ഇന്ത്യയില്‍ കോവിഡ് വ്യാപന തോതില്‍ മൂന്നാമതുള്ള ഡല്‍ഹിയിലെ ആരോഗ്യ മേഖലയിലെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി കൂടുതല്‍ റിപ്പോര്‍ട്ടുകള്‍. ഡല്‍ഹിയിലെ അഞ്ച് പ്രധാന ആശുപത്രികളിലുമായി മൂന്ന് വെന്റിലേറ്റര്‍ കിടക്കകള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. തീവ്രപരിചരണ വിഭാഗത്തിലും സമാന സാഹചര്യമാണുള്ളതെന്നും ദേശീയ മാധ്യമമായ എന്‍.ഡി.ടി.വി പുറത്തുവിട്ടു. എന്നാല്‍ ഒരോ ആശുപത്രിയും ദിനേന പതിനായിരം മുതല്‍ മുപ്പതിനായിരം രൂപ വരെയാണ് കോവിഡ് രോഗികളില്‍ നിന്നും ഈടാക്കുന്നത്. ആശുപത്രികളില്‍ ഇനി മുപ്പത് ശതമാനം കിടക്കകള്‍ മാത്രമാണ് ഒഴിഞ്ഞുകിടക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി ചികിത്സ ചെലവ്, കിടക്കകളുടെ എണ്ണം എന്നിവ പരസ്യപ്പെടുത്തുന്ന പ്രദര്‍ശന ബോര്‍ഡുകള്‍ ആശുപത്രിയില്‍ സ്ഥാപിക്കണമെന്ന് ഡല്‍ഹി സര്‍ക്കാര്‍ ജൂണ്‍ ഒമ്പതിന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്‍.ഡി.ടി.വി അധികൃതര്‍ സന്ദര്‍ശിച്ച അഞ്ച് ആശുപത്രികളില്‍ നാല് ആശുപത്രികള്‍ മാത്രമാണ് സര്‍ക്കാര്‍ നിര്‍ദേശം പാലിച്ചുകൊണ്ടുള്ള ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുള്ളത്.
കോവിഡ് രോഗ വ്യാപന തോത് തീവ്രമായികൊണ്ടിരിക്കെ സ്വകാര്യ ആശുപത്രികളില്‍ വന്‍ ചിലവ് ഈടാക്കുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. നീതി അയോഗ് അംഗം ഡോ.വി.കെ പോളിന്റെ നേതൃത്വത്തിലുള്ള സമിതിയെ ചികിത്സ സംബന്ധമായ ചിലവുകള്‍ ഏകീകരിക്കുന്നതിനായി ഡല്‍ഹി സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്.