കൊലയാളികള്‍ക്ക് പൊറുത്തുകൊടുക്കാന്‍ ഒരാള്‍ക്കും അവകാശമില്ല: കഷോഗി വധം പുതിയ വഴിതിരിവിലേക്ക്‌

0
406

സൗദി മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ കഷോഗിയുടെ കൊലപാതകം കുടുംബ പ്രശ്‌നമായി ഒതുക്കിത്തീര്‍ക്കാനുള്ള നീക്കത്തിനെതിരെ ആക്ടിവിസ്റ്റുകള്‍. കുടുംബ പ്രശ്‌നമെന്നതിലുപരി കഷോഗി കൊലപാതകം രാഷ്ട്രീയ വിഷയമാണെന്നും ചൂണ്ടിക്കാട്ടി നിരവധി ആക്ടിവിസ്റ്റുകള്‍ രംഗത്തെത്തി. സൗദി ഭരണകൂടത്തിലെ ഉന്നതര്‍ക്ക് കൊലപാതകവുമായി ബന്ധമുണ്ടെന്ന ആരോപണം ശക്തമാവുന്നതിനിടെ കഷോഗിയുടെ മകന്‍ സലാഹ് കൊലപാതകത്തില്‍ ഉത്തരവാദിയായവര്‍ക്ക് മാപ്പ് നല്‍കുന്നതായി വെള്ളിയാഴ്ച്ച ട്വീറ്റ് ചെയ്തിരുന്നു. ദൈവത്തില്‍ നിന്നുള്ള പ്രതിഫലം ആഗ്രഹിച്ചുകൊണ്ടാണ് മാപ്പ് നല്‍കുന്നതെന്നും മകന്‍ ട്വീറ്റില്‍ പറയുന്നുണ്ട്.

എന്നാല്‍ ഇത്തരമൊരു നീക്കത്തെ കഷോഗിയുടെ പ്രതിശ്രുത വധു ശക്തമായ ഭാഷയില്‍ അപലപിച്ചു. കൊലപാതകികളെ വെറുതെ വിടാനുള്ള അവകാശം ഒരാള്‍ക്കും ഇല്ലെന്നും നീതി പുലരുന്നത് വരെ മുന്നോട്ട് പോവുമെന്നും അവര്‍ പറഞ്ഞു. കഷോഗിയുടെ കൊലപാതകം കുടുംബ പ്രശ്‌നം മാത്രമല്ലെന്ന് ബ്രിട്ടന്‍ ആസ്ഥനമാക്കി പ്രവര്‍ത്തിക്കുന്ന സൗദി മനുഷ്യവകാശ സംഘടനയുടെ തലവന്‍ യഹ്‌യ അസ്സീരിയും കൂട്ടിച്ചേര്‍ത്തു. കൊലപാതകവുമായി ബന്ധപ്പെട്ട സൗദിയുടെ നിയമ നടപടികളില്‍ വിശ്വാസമില്ലെന്ന് ചൂണ്ടിക്കാട്ടി ഇരുപത്തിനാലോളം സൗദി ആക്ടിവിസ്റ്റുകള്‍ ഒപ്പിട്ട പ്രസ്താവനയും അദ്ദേഹം പുറത്തുവിട്ടു. അറബ് ലോകത്തെ അറിയപ്പെട്ട മാധ്യമ പ്രവര്‍ത്തകനായിരുന്ന കഷോഗിയെ ഇസ്താംബുളിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ച് കൊലപ്പെടുത്തുകയായിരുന്നു. 2018 ഒക്‌ടോബറിലായിരുന്നു സംഭവം.

Leave a Reply