കൊറോണ മുക്ത രാജ്യമായി പ്രഖ്യാപിച്ച ന്യൂസിലണ്ടില്‍ രണ്ട് പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഈയിടെ ബ്രിട്ടനിലേക്ക് യാത്ര ചെയതവരാണ് ഇരുവരും. 24 ദിവസങ്ങള്‍ക്ക് ശേഷമാണ് ന്യൂസിലണ്ടില്‍ വീണ്ടും കോവിഡ് സ്ഥിരീകരിക്കുന്നത്. ന്യസിലണ്ടിനെ കോവിഡ് മുക്ത രാജ്യമായി പ്രധാന മന്ത്രി ജസീന്ത ആന്ഡേഴ്സന് പ്രഖ്യാപിച്ചത് ഏറെ ലോക ശ്രദ്ധയാകര്‍ഷിച്ചിരുന്നു. അതിര്‍ത്തി നിയന്ത്രണങ്ങള്‍ക്ക് പുറമെയുള്ള മറ്റു നിയന്ത്രണങ്ങളെല്ലാം തന്നെ കഴിഞ്ഞ ആഴ്ച്ച ഒഴിവാക്കിയിരുന്നു. ഈയൊരു ഘട്ടത്തിലാണ് വീണ്ടും കോവിഡ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
വെലിങ്ടണിലെ രോഗ ബാധിതരായ മാതാപിതാക്കളെ സന്ദര്‍ശിച്ച മുപ്പതും നാല്‍പ്പതും വയസ്സ് പ്രായമുള്ള രണ്ട് വനിതകള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ഹെല്‍ത്ത് ഡയറക്ടര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതോടെ ന്യൂസിലണ്ടിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1506 ആയി ഉയര്‍ന്നു. 22 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ച് ജീവന് നഷ്ടമായത്.
വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര് നാട്ടിലേക്ക് മടങ്ങിവന്നു കൊണ്ടിരിക്കുന്നതിനാല്‍ പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു.