻ തിരിച്ചുവിളിച്ചതും.
അതും പവിത്രമായ രക്തസാക്ഷിയുടെ പദവി ലഭിക്കുന്ന അതേ രൂപത്തിലുള്ള മരണം നൽകിക്കൊണ്ട്…

ഒരുതരത്തിലുള്ള ഭൗതിക താൽപര്യത്തിലും ശ്രദ്ധിക്കാതെ കറകളഞ്ഞ ഇസ്ലാമിക ചിട്ടയിൽ ജീവിക്കാൻ ഭാഗ്യം സിദ്ദിച്ച അപൂർവ്വം ആളുകളിൽ ഒരാളാണ് ആലിമുസ്ലിയാർ.
തൻ്റെ ജീവിതം മുഴുവൻ മാറ്റിവെച്ചത് ഇബാദത്തുകൾക്ക് വേണ്ടി മാത്രമായിരുന്നു. പല തരത്തിലുള്ള ഫിത് ന കൊണ്ട് പ്രശ്നകലുഷിതമായ അന്തരീക്ഷത്തിൽപ്പോലും ആലിമുസ്ലിയാർ അവയിൽ നിന്നെല്ലാം വിട്ടുനിന്നു. തനിക്കു ലഭിക്കുന്ന സമ്പത്തിൽ നിന്നും ആരുമറിയാതെ പാവങ്ങൾക്ക് കയ്യഴിഞ്ഞ് സഹായിക്കാനും ആ മനസ്സ് തയ്യാറായി.
പല കല്യാണ വീടുകളിലും സുബഹിക്കു ശേഷം ആദ്യമായി കടന്നു വരുന്ന അതിഥിയായി മാറി ആലി മുസ്ലിയാർ.
പാവപ്പെട്ട വീട്ടുകാർക്ക് ആദ്യമായി കിട്ടുന്ന കൈനീട്ടം ആ തിരു കരങ്ങളിൽ നിന്നായിരുന്നു.
അശരണരുടെ അത്താണിയായിരുന്നു എന്നും ആലി മുസ്ലിയാരുടെ വീട്.

ഓരോ വഖ്തിനും ബാങ്കൊലി മുഴങ്ങുന്നതിന് മുമ്പ് പൂക്കിപ്പറമ്പ് അങ്ങാടിയിലൂടെ കുടയും ചൂടി പള്ളിയിലേക്ക് നടന്നു പോകുന്ന ആലിമുസ്ലിയാരെ ഇനി നമ്മൾ കാണില്ല
ടൗൺ പള്ളിയിലെ മുൻ സ്വഫ്ഫിൽ തൂവെള്ള വസ്ത്രവും പാണ്ഡിത്യത്തിൻ്റെ പ്രതാപം വിളിച്ചോതുന്ന തലപ്പാവുമണിഞ്ഞ് നിസ്ക്കരിക്കുന്ന ആലിമുസ്ലിയാർ ഇനി ഓർമ്മകളിൽ മാത്രം…
മാതൃകയാക്കാം നമുക്ക് ആ ധന്യ ജീവിതം.

അള്ളാഹു മഹാനായ ആ പണ്ഡിതനേയും നമ്മേയും അവൻ്റെ സ്വർഗ്ഗപ്പൂങ്കാവനത്തിൽ ഒരുമിച്ചുകൂട്ടിത്തരട്ടേ… ആമീൻ

Leave a Reply