റിയാദിലെ നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ ഓൺലൈൻ (സൂം ആപ്പ്) ലൂടെ ഈദ് കുടുംബ സംഗമം സംഘടിപ്പിച്ചു

നല്ല ദിനങ്ങൾ വരുമെന്ന വിശ്വാസവും അതിനായുളള തയ്യാറെടുപ്പും പ്രവാസികൾ ഉറപ്പ് വരുത്തുക : ഡോ: അബ്ദുൽ സലാം ഒമർ

നിയന്ത്രണങ്ങളുടെ വീർപ്പ് മുട്ടലിനിടയിൽ ആഘോഷങ്ങളെല്ലാം ആശംസകളിൽ ഒതുക്കിയവരുടെ സ്വീകരണ മുറിയിലേക്ക് സംഗീതത്തിന്റെ കുളിർമഴ. ഒപ്പം, കോവിഡ് ഭീതിയും സാമ്പത്തിക തകർച്ചയും കാരണം മനസ്സ് തളർന്നവർക്ക് മനോബലം ഏകിക്കൊണ്ട് പ്രഗത്ഭരുടെ ആശ്വാസ വാക്കുകളും ജീവിത ശൈലീ മാറ്റത്തിനുതകുന്ന ക്ലാസ്സുകളും.

റിയാദിലെ നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ ഓൺലൈൻ (സൂം ആപ്പ്) ലൂടെ സംഘടിപ്പിച്ച ഈദ് കുടുംബ സംഗമം പങ്കെടുത്തവർക്ക് പുതിയ അനുഭവമായി. പെരുന്നാൾ പിറ്റേന്ന് 2020 മേയ് 25 തിങ്കളാഴ്ച നടന്ന സംഗമം സൗദിയിലും നാട്ടിലുമുള്ള അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും വലിയ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

പ്രശസ്ത ഗായികയും ജീവകാരുണ്യ പ്രവർത്തകയുമായ കനിവിന്റെ വാനമ്പാടി പ്രിയ അച്ചു കുടുംബസംഗമം ഉദ്ഘാടനം ചെയ്ത് പ്രേക്ഷകരുടെ ഇഷ്ടഗാനങ്ങൾ ആലപിച്ചു.
പ്രമുഖ മോട്ടിവേഷണൽ സ്പീക്കർ ഡോ. അബ്ദുൽ സലാം ഒമർ കോവിഡ് 19 പ്രതിരോധത്തിലും അതിജീവനത്തിലും മാനസികാരോഗ്യത്തിനുള്ള പങ്കിനെക്കുറിച്ച് ക്ലാസ്സെടുക്കുകയും അംഗങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.

നല്ല ദിനങ്ങൾ വരുമെന്ന വിശ്വാസം നിലനിർത്തുകയും അതിനായുളള തയ്യാറെടുപ്പുകൾ നടത്തുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുകയുമാണ് പ്രവാസികൾ ഇപ്പോൾ ചെയ്യേണ്ടത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്വപ്നം കണ്ട ജീവിതവും യാഥാർത്ഥ്യവും തമ്മിലുള്ള വൈജാത്യവും അതംഗീകരിച്ച് കൊണ്ട് മുന്നോട്ട് പോകാനുള്ള വിമുഖതയുമാണ് ജീവിതത്തിൽ പ്രതിസന്ധികൾ സൃഷ്ടിക്കുന്നത്. അത് കൊണ്ട് തന്നെ പ്രവാസികളെ ആശങ്കപ്പെടുത്തുന്നത് കോവിഡ് 19 അസുഖത്തെക്കാൾ അതുണ്ടാക്കുന്ന സാമ്പത്തികപരമായ പിരിമുറുക്കങ്ങൾ ആണെന്ന് അദ്ദേഹം സമർത്ഥിച്ചു.
കോവിഡ് 19 രോഗത്തെ അതിജീവിച്ച എഴുത്തുകാരൻ കമർ ബക്കർ (ദുബായ്) പ്രത്യേക അതിഥി ആയിരുന്നു. കോവിഡ് വൈറസ് വരാത്തവർ,
തനിക്കിതെന്നെങ്കിലും വരുമെന്ന് കരുതണം,
വരുന്നവർ ഓരോരുത്തരും ധൈര്യപ്പെട്ടിരിക്കണം
തനിക്കൊന്നും വരില്ലെന്ന് എന്ന കോവിഡ്മന്ത്രം അദ്ധേഹം പങ്ക് വെച്ചു.

ഫോർക്ക ചെയർമാൻ സത്താർ കായംകുളം, ലോക കേരള സഭാംഗം ഇബ്രാഹിം സുബ്ഹാൻ, മാധ്യമ പ്രതിനിധികളായ ജയൻ കൊടുങ്ങലൂർ (സത്യം ഓൺലൈൻ), ഷിബു ഉസ്മാൻ (ഡിജിറ്റൽ മലയാളി), എഴുത്തുകാരൻ പ്രഭാകരൻ കൊട്ടാരപ്പാട്ട് (ദോഹ), ഗഫൂർ കൊയിലാണ്ടി (മലബാർ ഡെവലപ്പ്മെന്റ് ഫോറം), സത്താർ ഓച്ചിറ, തഴവ നൗഷാദ് (ദമ്മാം), ഷാജഹാൻ മൈനാഗപ്പള്ളി (നന്മ ഹ്യൂമാനിറ്റി കൺവീനർ), സഫീർ കരുനാഗപ്പള്ളി, ജാനിസ് ഷംസ്, സിനു അഹമ്മദ്, നൗഫൽ നൂറുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.

പ്രസിഡന്റ് മൻസൂർ കല്ലൂർ അധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി അബ്ദുൽ ബഷീർ സ്വാഗതവും ട്രഷറർ അഖിനാസ് എം. കരുനാഗപ്പള്ളി നന്ദിയും പറഞ്ഞു.

Leave a Reply