നാലാം ഘട്ട ലോക്ഡൗണ്‍ മെയ് മുപ്പത്തിയൊന്നിന് അവസാനിക്കാനിരിക്കെ പുതിയ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കോവിഡ് വ്യാപനം തടയാനായി മാര്‍ച്ച് ഇരുപത്തിയൊന്ന് മുതലാണ് സമ്പൂര്‍ണ അടച്ചിടല്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. രോഗ ബാധിതരുടെ നിരക്ക് ക്രമാതീതമായി വര്‍ധിച്ചതിനാല്‍ ലോക്ഡൗണ്‍ മൂന്ന് തവണ നീട്ടുകയായിരുന്നു. സാമ്പത്തിക മേഖലയെ ലോക്ഡൗണ്‍ സാരമായി ബാധിക്കുന്നുവെന്ന് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് ചില ഇളവുകള്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ആഭ്യന്തര വിമാന സര്‍വീസുകള്‍, ട്രെയിന്‍ സര്‍വീസുകള്‍ തുടങ്ങിയവ ഈയിടെ ഭാഗികമായി പുനരാരംഭിക്കുകയും ചെയ്തു.
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ദിനേന വര്‍ധിക്കുന്നതിനാല്‍ ജൂണ്‍ ഒന്ന് മുതല്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചര്‍ച്ചകള്‍ ആരംഭിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍്ട്ട് ചെയ്തു. നിലവില്‍ ആറായിരത്തിലധികം പേര്‍ക്കാണ് ദിനേന രാജ്യത്ത് കോവിഡ് സ്ഥിരീകരിക്കുന്നത്. ഇരുപത്തിരണ്ട് ലക്ഷത്തിലധികം പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരീക്ഷണത്തില്‍ കഴിയുന്നത്. പന്ത്രണ്ട് ദിവസത്തിനിടെ രോഗ ബാധിതരുടെ എണ്ണവും ക്വാറന്റൈനില്‍ കഴിയുന്നവരുടെ നിരക്കും ഇരട്ടിയായി വര്‍ധിച്ചതും ആശങ്കയുണര്‍ത്തുന്നുണ്ട്.
സംസ്ഥാന വിഷയങ്ങളില്‍ ഇടപെടാന്‍ കേന്ദ്ര സര്‍ക്കാരിന് കുടുതല്‍ അവസരം നല്കുന്ന ദേശീയ ദുരന്ത നിയന്ത്രണ നിയമ പ്രകാരമായിരുന്നു കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. ജൂണ്‍ ഒന്നിന് ശേഷവും ഈ നിയമം പ്രാബല്യത്തില്‍ ഉണ്ടാവുമോ എന്നതിനെ സംബന്ധിച്ചുള്ള ചര്‍ച്ചകളും നടക്കുകയാണ്. കോണ്‍ഗ്രസ് അടക്കമുള്ള വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.